Wednesday, April 2, 2014

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നഷ്ടം 2000 കോടി

സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞവര്‍ഷം നഷ്ടപ്പെട്ടത് 2000 കോടി രൂപ. ഗ്രാമീണമേഖലയുടെ അടിസ്ഥാനസൗകര്യമൊരുക്കുന്നതിനും സേവനമേഖലകളുടെ ശാക്തീകരണത്തിനും സ്ഥാപനങ്ങളുടെ സംരക്ഷണത്തിനുമായി വകയിരുത്തിയ പണമാണ് സാമ്പത്തികപ്രതിസന്ധിയുടെ പേരില്‍ തടഞ്ഞുവച്ചതും വകമാറ്റിയതും. കഴിഞ്ഞ സാമ്പത്തികവര്‍ഷം 4000 കോടി രൂപയാണ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് പദ്ധതിവിഹിതം അനുവദിച്ചത്്. മുന്‍വര്‍ഷത്തെ തുടര്‍പദ്ധതികളും ചേര്‍ത്ത് 5403 കോടി രൂപയുടെ പദ്ധതികള്‍ സ്ഥാപനങ്ങള്‍ ഏറ്റെടുത്തു.

പദ്ധതിരൂപീകരണവും അംഗീകാരം നേടിയെടുക്കലും അടക്കമുള്ള ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി നിര്‍വഹണത്തിലേക്ക് എത്തിയപ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ സാമ്പത്തികപ്രതിസന്ധിയിലായി. സാമ്പത്തികവര്‍ഷത്തിന്റെ നാലാംപാദം പൂര്‍ണമായും ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി. കഴിഞ്ഞവര്‍ഷം തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിവിഹിതത്തില്‍നിന്ന് 3315 കോടി രൂപ ചെലവിട്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍, ഗ്രാമ പഞ്ചായത്തുകള്‍ 2130 കോടിയും ബ്ലോക്ക് പഞ്ചായത്തുകള്‍ 415 കോടിയും ജില്ലാ പഞ്ചായത്തുകള്‍ 406 കോടിയും മുനിസിപ്പാലിറ്റികള്‍ 302 കോടിയും കോര്‍പറേഷനുകള്‍ 155 കോടിയുമാണ് വിനിയോഗിച്ചത്. ആകെ ചെലവ് 3408 കോടി രൂപ.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ വികസന ഫണ്ടും മെയിന്റനന്‍സ് ഫണ്ടുമടക്കം വകമാറ്റിയാണ് ഇത്രയും ചെലവിന്റെ കണക്കും പെരുപ്പിച്ചത്. മാര്‍ച്ച് ആരംഭത്തില്‍തന്നെ പദ്ധതിവിഹിതത്തില്‍ അവശേഷിക്കുന്ന തുക സാമൂഹ്യസുരക്ഷാ മിഷനും വാട്ടര്‍ അതോറിറ്റിക്കും വകമാറ്റാന്‍ നിര്‍ദേശിച്ചു. ഇ എം എസ് ഭവനപദ്ധതിയിലേക്ക് ഫണ്ട് മാറ്റാനും നിര്‍ദേശിച്ചെങ്കിലും അതുണ്ടായില്ല. എന്നിട്ടും ചെലവ് ഉയരാത്തതിനാല്‍ ക്ലീന്‍ കേരള കമ്പനിക്ക് ഓഹരിയെന്ന പേരില്‍ തുക മാറ്റാനും ആവശ്യപ്പെട്ടു. ഉപാധിരഹിതമായി യഥേഷ്ടം തുക നല്‍കാനായിരുന്നു നിര്‍ദേശം. മലബാറിലടക്കം യുഡിഎഫ് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ പ്രാദേശിക വികസനത്തിന് ഉപയോഗിക്കേണ്ട ഫണ്ട് വകമാറ്റിയതിനാലാണ് പദ്ധതിവിനിയോഗം ഇത്രയെങ്കിലും പെരുപ്പിക്കാനായത്.

deshabhimani

No comments:

Post a Comment