Wednesday, April 2, 2014

കോടതിക്കെതിരെ കോണ്‍ഗ്രസ് നേതാക്കളുടെ ആക്രോശം

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സകല അതിരുകളും ലംഘിച്ച് കോടതിക്കെതിരെ ആക്രോശം തുടരുന്നു. മന്ത്രി കെ സി ജോസഫ് തുടക്കമിട്ട ആക്രമണം രാജ്മോഹന്‍ ഉണ്ണിത്താന്‍ ഏറ്റുപിടിച്ചതോടെ നീതിന്യായ വ്യവസ്ഥയെ അപ്പാടെ വെല്ലുവിളിക്കുംവിധമായി. ന്യായാധിപരെ ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞും അനുകൂല നിലപാട് എടുപ്പിക്കുകയെന്ന തന്ത്രമാണ് മുഖ്യമന്ത്രിയുടെ ഒത്താശയോടെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നത്. നേരത്തെ കോടതി പരാമര്‍ശത്തിന്റെ പേരില്‍ മുഴുനീള ലേഖനമെഴുതി കോടതിയെ അവഹേളിച്ച മന്ത്രി കെ സി ജോസഫ് മുഖ്യമന്ത്രിക്കെതിരായ വിധി വന്ന ഉടനെ വാളെടുത്ത് ഇറങ്ങി.

വിധിയിലെ ചില പരാമര്‍ശങ്ങള്‍മാത്രം സ്റ്റേചെയ്തതിനെക്കുറിച്ച് പ്രതികരിക്കുന്നതിനിടെ ചൊവ്വാഴ്ച വീണ്ടും മന്ത്രി ആക്രമണം തുടര്‍ന്നു. കോണ്‍ഗ്രസ് വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ആകട്ടെ, ഒരു പടികൂടി കടന്ന് ജഡ്ജിയെ ഇംപീച്ച് ചെയ്യണമെന്നുവരെ പറഞ്ഞു. ജഡ്ജിക്കെതിരെ വ്യക്തിപരമായി അത്യന്തം നീചമായ ഭാഷയിലാണ് ഉണ്ണിത്താന്‍ ചാനലുകളിലൂടെ പ്രതികരിച്ചത്. ഒരുസംഘം യൂത്ത് കോണ്‍ഗ്രസുകാരെ ഇറക്കിവിട്ട് കൊച്ചിയില്‍ ന്യായാധിപന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയും കോലം കത്തിക്കുകയും ചെയ്തു. തിങ്കളാഴ്ച ഹൈക്കോടതിയില്‍ വിധിപ്പകര്‍പ്പ് കിട്ടാത്തതിന്റെ പേരില്‍ അഡ്വക്കറ്റ് ജനറല്‍ കോടതി ജീവനക്കാരെ ഭീഷണിപ്പെടുത്തിയതും കോടതിയെ വെല്ലുവിളിച്ച് വരുതിയില്‍ നിര്‍ത്താനുള്ള തന്ത്രമായി കണക്കാക്കുന്നു.

നേരത്തെ പാമൊലിന്‍ കേസില്‍ പ്രതികൂല പരാമര്‍ശമുണ്ടായപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജിനെ ഇറക്കിവിട്ട് വിജിലന്‍സ് ജഡ്ജിയെ അധിക്ഷേപിച്ചതിന് സമാനമായ നടപടികളാണ് അരങ്ങേറുന്നത്. അന്ന് ജഡ്ജിയെ പാകിസ്ഥാന്‍ ചാരന്‍ എന്നുവരെ വിളിച്ച് അധിക്ഷേപിച്ച് പുകച്ചുചാടിച്ചു. അതേ രീതിയില്‍ ഭീഷണിപ്പെടുത്തി അനുകൂല വിധി നേടാനുള്ള ഗൂഢപദ്ധതിയാണ് കോണ്‍ഗ്രസ് നേതൃത്വം ആവിഷ്കരിച്ചത്.

ജഡ്ജിക്ക് രാഷ്ട്രീയ തിമിരമെന്ന്  "വീക്ഷണം"

കോഴിക്കോട്: സലീംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പുകേസില്‍ മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയ ഹൈക്കോടതി ജഡ്ജി ഹാറൂണ്‍ അല്‍ റഷീദിന് രാഷ്ട്രീയതിമിരമാണെന്ന് കോണ്‍ഗ്രസ്. "മുഖ്യമന്ത്രിക്കെതിരായ രൂക്ഷവിമര്‍ശം കോടതിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേദിയാക്കി. ജഡ്ജിയുടേത് രാഷ്ട്രീയവൈരനിര്യാതനബുദ്ധിയോടെയുള്ള പരാമര്‍ശമാണ്"- പാര്‍ടി മുഖപത്രമായ "വീക്ഷണ"ത്തിലാണ് നീതിപീഠത്തിനെതിരെ രാഷ്ട്രീയ പക്ഷപാതിത്വം ആരോപിക്കുന്ന വിമര്‍ശനങ്ങള്‍. ജഡ്ജിക്കെതിരെ മന്ത്രി കെ സി ജോസഫും കോണ്‍ഗ്രസ് വക്താവ് രാജ്മോഹന്‍ ഉണ്ണിത്താനും ചൊരിഞ്ഞ ആക്ഷേപങ്ങളുടെ ചുവടുപിടിച്ചാണിത്. ചൊവ്വാഴ്ചത്തെ മുഖപ്രസംഗത്തിലാണ് ജഡ്ജിയെയും കോടതിയെയും വഴിവിട്ട് ആക്രമിക്കുന്നത്.

വിധിക്ക് മുമ്പെ മുന്‍വിധിയാണുണ്ടായിരിക്കുന്നത്. ഇത് സ്വാഭാവികവും സാമാന്യവുമായ നീതിനിഷേധമായും വീക്ഷണം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ പ്രതിയോഗികള്‍ക്കുള്ള ആയുധദാനമായി ആരെങ്കിലും ഇതിനെ കണ്ടാല്‍ കുറ്റപ്പെടുത്താനാവില്ല. ജഡ്ജിയുടെ പരാമര്‍ശത്തെ പത്രങ്ങളിലെ തലക്കെട്ടുകള്‍ക്കായുള്ള നീക്കമെന്നും അധിക്ഷേപിച്ചു. നീതിന്യായത്തിന്റെ രക്ഷകനും നിയമവാഴ്ചയുടെ കാവലാളും മാത്രമല്ല ന്യായാധിപന്‍, ജനാധിപത്യ വ്യവസ്ഥിതിയുടെ വിളക്കും വെളിച്ചവുംകൂടിയാണ്. ഇത്തരം മഹോന്നത പീഠത്തിലിരിക്കുന്നവരുടെ കണ്ണുകള്‍ക്ക് രാഷ്ട്രീയ തിമിരബാധയുണ്ടാകുന്നത് അത്യന്തം അപകടകരമാണെന്ന്- ന്യായാധിപന്റെ പേര് പറയാതെ വീക്ഷണം ഭീഷണി മുഴക്കി

deshabhimani

No comments:

Post a Comment