Monday, April 7, 2014

ബിജു രാധാകൃഷ്ണന്‍-ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച 200 കോടിയുടെ കേന്ദ്രപദ്ധതി തട്ടിയെടുക്കാന്‍

സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി എറണാകുളം ഗസ്റ്റ്ഹൗസിലെ അടച്ചിട്ട മുറിയില്‍ ഒന്നരമണിക്കൂര്‍ നടത്തിയ രഹസ്യകൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്ത്. കേരളത്തെ പിടിച്ചുകുലുക്കിയ സോളാര്‍ തട്ടിപ്പ് പുറത്തുവരുന്നതിനുമുമ്പ് നടന്ന കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം 200 കോടി രൂപയുടെ കേന്ദ്രപദ്ധതി അടിച്ചുമാറ്റാനുള്ള തന്ത്രങ്ങളായിരുന്നു.

എന്നാല്‍, ബിജുവും തട്ടിപ്പുകേസിലെ കൂട്ടുപ്രതിയായ ഭാര്യ സരിത എസ് നായരും തമ്മിലുണ്ടായ ഭിന്നത എല്ലാം തകിടംമറിച്ചു. ഇതോടെ കുടുംബതര്‍ക്കം പറഞ്ഞുതീര്‍ത്ത് പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയായി മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച മാറിയെന്ന് ബിജു രാധാകൃഷ്ണന്‍ അഭിഭാഷകരോട് വെളിപ്പെടുത്തി. സോളാര്‍ തട്ടിപ്പ് വന്‍വിവാദമായിട്ടും കൂടിക്കാഴ്ചയെക്കുറിച്ച് വിശദീകരിക്കാതെ ഉമ്മന്‍ചാണ്ടി ഒഴിഞ്ഞുമാറുന്നതിനിടെയാണ് അഭിഭാഷകര്‍ വഴി വിശദാംശങ്ങള്‍ പുറത്തുവന്നത്. ബിജു ശനിയാഴ്ച വൈകിട്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി.

2022ഓടെ രാജ്യത്ത് 20,000 മെഗാവാട്ട് പാരമ്പര്യേതര വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിയുടെ മറവിലാണ് തട്ടിപ്പ് നടത്താന്‍ ലക്ഷ്യമിട്ടത്. സംസ്ഥാനത്ത് 2014-15 സാമ്പത്തികവര്‍ഷം നടപ്പാക്കാന്‍ 200 കോടി രൂപയുടെ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി ടീം സോളാറിനെ നിയോഗിക്കാനുള്ള ഗൂഢാലോചനയുടെ അന്തിമഘട്ടത്തിലായിരുന്നു നിര്‍ണായക കൂടിക്കാഴ്ച. ജവാഹര്‍ലാല്‍ നെഹ്റു നാഷണല്‍ സോളാര്‍ മിഷന്‍ (ജെഎന്‍എന്‍ സോളാര്‍ മിഷന്‍) 2010 ജനുവരി 11നാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ചത്. തുടര്‍ന്ന് 2012ല്‍ അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാനുള്ള 15,000 കോടി രൂപയുടെ പദ്ധതി കേന്ദ്ര പാരമ്പര്യേതര ഊര്‍ജമന്ത്രാലയം തയ്യാറാക്കി.

ഇതില്‍നിന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ 1500 കോടിവീതം നല്‍കാനും രഹസ്യധാരണ ഉണ്ടാക്കി. കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ സി വേണുഗോപാല്‍ മുഖേന പദ്ധതിയുടെ വിശദാംശങ്ങള്‍ ശേഖരിച്ച ടീം സോളാര്‍ പ്രത്യേക രൂപരേഖ തയ്യാറാക്കി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഊര്‍ജമന്ത്രി ആര്യാടന്‍ മുഹമ്മദ്, മകന്‍ ആര്യാടന്‍ ഷൗക്കത്ത്, മന്ത്രിമാരായ അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍, മുന്‍മന്ത്രി കെ ബി ഗണേശ്കുമാര്‍, പിആര്‍ഡി ഡയറക്ടറായിരുന്ന എ ഫിറോസ് തുടങ്ങിയവര്‍ ആവശ്യമായ സഹായങ്ങളും നല്‍കി.

ആദ്യഘട്ടമായി പൈലറ്റ് വര്‍ഷത്തില്‍ 200 കോടി രൂപയുടെ പദ്ധതിക്ക് രൂപംനല്‍കി. മന്ത്രിസഭായോഗത്തില്‍ ഇത് അവതരിപ്പിക്കുകയും ടീം സോളാറിനെ നോഡല്‍ ഏജന്‍സിയാക്കാന്‍ തീരുമാനിക്കുകയും ചെയ്യുമെന്ന് ഇവരെല്ലാം ഉറപ്പും നല്‍കി. ഇതിനിടയിലാണ് ബിജുവിന്റെ ജീവിതത്തിലേക്ക് ശാലുമേനോന്‍ വരുന്നതും സരിതയുമായി കെ ബി ഗണേശ്കുമാര്‍ ഉള്‍പ്പെടെ പലര്‍ക്കും അടുത്തബന്ധം ഉണ്ടാകുന്നതും. ഇതോടെ സരിതയും ബിജുവും തമ്മില്‍ രൂക്ഷമായ ഭിന്നത ഉടലെടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള ഉന്നതരുടെ ബന്ധം ഉപയോഗിച്ച് പലരില്‍നിന്നും തട്ടിയെടുത്ത കോടികളുടെ പേരിലും അടി തുടങ്ങി.

ബിജുവിന്റെ പക്കലുള്ള ലക്ഷങ്ങള്‍ ശാലുവിന് നല്‍കി. അതോടൊപ്പം സരിത ഉന്നതരുമായി അവിഹിതബന്ധം സ്ഥാപിക്കുന്നതിനെതിരെ ബിജുവിനും പ്രതികാരമായി. സരിതയുമായി ബന്ധപ്പെട്ടവരില്‍ ഒരു ഉന്നതന്‍ തന്റെ കുടുംബജീവിതം തകര്‍ത്തുവെന്ന് ബിജു മുഖ്യമന്ത്രിയോട് പരാതിപ്പെട്ടു. പക്ഷേ, എല്ലാം കേട്ടതല്ലാതെ ഉമ്മന്‍ചാണ്ടി സഹായിച്ചില്ല. അതേസമയം, സരിതയോടൊപ്പം നിന്ന് പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ ഉപദേശിക്കുകയും ചെയ്തു. ബിജു- സരിത തര്‍ക്കംമൂത്ത് ടീം സോളാര്‍ അടിച്ചുപിരിയുന്ന ഘട്ടത്തിലാണ് കബളിപ്പിക്കപ്പെട്ടവരില്‍നിന്ന് പരാതികള്‍ ഉയര്‍ന്നത്.

മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കിയെങ്കിലും അതെല്ലാം മുക്കി. ഒടുവില്‍ ഈ ഉന്നതബന്ധം അറിയാതെ ഒരു തട്ടിപ്പുകേസില്‍ പൊലീസ് സരിതയെ അറസ്റ്റുചെയ്തതോടെയാണ് പദ്ധതി തകരുന്നത്. അന്നെല്ലാം സരിതയെയും ബിജുവിനെയും അറിയില്ലെന്നു പറഞ്ഞ് ഉമ്മന്‍ചാണ്ടി മലക്കംമറിയുകയായിരുന്നു.

എം രഘുനാഥ് deshabhimani

No comments:

Post a Comment