Friday, April 4, 2014

സലിം രാജ് പുതുപ്പള്ളിയിലും ഭൂമി തട്ടാന്‍ ശ്രമിച്ചു

കൊച്ചി: മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലിം രാജും പേഴ്സണല്‍ സ്റ്റാഫ് അംഗം ജിക്കുമോനും ചേര്‍ന്ന് പുതുപ്പള്ളിയില്‍ വൃദ്ധയുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി. പുതുപ്പള്ളി പട്ടണമധ്യത്തിലെ തന്റെ മൂന്ന് ഏക്കര്‍ ഭൂമി മുഖ്യമന്ത്രിക്കും ബന്ധുക്കള്‍ക്കുംവേണ്ടി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന് പരാതിപ്പെട്ട് എണ്‍പതുകാരി പുതുപ്പള്ളി പള്ളത്തേത്ത് അന്നമ്മ സക്കറിയയാണ് ഹൈക്കോടതിയെ സമീപിച്ചത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കേസില്‍ എതിര്‍കക്ഷിയായി ചേര്‍ത്തിട്ടുണ്ട്. തന്റെ ഭൂമിക്കു സമീപമുള്ള മുഖ്യമന്ത്രിയുടെ കുടുംബവസ്തു മണ്ണിട്ടു നിരപ്പാക്കി ഫ്ളാറ്റ് കെട്ടി വില്‍ക്കാനായിരുന്നു പദ്ധതിയെന്നും ഈ ആവശ്യത്തിന് തന്റെ ഭൂമിയില്‍നിന്ന് വന്‍തോതില്‍ മണ്ണ് നീക്കാന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറഞ്ഞു. ജിക്കുവും സലിം രാജും തന്റെ വീട്ടിലെത്തി ഭൂമി സലിം രാജിന്റെ പേരില്‍ എഴുതിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ ബി ഗിരീശനും പൂവന്തുരുത്ത് സ്വദേശിയായ പങ്കജാക്ഷനുമാണ് വീട്ടിലെത്തി സലിം രാജിനെ പരിചയപ്പെടുത്തിയത്. ഇരുവരും മുഖ്യമന്ത്രിയുമായി അടുത്തബന്ധം പുലര്‍ത്തുന്നവരാണ്.

ഭൂമി സലിം രാജിന്റെ പേരില്‍ എഴുതിക്കൊടുക്കാന്‍ വിസമ്മതിച്ചപ്പോള്‍ പാഠംപഠിപ്പിക്കുമെന്നും മക്കളുടെ ബിസിനസ് നശിപ്പിക്കുമെന്നും കള്ളക്കേസില്‍ കുടുക്കുമെന്നും ഭൂമി അനുഭവിക്കാന്‍ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തി. ഭൂമി നല്‍കില്ലെന്നു കണ്ടപ്പോള്‍ പദ്ധതിയില്‍ പങ്കാളിത്തം നല്‍കാമെന്നും പറഞ്ഞ് പ്രലോഭിപ്പിച്ചു. പിന്നീട് വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍മാരായ ടി കെ മണിയും കോശിയും വീട്ടിലെത്തി ഭൂമി, സലിം രാജ് സംഘത്തിനു നല്‍കണമെന്നും അല്ലെങ്കില്‍ കുടിവെള്ള ടാങ്ക് സ്ഥാപിക്കാന്‍ ഭൂമി ഏറ്റെടുക്കുമെന്നും ഭീഷണിപ്പെടുത്തി.

ടാങ്ക് സ്ഥാപിച്ചാല്‍ പിന്നെ ഭൂമി മറ്റ് കാര്യത്തിന് ഉപയോഗിക്കാനാവില്ലെന്നും അറിയിച്ചു. അതിനാല്‍ വീടുവയ്ക്കാന്‍ കുറച്ചുസ്ഥലം മാറ്റിവച്ച് ബാക്കി ഭൂമി ഈ സംഘത്തിന് വിട്ടുനല്‍കാനും ആവശ്യപ്പെട്ടു. കുടിവെള്ളപദ്ധതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. ഭൂമി നല്‍കാന്‍ വിസമ്മതിച്ചതിനാല്‍ ഇപ്പോള്‍ കുടിവെള്ളപദ്ധതിയുടെ പേരില്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടിയെടുക്കുകയാണ്. പുതുപ്പള്ളി മാര്‍ക്കറ്റിനുവേണ്ടി 50 സെന്റ് സ്ഥലം വിട്ടുനല്‍കിയ തന്റെ ഭൂമി ഏറ്റെടുക്കാന്‍ നടക്കുന്ന നീക്കത്തില്‍ കോടതി ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.

deshabhimani

No comments:

Post a Comment