Saturday, February 15, 2014

സോണിയയെ ബഹിഷ്കരിച്ചത് നേതാക്കളെ ഞെട്ടിച്ചു

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ബഹിഷ്കരിച്ചത് കോണ്‍ഗ്രസ് കേന്ദ്രങ്ങളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. കെ കരുണാകരന്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഉടക്കിനിന്ന ഘട്ടത്തില്‍ പോലും കോണ്‍ഗ്രസ് പ്രസിഡന്റിനെ ബഹിഷ്കരിക്കാനോ ഇത്രയും പരസ്യമായി പ്രസിഡന്റിനെതിരെ നേരിട്ട് ഏറ്റുമുട്ടാനോ തയ്യാറായിരുന്നില്ല. കോണ്‍ഗ്രസുകാരനായ ഒരു മുഖ്യമന്ത്രി പാര്‍ടിയുടെ ദേശീയ പ്രസിഡന്റിനെ ബഹിഷ്കരിക്കുന്നത് കേരളത്തില്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ആദ്യ സംഭവമാണ്. സുധീരനെ നിയമിച്ചത് അറിയിക്കാത്തതിലുള്ള അതൃപ്തി മാത്രമല്ല ഉമ്മന്‍ചാണ്ടി പ്രകടിപ്പിക്കുന്നത്. താനും രമേശ് ചെന്നിത്തലയും ഒന്നിച്ച് നിര്‍ദേശിച്ച ജി കാര്‍ത്തികേയനെ തഴയുകയും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ നിശിതവിമര്‍ശം നടത്തി പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്ത സുധീരനെ നിശ്ചയിച്ചതിലെ ശക്തമായ വിയോജിപ്പ് കൂടിയാണ്. സുധീരനെ പ്രസിഡന്റായി അംഗീകരിക്കില്ലെന്നാണ് രഹസ്യ നിലപാടും. ഇതിലെല്ലാമുപരി ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് തന്നെ ഇറക്കിവിടുമെന്ന് ഉമ്മന്‍ചാണ്ടി കരുതുന്നു. തെരഞ്ഞെടുപ്പില്‍ ഉണ്ടായേക്കാവുന്ന പരാജയത്തിന്റെ പേരില്‍ തന്നെ മാറ്റാന്‍ കേരളത്തിലും കേന്ദ്രത്തിലും ശക്തമായ ഗൂഢാലോചന നടക്കുമെന്നും ഉമ്മന്‍ചാണ്ടിക്കറിയാം. ഇങ്ങനെ അപമാനിതനായി ഇറങ്ങിപ്പോകുന്നതിന് പകരം നേതൃത്വത്തെ വെല്ലുവിളിച്ച് പിടിച്ചുനില്‍ക്കാനുള്ള തന്ത്രമാണ് ഉമ്മന്‍ചാണ്ടി പയറ്റുന്നത്. മൂന്നു പേരുടെ മാത്രം ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ നിലനിര്‍ത്തണമെങ്കില്‍ തന്നെ തുടരാന്‍ അനുവദിക്കേണ്ടിവരുമെന്ന ഭീഷണിയും ഇതിന് പിന്നിലുണ്ട്. അധികാരത്തില്‍ തുടരാനുള്ള അവസാന അടവാണിത്.

എന്നാല്‍, സോണിയ ഗാന്ധിയെ ഇങ്ങനെ അപമാനിച്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത് കോണ്‍ഗ്രസിന്റെ നില കൂടുതല്‍ പരുങ്ങലിലാക്കുമെന്നും ഒരു വിഭാഗം കരുതുന്നു. തൃശൂരില്‍ ഔദ്യോഗിക പരിപാടിയുള്ളതിനാല്‍ പോയതാണെന്നും ഇക്കാര്യം സോണിയയെ നേരത്തെ അറിയിച്ചിട്ടുണ്ടെന്നുമുള്ള ഉമ്മന്‍ചാണ്ടിയുടെ വിശദീകരണത്തില്‍ വി എം സുധീരന്‍ പോലും തൃപ്തനല്ല. സുധീരന്റെ സ്ഥാനാരോഹണവും സ്വീകരണവും ബഹിഷ്കരിക്കുന്നതിനും സമാനമായ ന്യായമാണ് പറഞ്ഞത്. അതുകൊണ്ടുതന്നെയാണ് ഉമ്മന്‍ചാണ്ടി എത്താത്തതിന്റെ കാരണമറിയില്ലെന്ന് സുധീരന്‍ പരസ്യമായി പ്രതികരിച്ചതും. ശനിയാഴ്ച കൊച്ചിയില്‍ നടക്കുന്ന സംസ്ഥാന കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചിട്ടുണ്ട്. അവിടെ വച്ച് സോണിയയുമായി സംസാരിച്ച് താല്‍ക്കാലിക വെടിനിര്‍ത്തലിനാണ് നീക്കം നടത്തുന്നത്. എന്നാല്‍, തുടര്‍ന്നും പാര്‍ടി- ഭരണ ഏകോപനസമിതി യോഗം ഉള്‍പ്പെടെ നടത്തി യോജിച്ച് പോകാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകില്ല. കഴിഞ്ഞ രണ്ടരവര്‍ഷത്തിനുള്ളില്‍ ഈ സര്‍ക്കാര്‍ എടുത്ത പ്രധാന നയപരമായ തീരുമാനങ്ങളെയെല്ലാം സുധീരന്‍ വിമര്‍ശിച്ചിട്ടുണ്ട്. ഇങ്ങനെയൊരാളുമായി ഒത്തുപോകില്ലെന്നു തന്നെയാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്.

എം രഘുനാഥ് deshabhimani

No comments:

Post a Comment