Tuesday, April 1, 2014

നന്മവിതയ്ക്കാന്‍ കര്‍ഷകപക്ഷം

കര്‍ഷകസമരത്തിന്റെ തീച്ചൂളയില്‍നിന്ന് ഉയര്‍ന്നുവന്ന ഇടുക്കിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ജോയ്സ്ജോര്‍ജ് ഹൈറേഞ്ചിന്റെയും ലോറേഞ്ചിന്റെയും ജനഹൃദയം കീഴടക്കി മുന്നേറുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂട് കൂടുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയത്തിലേക്ക് കുതിക്കുകയാണ്. കര്‍ഷക മണ്ണിന്റെ കാവല്‍ക്കാരനായി മാറിയ ജോയ്സിനെ വരവേല്‍ക്കാനും ആശീര്‍വദിക്കാനും മലമടക്കുകളില്‍ ഒഴുകിയെത്തുന്നത് തോട്ടംതൊഴിലാളികളും നാണ്യവിള കര്‍ഷകരുമാണെങ്കില്‍ ഇടനാട്ടില്‍ റബര്‍, പൈനാപ്പിള്‍ കര്‍ഷകരും ജീവനക്കാരും ഇതര ജനവിഭാഗങ്ങളുമാണ്. ഗാഡ്ഗില്‍- കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ മലയോര മേഖലയിലാകെ ഉയര്‍ന്ന അതിശക്തമായ സമരനാളുകള്‍ വിശദീകരിക്കുമ്പോള്‍ നാനാഭാഗത്തുനിന്നും ജനം കൂട്ടമായെത്തുകയാണ്. ഇതുവരെ നടത്തിയ പോരാട്ടത്തിന്റെ തുടര്‍ച്ചയായാണ് തന്റെ സ്ഥാനാര്‍ഥിത്വത്തെ കാണുന്നതെന്നും ഈ തെരഞ്ഞെടുപ്പും സമരത്തിന്റെ ഭാഗമായാണ് കാണുന്നതെന്നും പറയുമ്പോള്‍ കേള്‍വിക്കാരില്‍ ആവേശം ജ്വലിക്കുന്നു.

ജനവഞ്ചകര്‍ക്കുമേല്‍ കര്‍ഷകസ്നേഹികളുടെ മേല്‍ക്കൈ മലനാട്ടില്‍ വിജയം നിര്‍ണയിക്കും. കര്‍ഷകസ്നേഹ നാട്യക്കാരുടെ കപടമുഖം മലയോരമണ്ണിലും ഇടനാട്ടിലും വലിച്ചുകീറപ്പെട്ടപ്പോള്‍ പരമ്പരാഗത വോട്ടുകള്‍പോലും ലഭിക്കില്ലെന്ന് യുഡിഎഫ് തിരിച്ചറിഞ്ഞു. ഇതോടെ, പണം ഒഴുക്കിയും അപവാദ പ്രചാരണങ്ങളുടെയും തന്ത്രം മെനയുകയാണ്. സിറ്റിങ് മണ്ഡലം ബാലികേറാമലയെന്ന് തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അവസാനിമിഷം പി ടി തോമസിനെ ഒഴിവാക്കി. ഒരു ലക്ഷം പോസ്റ്ററും അടിച്ച് ഒരുഘട്ടം പ്രചാരണം പൂര്‍ത്തിയാക്കിയപ്പോഴാണ് പി ടി തോമസിന് മാറേണ്ടിവന്നത്. ഒടുവില്‍ താന്‍ നിര്‍ദേശിച്ച പകരക്കാരന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍കുര്യാക്കോസാണ് മനസ്സില്ലാ മനസ്സോടെ പോര്‍ക്കളത്തിലിറങ്ങിയത്. മലയോര ജനതയോടും മതമേലധ്യക്ഷന്മാരോടും കടുത്ത അമര്‍ഷം പ്രകടിപ്പിച്ച നേതാവ് പി ടി തോമസിന്റെ തുടര്‍നയം തന്നിലൂടെ പൂര്‍ത്തീകരിക്കുമെന്ന് വ്യക്തമാക്കിയുള്ള ആദ്യഘട്ട പ്രചാരണം നേതൃത്വംതന്നെ ഇടപെട്ട് വിലക്കി. കര്‍ഷകപ്രശ്നങ്ങളോ മറ്റ് ജനകീയ വിഷയങ്ങളോ ചര്‍ച്ചചെയ്യാതെ രാഹുല്‍ഗാന്ധിക്ക് കരുത്തേകാന്‍ വോട്ടുചെയ്യണമെന്ന് മാത്രമാണ് മടിച്ചുമടിച്ച് പറയുന്നത്.

ജനവിരുദ്ധ നയം പിന്തുടരുന്നവരെ ജനം പറിച്ചെറിയുമെന്ന ഇടുക്കി ബിഷപ്പിന്റെ ശക്തമായ പ്രതികരണമാണ് മണ്ഡലത്തിലെങ്ങും മുഴങ്ങുന്നത്. കസ്തൂരിരംഗന്‍ പ്രതിഷേധം കനത്തപ്പോള്‍ രക്ഷപ്പെടാന്‍ കരടുവിജ്ഞാപനം ഒറ്റദിനംകൊണ്ടിറക്കി അണികളെ സജീവമാക്കാനായിരുന്നു ശ്രമം. പിന്നാലെ ഹരിതട്രിബ്യൂണല്‍ നിലപാടുകൂടി വെളിപ്പെട്ടതോടെ യുഡിഎഫ് നില കൂടുതല്‍ പരുങ്ങലിലായി. മലയോര കര്‍ഷകസ്നേഹം അടിസ്ഥാന തത്വമായി കൊണ്ടുനടക്കുന്ന കേരള കോണ്‍ഗ്രസ് കാപട്യവും സീറ്റ് നല്‍കാതെയുള്ള കോണ്‍ഗ്രസ് വഞ്ചനയും പ്രവര്‍ത്തകരില്‍ സജീവ ചര്‍ച്ചയാണ്. കോണ്‍ഗ്രസ്-മാണി വഞ്ചനയില്‍ മടിച്ചുനില്‍ക്കുന്ന ജോസഫ് ഗ്രൂപ്പ് അണികളെ സജീവമാക്കാനുള്ള പെടാപ്പാടിലാണ് കോണ്‍ഗ്രസുകാര്‍. അതേസമയം എല്‍ഡിഎഫ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നു. സിപിഐ എം നേതാക്കളായ എസ് രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്‍, വി എസ് അച്യുതാനന്ദന്‍ തുടങ്ങിയവര്‍ മണ്ഡലത്തില്‍ പര്യടനം നടത്തി.

കെ ടി രാജീവ് deshabhimani

No comments:

Post a Comment