Friday, April 4, 2014

ആര്‍എസ്പി മുന്നണിമാറ്റം ആഴ്ചകള്‍ക്കുമുമ്പ് ഉറപ്പിച്ചു

കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ആര്‍എസ്പി എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് പോയത് ഗൂഢാലോചനയുടെ ഭാഗമായാണെന്ന് തെളിഞ്ഞു. ആര്‍എസ്പി എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേക്കേറുന്ന വിവരം നേരത്തെ തീരുമാനിച്ചതാണെന്ന് കോണ്‍ഗ്രസ് നേതാവ് എന്‍ പീതാംബരക്കുറുപ്പ് വ്യാഴാഴ്ച കൊല്ലത്ത് നടന്ന യോഗത്തില്‍ വെളിപ്പെടുത്തി. ഇതോടെ, എല്‍ഡിഎഫ് സീറ്റ് നിഷേധിച്ചു വഞ്ചിച്ചതാണ് മുന്നണിവിടാന്‍ കാരണമെന്ന ആര്‍എസ്പിയുടെ വാദം പച്ചക്കള്ളമാണെന്ന് വ്യക്തമായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്ത യുഡിഎഫ് തെരഞ്ഞെടുപ്പു യോഗത്തിലായിരുന്നു കുറുപ്പിന്റെ വെളിപ്പെടുത്തല്‍. കുറുപ്പിന്റെ ആമുഖ പ്രസംഗത്തിനുശേഷമാണ് മുഖ്യമന്ത്രി എത്തിയത്. ആര്‍എസ്പി എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചതിന്റെ മൂന്നാഴ്ച മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും തന്നോട് ചര്‍ച്ച നടത്തിയിരുന്നുവെന്ന് പീതാംബരക്കുറുപ്പ് പറഞ്ഞു. കൊല്ലം സീറ്റ് എല്‍ഡിഎഫില്‍നിന്നു വരുന്ന ഒരു കക്ഷിക്ക് നല്‍കേണ്ടിവരുമെന്നാണ് സൂചിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ രഹസ്യചര്‍ച്ചകളും നടന്നിരുന്നു. താന്‍ കൊല്ലത്തായിരിക്കെ ഒരു ദിവസം തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ആഭ്യന്തരമന്ത്രിയും ആമുഖമായി ചില കാര്യങ്ങള്‍ പറഞ്ഞപ്പോള്‍തന്നെ തനിക്ക് കുഴപ്പം തോന്നിയിരുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ മൂന്ന് എംഎല്‍എമാര്‍ യുഡിഎഫ് വിടാന്‍ സാധ്യതയുണ്ടെന്നും ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ആവശ്യമുണ്ടെന്നുമാണ് അവര്‍ പറഞ്ഞത്. അപ്പോള്‍ സര്‍ക്കാരിന് ആര്‍എസ്പിയുടെ രണ്ട് എംഎല്‍എമാരെ കിട്ടുന്നത് നിസ്സാര കാര്യമല്ല. ഒമ്പതു വയസ്സുമുതല്‍ കോണ്‍ഗ്രസിനുവേണ്ടി പ്രസംഗിച്ചുനടന്ന എളിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ താന്‍ അവരുടെ നിര്‍ദേശം അംഗീകരിക്കുകയായിരുന്നുവെന്നും പീതാംബരക്കുറുപ്പ് പറഞ്ഞു. മന്ത്രി ഷിബു ബേബിജോണും യോഗത്തില്‍ പങ്കെടുത്തിരുന്നു.

ആര്‍എസ്പി തകര്‍ന്നത് ചന്ദ്രചൂഡന്റെ കാലത്ത്: ബാബു ദിവാകരന്‍

കൊല്ലം: അംഗബലത്തില്‍ ചെറിയ പാര്‍ടിയാണെങ്കിലും കരുത്തുറ്റ നേതൃശേഷിയുണ്ടായിരുന്ന ആര്‍എസ്പിക്ക് പ്രൊഫ. ടി ജെ ചന്ദ്രചൂഡന്റെ കാലത്ത് ആ സ്ഥാനം നഷ്ടപ്പെട്ടെന്ന് ആര്‍എസ്പി എം നേതാവ് ബാബുദിവാകരന്‍ പറഞ്ഞു.

ഡിസംബറില്‍ത്തന്നെ എല്‍ഡിഎഫ് വിടുന്ന കാര്യം ആര്‍എസ്പി ആലോചിച്ചിരുന്നെന്നാണ് ചന്ദ്രചൂഡന്‍ കഴിഞ്ഞദിവസം പറഞ്ഞത്. എല്‍ഡിഎഫ് വിടാന്‍ തീരുമാനിച്ചശേഷം ഒരു മാസത്തോളം ചന്ദ്രചൂഡന്‍ എവിടെയായിരുന്നു. ആര്‍എസ്പി കേരളഘടകത്തിന്റെ തീരുമാനം ദേശീയനേതൃത്വത്തില്‍ ഭൂരിപക്ഷവും അംഗീകരിക്കുന്നില്ല. പശ്ചിമബംഗാള്‍ ഘടകവും ഈ തീരുമാനം തള്ളി. ആര്‍എസ്പി ദീര്‍ഘകാലം മത്സരിച്ച കൊല്ലം ലോക്സഭാ സീറ്റ് 1999ല്‍ നഷ്ടപ്പെട്ടതിന്റെ മുഖ്യ ഉത്തരവാദി ചന്ദ്രചൂഡനാണ്. ആറുമാസം അമേരിക്കയിലും ബാക്കി ആറുമാസം കേരളത്തിലും കഴിയുന്ന നേതാവാണ് ചന്ദ്രചൂഡന്‍. അമേരിക്കയില്‍നിന്ന് കേരളത്തിലെത്തുന്ന വേളയില്‍ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ സിപിഐ എമ്മിനും അതിന്റെ നേതാക്കള്‍ക്കും എതിരെ എന്തെങ്കിലും പറഞ്ഞ് വിവാദമുണ്ടാക്കുന്നതാണ് ചന്ദ്രചൂഡന്റെ ഏക പണിയെന്നും ബാബു ദിവാകരന്‍ പറഞ്ഞു. സ്വന്തം ലോക്കല്‍കമ്മിറ്റിയുടെ പിന്‍ബലമില്ലാതിരുന്ന ചന്ദ്രചൂഡന്‍ വി പി രാമകൃഷ്ണപിള്ളയെ സമര്‍ഥമായി ഉപയോഗിച്ച് പാര്‍ടി പിളര്‍ത്തുകയായിരുന്നെന്നും ബാബു ദിവാകരന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment