Wednesday, April 2, 2014

ബംഗാളില്‍ ഇടതുപക്ഷം ശക്തമായി മുന്നേറും

തെരഞ്ഞെടുപ്പില്‍ ഇത്തവണ ചതുഷ്കോണമത്സരത്തിനാണ് പശ്ചിമബംഗാള്‍ വേദിയാകുന്നത്. ഇടതുമുന്നണിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം. കോണ്‍ഗ്രസ് എല്ലാ സീറ്റിലും മത്സരിക്കുന്നു. ബിജെപിയും സജീവമായി രംഗത്തുണ്ട്. അഴിമതിയും ക്രമസമാധാന തകര്‍ച്ചയും സംസ്ഥാനഭരണത്തിനെതിരായ ജനവികാരം ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് വെല്ലുവിളിയാകുകയാണ്. ശക്തമായ പ്രതിപക്ഷമെന്നനിലയില്‍ ഇടതുപക്ഷം തിരിച്ചുവരവിന്റെ പാതയിലാണ്. കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്തും. വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിച്ച മമത ബാനര്‍ജിക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ ഒരുങ്ങുകയാണ് ബംഗാള്‍ ജനത. അഞ്ചു ഘട്ടമായി നടക്കുന്ന വോട്ടെടുപ്പില്‍ അട്ടിമറി ഉണ്ടായില്ലെങ്കില്‍ ഇടതുമുന്നണി വന്‍മുന്നേറ്റം ഉണ്ടാക്കുമെന്നതില്‍ സംശയമില്ല.

2009ല്‍ തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും സഖ്യമായാണ് മത്സരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് 19 സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസിന് ആറു സീറ്റ് ലഭിച്ചു. ഇടതുപക്ഷത്തിന് 16 സീറ്റാണ് ലഭിച്ചത്. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ മുഹമ്മദ് സലീം, സുഭാഷിണി അലി തുടങ്ങിയ പ്രമുഖരെ അണിനിരത്തിയാണ് സിപിഐ എം ഇക്കുറി മത്സരിക്കുന്നത്. ഏഴായിരം കോടിയിലധികം വരുന്ന ശാരദ ചിട്ടിഫണ്ട് അഴിമതിയുമായി തൃണമൂല്‍ കോണ്‍ഗ്രസിനുള്ള ബന്ധം പ്രധാന ചര്‍ച്ചയാണ്. പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ക്ക് സഹായമെത്തിക്കാന്‍ മമത സര്‍ക്കാര്‍ തയ്യാറാകാത്തതും ജനരോഷമുയര്‍ത്തി. പ്രസിഡന്‍സി കോളേജിലുണ്ടായ ആക്രമണവും ബലാത്സംഗവും കൊലപാതകവും വര്‍ധിച്ചതും തൃണമൂല്‍ സര്‍ക്കാരിന്റെ ജനപിന്തുണ ഇല്ലാതാക്കി. അവസാനമായി അഴിമതിവിരുദ്ധപ്രവര്‍ത്തകന്‍ അണ്ണ ഹസാരെയെ മുന്‍നിര്‍ത്തി പ്രതിച്ഛായ വീണ്ടെടുക്കാനുള്ള മമതയുടെ ശ്രമവും ചീറ്റി. സ്ഥാനാര്‍ഥിനിര്‍ണയത്തെ ചൊല്ലി തൃണമൂലില്‍ ഉയര്‍ന്ന തര്‍ക്കങ്ങള്‍ ജില്ലാതലങ്ങളില്‍ പരിഹരിക്കാനായിട്ടില്ല.

മുസ്ലിം സമുദായം മമതയില്‍നിന്ന് അകന്നു. വര്‍ധിച്ചുവരുന്ന വര്‍ഗീയസംഘര്‍ഷങ്ങളാണ് ന്യൂനപക്ഷങ്ങളെ തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് അകറ്റിയത്. മമത അധികാരത്തില്‍ വന്നശേഷം ചെറുതും വലുതുമായ 400 വര്‍ഗീയസംഘര്‍ഷമുണ്ടായി. കഴിഞ്ഞ വര്‍ഷംമാത്രം 106 വര്‍ഗീയസംഘര്‍ഷങ്ങളാണുണ്ടായത്. ദീഗംഗയിലും കാനിങ്ങിലും മറ്റും വലിയ കലാപമുണ്ടായി. കാനിങ്ങില്‍ പൊലീസിനെ മൂകസാക്ഷിയാക്കിയാണ് കലാപകാരികള്‍ അഴിഞ്ഞാടിയത്. കലാപം തടയുന്നതില്‍ മമത പരാജയപ്പെട്ടതാണ് മുസ്ലിം വിഭാഗത്തെ രോഷാകുലരാക്കിയത്. കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സംഘപരിവാറിനെ വിമര്‍ശിക്കാനും മമത തയ്യാറായില്ല. നന്ദിഗ്രാം പ്രശ്നത്തില്‍ മമതയുടെ തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ച ജമാഅത്തെ ഉലമ ഹിന്ദിന്റെ സിഗ്ബത്തുള്ള ചൗധരി ഇപ്പോള്‍ മമതയുടെ കടുത്തവിമര്‍ശകനാണ്. അസമില്‍ ബദറുദ്ദുന്‍ അജ്മലിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ പശ്ചിമബംഗാള്‍ ഘടകം നേതാവാണ് ഇപ്പോള്‍ സിഗ്ബത്തുള്ള ചൗധരി.

വി ബി പരമേശ്വരന്‍

ബംഗാളില്‍ ഇടതുമുന്നണി നേട്ടമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ്

കൊല്‍ക്കത്ത: ബംഗാളില്‍ ഇടതുമുന്നണി നേട്ടമുണ്ടാക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഇടതുമുന്നണിയെ നേരിടാന്‍ കഴിയില്ലെന്നും മുന്‍ പിസിസി പ്രസിഡന്റ് പ്രദീപ് ഭട്ടാചാര്യ എംപി പറഞ്ഞു. കോണ്‍ഗ്രസുമായും ബിജെപിയുമായും തൃണമൂല്‍&ലവേ;കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയപ്പോള്‍ മാത്രമാണ് ഇടതുമുന്നണിയ്ക്ക് കൂടുതല്‍ സീറ്റ് നഷ്ടപ്പട്ടത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതിനാലാണ് മമത നേട്ടമുണ്ടാക്കിയത്. കോണ്‍ഗ്രസിന് സംസ്ഥാനത്ത് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ കഴിയില്ലെങ്കിലും അസ്തിത്വം നിലനിര്‍ത്താന്‍ വേണ്ടിയാണ് പോരാടുന്നത്. മമത കോണ്‍ഗ്രസിനെ നശപ്പിക്കാനാണ് ശ്രമിക്കുന്നത്. തൃണമൂല്‍ ഭരണത്തില്‍സംസ്ഥാനത്ത് ജനാധിപത്യം പാടെ തകര്‍ന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍&ലവേ; മമതയുടെ ഇഷ്ടാനുസരണം അവരുമായി കോണ്‍ഗ്രസ് സംഖ്യമുണ്ടാക്കാന്‍ നിര്‍ബന്ധിതമായതുമൂലം കനത്ത വിലയാണ് നല്‍കേണ്ടിവന്നതെന്ന് മറ്റൊരു പ്രമുഖ നേതാവ് നിര്‍ബേദ് റോയ് പറഞ്ഞു.

ഗോപി deshabhimani

No comments:

Post a Comment