Friday, February 14, 2014

ഉമ്മന്‍ചാണ്ടിയെ നേരിടാന്‍ ആദര്‍ശം മറന്ന് സുധീരന്‍

പ്രതിഷേധം മറച്ചുവയ്ക്കാത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരിടാന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പ്രഖ്യാപിത ആദര്‍ശങ്ങള്‍ സ്വയം വിഴുങ്ങുന്നു. സുധീരനെ പ്രസിഡന്റാക്കിയ ഹൈക്കമാന്‍ഡ് രീതിയില്‍ ഉമ്മന്‍ചാണ്ടിക്ക് കടുത്ത അമര്‍ഷമുണ്ട്. അത് പ്രകടിപ്പിക്കാനാണ് സുധീരന്റെ സ്ഥാനാരോഹണച്ചടങ്ങും സ്വീകരണപരിപാടിയും ബഹിഷ്കരിച്ചത്. സംസ്ഥാനത്തെ രണ്ടു പ്രബലഗ്രൂപ്പുകള്‍ എതിര്‍ത്തിട്ടും സുധീരനെ പ്രസിഡന്റാക്കിയത് ടിവി വാര്‍ത്തയിലൂടെ അറിയേണ്ടിവന്നുവെന്നത് അപമാനകരമായി എന്നാണ് ഉമ്മന്‍ചാണ്ടി കേന്ദ്രമന്ത്രി എ കെ ആന്റണിയെ അറിയിച്ചത്. തന്റെ അതൃപ്തി പാര്‍ടി ഹൈക്കമാന്‍ഡിനെയും ധരിപ്പിക്കാനുള്ള വാശിയിലാണ് അദ്ദേഹം.

ഉമ്മന്‍ചാണ്ടിയുടെ എതിര്‍പ്പ് മറികടക്കാന്‍ കൗശലപൂര്‍വമായ ചുവടുവയ്പുകളിലാണ് സുധീരന്‍. ഇതിന്റെ ഭാഗമാണ് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമായി ഊഷ്മള സൗഹൃദം അരക്കിട്ടുറപ്പിക്കുന്നത്. സുധീരന്റെ സ്ഥാനാരോഹണത്തിന് ഉമ്മന്‍ചാണ്ടി ഇരിക്കേണ്ട ഇന്ദിരഭവനിലെ കസേര നല്‍കിയത് കുഞ്ഞാലിക്കുട്ടിക്കാണ്. ഉമ്മന്‍ചാണ്ടി വരില്ലെന്ന് ഉറപ്പുണ്ടായിരുന്ന സുധീരന്‍ കുഞ്ഞാലിക്കുട്ടിയെ ക്ഷണിക്കുകയായിരുന്നു. ഇതുവരെ ഒരു കെപിസിസി പ്രസിഡന്റിന്റെയും അധികാരമേറ്റെടുക്കല്‍ ചടങ്ങ് ലീഗ് നേതാവിന്റെ കാര്‍മികത്വത്തില്‍ നടന്നിട്ടില്ല. ഘടകകക്ഷികളെ എതിരാക്കി കെപിസിസി കസേരയില്‍നിന്ന് താഴത്തിറക്കാനുള്ള നീക്കം കോണ്‍ഗ്രസില്‍ ഉണ്ടായേക്കാമെന്ന് മുന്‍കൂട്ടി കണ്ട് അതിനെ തടയാനാണ് സുധീരന്‍ കുഞ്ഞാലിക്കുട്ടിയുമായി ബന്ധം സ്ഥാപിച്ചിരിക്കുന്നത്. കരിമണല്‍ വിഷയത്തിലടക്കം ചാനലുകളില്‍ കുഞ്ഞാലിക്കുട്ടിക്കു നേരെ പുലിയെപ്പോലെ ചീറിയ ആള്‍ പുതിയ കസേര കാക്കാന്‍ പൂച്ചയായി. ഇതേത്തുടര്‍ന്ന് സുധീരനെ സ്തുതിച്ച് കുഞ്ഞാലിക്കുട്ടി ചാനലുകളില്‍ വ്യാഴാഴ്ചയും പ്രത്യക്ഷപ്പെട്ടു. അങ്ങനെ പഴയശത്രുക്കള്‍ "ബഡാ ദോസ്തു"ക്കളായത് രാഷ്ട്രീയകേരളത്തിലെ സവിശേഷ വര്‍ത്തമാനമായി.

യുഡിഎഫിലെ ലോക്സഭാ സീറ്റുചര്‍ച്ച സുധീരന്‍ പ്രസിഡന്റായതിനെത്തുടര്‍ന്ന് നിലച്ചു. സോണിയയുടെ സംസ്ഥാന സന്ദര്‍ശനത്തിനുശേഷം ഉഭയകക്ഷി ചര്‍ച്ച തുടങ്ങും. കോണ്‍ഗ്രസ് സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് വിട്ടുകൊടുത്തും അവരെ കൂടെനിര്‍ത്താനുള്ള തന്ത്രത്തിലാണ് സുധീരന്‍. വടകരയില്‍ മത്സരിക്കാനുള്ള താല്‍പ്പര്യം വീരേന്ദ്രകുമാര്‍ നേരില്‍ അറിയിച്ചപ്പോള്‍ പ്രതികൂല പ്രതികരണം ഉണ്ടായില്ല. മാതൃഭൂമി പത്രത്തെ കൂടെനിര്‍ത്തുന്നതിനുള്ള പാരിതോഷികമായി സീറ്റ് വീരേന്ദ്രകുമാറിന് വിട്ടുകൊടുക്കാന്‍ സുധീരന്‍ സമ്മതിച്ചേക്കും. ഇടുക്കിയില്‍ സിറ്റിങ് എംപി പി ടി തോമസിനെതിരെ ക്രൈസ്തവസഭകള്‍ രംഗത്തുവന്നതിനാല്‍ സീറ്റ് മാണി ഗ്രൂപ്പിന് വിട്ടുകൊടുക്കാം എന്ന ആലോചന അദ്ദേഹം തുടങ്ങിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷിയായ പി ടി തോമസിനെ മാറ്റി പകരം മാണിക്ക് സീറ്റ് വിട്ടുകൊടുക്കുന്നത് രാഷ്ട്രീയ ആത്മഹത്യയാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നു. മുസ്ലിംലീഗ്, കേരളകോണ്‍ഗ്രസ് എം എന്നിവയുടെ സമുദായ- കച്ചവടരാഷ്ട്രീയത്തിന് എതിരെ ഗര്‍ജനങ്ങള്‍ നടത്തിയ നേതാവാണ്, അധ്യക്ഷക്കസേര കിട്ടിയതോടെ നിലപാടുകള്‍ മറക്കുന്നത്. സുധീരനെ പ്രസിഡന്റാക്കിയ ഹൈക്കമാന്‍ഡ് രീതിയില്‍ അമര്‍ഷമുണ്ടെങ്കിലും 15ന് സോണിയ പങ്കെടുക്കുന്ന കൊച്ചിയിലെ സംസ്ഥാന കോണ്‍ഗ്രസ് കണ്‍വന്‍ഷനില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കും. സന്ദര്‍ഭം ലഭിച്ചാല്‍ എതിര്‍പ്പ് സോണിയയെ ഉമ്മന്‍ചാണ്ടി അറിയിക്കും. കെപിസിസി- സര്‍ക്കാര്‍ ഏകോപന സമിതി യോഗം 17ന് കൊല്ലത്ത് ചേരും. വി ഡി സതീശനെും എം എം ഹസ്സനെയും സമിതിയിലേക്ക് നോമിനേറ്റ് ചെയ്തിട്ടുണ്ട്.

ഹൈക്കമാന്‍ഡിനോട് ചോദിക്കണം: ഉമ്മന്‍ചാണ്ടി

തിരു: വി എം സുധീരനെ കെപിസിസി പ്രസിഡന്റാക്കിയത് ഹൈക്കമാന്‍ഡാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാനനേതൃത്വത്തിന്റെ താല്‍പ്പര്യം മറികടന്ന് വി എം സുധീരനെ നിയമിച്ചതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഹൈക്കമാന്‍ഡ് ആരുമായി ആലോചിച്ചെന്നും എന്തൊക്കെ ചര്‍ച്ച ചെയ്തെന്നും അവരോടുതന്നെ ചോദിക്കണം. താനും രമേശ് ചെന്നിത്തലയും പറയുന്നത് അതേപടി അംഗീകരിക്കാനാണോ ഹൈക്കമാന്‍ഡെന്ന മറുചോദ്യവും ഉമ്മന്‍ചാണ്ടി ഉന്നയിച്ചു. ഒരാളിന്റെയോ പത്തുപേരുടെയോ തീരുമാനമല്ല ഹൈക്കമാന്‍ഡിന്റേത്. സുധീരന്റെ നിയമനം നേതൃത്വം നേരത്തേ അറിയിച്ചോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായി പ്രതികരിച്ചില്ല. എന്താണോ നിങ്ങള്‍ക്ക് അറിയാവുന്നത് അത് മനസ്സില്‍ ഇരുന്നാല്‍മതിയെന്നായിരുന്നു പ്രതികരണം. ആരൊയൊക്കെ അറിയിച്ചെന്നും ആലോചിച്ചെന്നും ഹൈക്കമാന്‍ഡിനോടാണ് ചോദിക്കേണ്ടത്. സുധീരനുമായി വര്‍ഷങ്ങളായി അടുത്ത ബന്ധം ഉണ്ട്; അടുത്ത സഹപ്രവര്‍ത്തകരുമാണ്. സുധീരന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന കാര്യം അദ്ദേഹം കാണാന്‍ വന്നപ്പോള്‍ത്തന്നെ അറിയിച്ചിരുന്നു. ചെല്ലുമെന്ന് അറിയിച്ച സമയത്ത് കൃത്യമായി കെപിസിസി ഓഫീസില്‍ എത്തുകയുമുണ്ടായി. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചിരുന്ന സുധീരനും സര്‍ക്കാരും തമ്മിലുള്ള ബന്ധം സുഗമമാകുമോയെന്ന ചോദ്യത്തിന് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

deshabhimani

No comments:

Post a Comment