Monday, April 7, 2014

22 പേജ് മൊഴി പുറത്തായാല്‍ എന്നെ കൊല്ലുമായിരുന്നു: സരിത

കോടതിയില്‍ നല്‍കാന്‍ തയ്യാറാക്കിയ 22 പേജ് മൊഴി പുറത്തായിരുന്നെങ്കില്‍ താന്‍ അടുത്ത സൂര്യോദയം കാണില്ലായിരുന്നുവെന്ന് സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിത എസ് നായര്‍. "ഇന്ത്യാ ടുഡേ" വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, യുഡിഎഫിലെ നിരവധി പ്രമുഖരുമായുള്ള ബന്ധവും സരിത തുറന്നുപറഞ്ഞു.

""മൊഴി ഇപ്പോഴും അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെ പക്കലുണ്ട്. ചിലരൊക്കെ മിണ്ടാതിരിക്കുന്നതുതന്നെ ഞാന്‍ എന്തു പറയുമെന്ന് ഭയന്നിട്ടാണ്. ബിജു രാധാകൃഷ്ണന്‍ ടീം സോളാറിന്റെപേരില്‍ പലരില്‍ നിന്നും പണംപറ്റി മുങ്ങിയതിനെത്തുടര്‍ന്ന് പല കേസുകളും വന്നു. ഇതില്‍ ഇടപെട്ട് എന്തെങ്കിലും ചെയ്യണമെന്നാണ് മുഖ്യമന്ത്രിയോട് ഒരു പൊതുചടങ്ങിന്റെ വേദിയിലെത്തി ഞാന്‍ ആവശ്യപ്പെട്ടത്. അട്ടക്കുളങ്ങര ജയിലില്‍ എന്നെ കാണാന്‍വന്നത് ചീഫ് വിപ്പ് പി സി ജോര്‍ജാണ്. പക്ഷേ കാണാന്‍ ഞാന്‍ തയ്യാറായില്ല. ഞാന്‍ പെരുവഴിയിലാകാന്‍ കാരണം പി സി ജോര്‍ജാണ്""

""കേന്ദ്ര സഹമന്ത്രി കെ സി വേണുഗോപാലിനെ ബന്ധപ്പെട്ടത് ചില പദ്ധതികള്‍ക്കായാണ്. പല തവണ ആലപ്പുഴയിലെ അദ്ദേഹത്തിന്റെ വസതിയില്‍ പല പ്രോജക്ടുകള്‍ക്കായി പോയിട്ടുണ്ട്. അദ്ദേഹം ഊര്‍ജവകുപ്പിലായിരുന്നപ്പോഴാണ് ബന്ധപ്പെട്ടത്. അതിനുശേഷം കെ സി വ്യോമയാനവകുപ്പിലേക്ക് മാറിയപ്പോഴും ബന്ധം നിലനിര്‍ത്തി എന്നത് ശരിയാണ്. കെ സിക്ക് നല്ലപിള്ള സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഞാന്‍ ആളല്ല. ബിജു രാധാകൃഷ്ണന്‍ ഗണേശിനെ ചേര്‍ത്ത് എന്നെ അപമാനിച്ചശേഷം രണ്ടാമത് എടുത്തുപറഞ്ഞത് കെ സിയുടെ പേരാണ്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വലംകൈയായ തോമസ് കുരുവിളയ്ക്ക് സോളാര്‍ കമ്പനിയുണ്ട്. ഉമ്മന്‍ചാണ്ടിക്ക് ഡല്‍ഹിയില്‍ അദ്ദേഹം സഹായിയാണ്. തോമസ് കുരുവിളയെ കണ്ടിട്ടും സംസാരിച്ചിട്ടുമുണ്ട്. എന്തെങ്കിലും മുഖ്യമന്ത്രിയില്‍നിന്ന് സാധിക്കാനുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഒന്നും സാധിക്കാനില്ലെന്ന് അയാളോട് പറഞ്ഞിട്ടുണ്ട്. ചാണ്ടി ഉമ്മനെ അറിയാം എന്നല്ലാതെ മറ്റ് ബന്ധങ്ങളൊന്നുമില്ല. അബ്ദുള്ളക്കുട്ടി തന്നെ ബലാത്സംഗം ചെയ്തെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. നമുക്കിഷ്ടമില്ലാതെ നടത്തുന്ന ലൈംഗികവേഴ്ചകള്‍ ബലാല്‍സംഗം തന്നെയാണ്. പ്രോജക്ട് തരാമെന്നുപറഞ്ഞ് വഞ്ചിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി. അബ്ദുള്ളക്കുട്ടിയെക്കൊണ്ട് മാപ്പ് പറയിക്കുകയായിരുന്നു ലക്ഷ്യം.

ലതിക സുഭാഷുമായി സംസാരിച്ചിരുന്നു. "ഇതൊക്കെ ഒരു കാര്യമാണോ, വിട്ടേക്കൂ സരിത" എന്നൊക്കെയാണ് പതിഞ്ഞ സ്വരത്തില്‍ അവര്‍ പറഞ്ഞത്""

സരിത അഭിമുഖത്തില്‍ വിശദീകരിച്ചു.

deshabhimani

No comments:

Post a Comment