Tuesday, April 1, 2014

സിപിഐ എം വിരുദ്ധ വിശാല സഖ്യത്തിന് തിരിച്ചടി

ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കാനാകില്ലെന്ന സിബിഐ തീരുമാനം കോണ്‍ഗ്രസ്-ആര്‍എംപി ഗൂഢാലോചനയ്ക്കേറ്റ കനത്ത തിരിച്ചടി. അന്വേഷിക്കേണ്ട പ്രാധാന്യമൊന്നും കേസിനില്ലെന്ന് സിബിഐ വ്യക്തമാക്കിയതോടെ തെരഞ്ഞെടുപ്പ് വേളയില്‍ സിപിഐ എമ്മിനെയും എല്‍ഡിഎഫിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി വോട്ട് തട്ടാന്‍ നടത്തിയ ഉന്നതതല ഗൂഢാലോചനയാണ് പൊളിഞ്ഞത്. കേസ് അന്വേഷിക്കാനാകില്ലെന്ന് സിബിഐ നേരത്തെ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ച കാര്യം മുക്കിയതും വിവാദമാകുന്നു. തിങ്കളാഴ്ച ഡല്‍ഹിയില്‍ സിബിഐ വക്താവ് കാര്യങ്ങള്‍ തുറന്നുപറഞ്ഞതോടെയാണ് സര്‍ക്കാര്‍ ഒത്തുകളി തുറന്നുകാട്ടപ്പെട്ടത്.

യുഡിഎഫ് നേതൃത്വം സ്പോണ്‍സര്‍ചെയ്ത രാഷ്ട്രീയ നാടകത്തിന്റെ ഭാഗമായി ചന്ദ്രശേഖരന്റെ വിധവയും ആര്‍എംപി നേതാവുമായ കെ കെ രമയെ നിരാഹാരം കിടത്തിയാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. ഇതിനായി എല്ലാവിധ നിയമവിരുദ്ധ നടപടികളും സ്വീകരിച്ചു. ആദ്യം കെപിസിസി എക്സിക്യൂട്ടീവ് അംഗവും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലുമായ ടി ആസിഫലിയെക്കൊണ്ട് റിപ്പോര്‍ട്ട് തട്ടിക്കൂട്ടി മന്ത്രിസഭാ യോഗത്തിനുള്ള ഫയലാക്കി. രണ്ടുദിവസം രമ നിരാഹാരം കിടക്കുകയും തുടര്‍ന്ന് ഈ റിപ്പോര്‍ട്ടിന്റെ പേരില്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കാനുമായിരുന്നു പരിപാടി. എന്നാല്‍, ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം നടത്തിയാല്‍ നിയമത്തിന്റെ പിന്‍ബലമുണ്ടാകില്ലെന്ന് ഡിജിപി വ്യക്തമാക്കി. ഇതോടെ രമയ്ക്ക് നിരാഹാരം നിര്‍ത്താനാകാത്ത സ്ഥിതിയായി. അപ്പോഴാണ് സിബിഐ അന്വേഷണം തത്വത്തില്‍ അംഗീകരിച്ചെന്ന് പറഞ്ഞ് തടിതപ്പിയത്.

തുടര്‍ന്ന് വളഞ്ഞ വഴിയായി രമയുടെ പഴയ പരാതിയുടെ പേരില്‍ എടച്ചേരി പൊലീസ് പുതിയ കേസ് രജിസ്റ്റര്‍ചെയ്തു. ചോമ്പാലയില്‍ രജിസ്റ്റര്‍ചെയ്ത മറ്റൊരു ഗൂഢാലോചനാ കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷമാണ് പുതിയ കേസ് രജിസ്റ്റര്‍ചെയ്തതെന്നത് ഗൂഢാലോചനയുടെ ആഴം വ്യക്തമാക്കുന്നു. ഈ കേസ് അന്വേഷിക്കാന്‍ വിശ്വസ്തരായ അനുചര സംഘത്തെ നിയോഗിച്ചു. ഒരാഴ്ചപോലും തികയുന്നതിന് മുമ്പ് അനുചരസംഘം "അന്വേഷണം" പൂര്‍ത്തിയാക്കി. സിബിഐ അന്വേഷിക്കണമെന്ന് ഇവരെക്കൊണ്ട് റിപ്പോര്‍ട്ട് എഴുതി വാങ്ങിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യമാണ് സിബിഐ ഇപ്പോള്‍ തള്ളിയത്. യുഡിഎഫ് നേതൃത്വം മാത്രമല്ല, ആര്‍എംപിയും ഇതോടെ വെട്ടിലായി.

വിചാരണ പൂര്‍ത്തിയായി വിധി പ്രസ്താവിച്ച കേസില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോവുകയാണ് നിയമവ്യവസ്ഥ. ഇതിന് തുനിയാതെ ചന്ദ്രശേഖരന്‍ വധത്തെ ആര്‍എംപിയും യുഡിഎഫും രാഷ്ട്രീയ ആയുധമാക്കി. ഇത്തരം കേസുകളില്‍ തുടരന്വേഷണം വേണമെങ്കില്‍ വിചാരണക്കോടതി പറയണം. അല്ലെങ്കില്‍ പൊലീസ് അന്വേഷണത്തിലോ പ്രോസിക്യൂഷന്‍ കേസ് നടത്തിയതിലോ കോടതി അതൃപ്തി രേഖപ്പെടുത്തണം. ഇവിടെ രണ്ടുമുണ്ടായില്ല. അന്വേഷണത്തില്‍ പൂര്‍ണതൃപ്തരാണെന്നാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതുവരെ ആര്‍എംപിക്കാരും രമയും പറഞ്ഞത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കേസ് അന്വേഷണഘട്ടത്തില്‍ രണ്ട് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിച്ചു. കോണ്‍ഗ്രസിന്റെയും ആര്‍എംപിയുടെയും പ്രമുഖ നേതാക്കളായ ക്രിമിനല്‍ അഭിഭാഷകരാണ് കേസ് വാദിച്ചത്. ഒരാള്‍ ഡിസിസി പ്രസിഡന്റ്. മറ്റേയാള്‍ വടകരയിലെ ആര്‍എംപി സ്ഥാനാര്‍ഥി. കേസില്‍ വിധി വരുന്നതുവരെ രമയും ആര്‍എംപിയും യുഡിഎഫും തൃപ്തരുമായിരുന്നു. എന്നാല്‍, അവര്‍ പ്രതീക്ഷിച്ചപോലെ വിധി സിപിഐ എമ്മിന് എതിരായില്ല. സിപിഐ എം ഗൂഢാലോചനയെന്ന നുണപ്രചാരണം തുറന്നുകാട്ടപ്പെട്ടു. ഇതോടെയാണ് സിപിഐ എമ്മിനെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ സിബിഐ അന്വേഷണം എന്ന "ആയുധം" പുറത്തെടുത്തത്.

എം രഘുനാഥ് deshabhimani

No comments:

Post a Comment