Monday, April 21, 2014

ഇഎസ്ഐ: സൗജന്യ ചികിത്സയും ആനുകൂല്യങ്ങളും ഇല്ലാതാകുന്നു

തൊഴിലാളികള്‍ക്ക് കൈത്താങ്ങാവേണ്ട ഇഎസ്ഐ കോര്‍പറേഷനില്‍ സൗജന്യ ചികിത്സയും ആനുകുല്യങ്ങളും ഇല്ലാതാവുന്നു. ആവശ്യത്തിനു മരുന്നും ചികിത്സാ സംവിധാനങ്ങളും ഇഎഎസ്ഐ ആശുപത്രികളിലില്ല. രോഗികള്‍ക്കുള്ള ചികിത്സയും മരുന്നും പുറത്തേക്ക് എഴുതിക്കൊടുക്കുന്നതും പതിവായി. മരുന്നിന്റെ തുക തിരിച്ചുകിട്ടാനുള്ള ബില്ലുകള്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്നു. ഒപ്പം കോര്‍പറേഷനില്‍ ധൂര്‍ത്തും ദുര്‍വ്യയവും വ്യാപകമായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളിദ്രോഹ നടപടികളുടെ തുടര്‍ച്ചയാണ് ഇഎസ്ഐയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നീക്കം. കൊടിക്കുന്നില്‍ സുരേഷ് കേന്ദ്രതൊഴില്‍ സഹമന്ത്രിയായിട്ടും കേരളത്തിന് ഒരു നേട്ടവും ഉണ്ടായില്ല.

2013 മാര്‍ച്ച് 31 വരെ ഇന്ത്യയില്‍ 1,85,61,500 തൊഴിലാളികള്‍ ഇഎസ്ഐ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു. കേരളത്തില്‍ 30,652 സ്ഥാപനങ്ങളില്‍ നിന്ന് 6,23,058 പേരുണ്ട്. ഇഎസ്ഐ കോര്‍പറേഷന്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണെങ്കിലും ഇഎസ്ഐ ആശുപത്രികള്‍ സംസ്ഥാന സര്‍ക്കാരിനു കീഴിലാണ്. സംസ്ഥാനത്ത് ഇഎസ്ഐസിക്കു കീഴില്‍ നാല് ആശുപത്രികളും സംസ്ഥാന സര്‍ക്കാരിനു കീഴില്‍ ഒമ്പത് ഇഎസ്ഐ ആശുപത്രികളും 137 ഡിസ്പെന്‍സറികളുമുണ്ട്. എന്നാല്‍, രോഗികളെ സ്വകാര്യ ആശുപത്രിയിലേക്ക് അയക്കുനവ സമീപനമാണ് ഇഎസ്ഐസി അധികൃതരുടേത്. അതോടൊപ്പം ആവശ്യത്തിനു ജീവനക്കാരെ നിയമിക്കാതെ കോര്‍പറേഷനെ സര്‍ക്കാര്‍ തകര്‍ക്കുകയും ചെയ്യുന്നു. കേരളത്തില്‍ നാനൂറോളം ജീവനക്കാരുടെ കുറവാണുള്ളത്. റീജണല്‍ ഓഫീസിനുപോലും മേധാവിയില്ല. 52 ബ്രാഞ്ച് ഓഫീസുകളില്‍ മാനേജര്‍മാരുമില്ല. ഇതുമൂലം തൊഴില്‍സ്ഥാപനങ്ങളില്‍ പരിശോധന നടത്താന്‍ കഴിയുന്നില്ല.

ഇഎസ്ഐ ഡിസ്പെന്‍സറികള്‍ തുടങ്ങി റഫറല്‍ ആശുപത്രികളില്‍വരെ സൗജന്യ ചികിത്സ, ജോലിക്കു പോകാനാവാത്ത ചികിത്സാകാലയളവില്‍ വര്‍ഷത്തില്‍ 91 ദിവസത്തെ ശമ്പളത്തിന്റെ 60 ശതമാനം തുക, തൊഴിലപകടം സംഭവിച്ചാല്‍ ശമ്പളത്തിന്റെ 70 ശതമാനം തുക, അപകടത്തില്‍ സ്ഥിരം വൈകല്യം സംഭവിച്ചാല്‍ ജോലിയില്‍ തുടരുമ്പോഴും പെന്‍ഷന്‍, 34 രോഗങ്ങള്‍ക്ക് രണ്ടു വര്‍ഷം വരെ ശമ്പളത്തിന്റെ 70 ശതമാനം തുക, പ്രസവാനുകൂല്യമായി 84 ദിവസത്തെ മുഴുവന്‍ ശമ്പളവും ആശുപത്രിച്ചെലവും, തൊഴിലപകടത്തില്‍ മരിക്കുന്ന തൊഴിലാളിയുടെ അശ്രിതര്‍ക്ക് പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങളാണ് ഇഎസ്ഐയിലുള്ളത്. എന്നാല്‍, ഇവ ഓരോന്നായി ഇല്ലാതാക്കുകയാണ്. സ്വകാര്യ സ്ഥാപനങ്ങളില്‍ മാസം 15,000 രൂപ വരെ വേതനമുള്ളവരാണ് ഇഎസ്ഐ പദ്ധതിക്കു കീഴില്‍ വരുന്നത്. പത്തു ജീവനക്കാരെങ്കിലുമുള്ള സ്ഥാപനങ്ങളെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍, സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ പത്തില്‍ താഴെയെന്ന് കാണിച്ച്് തൊഴിലുടമകള്‍ തട്ടിപ്പു നടത്തുകയാണ്്. ഇതുകണ്ടെത്തി നടപടി സ്വീകരിക്കാന്‍ ആവശ്യമായ സംവിധാനവുമില്ല.

വി എം രാധാകൃഷ്ണന്‍ deshabhimani

No comments:

Post a Comment