Friday, April 4, 2014

എജിയുടെ നിയമോപദേശം ബാറുകാര്‍ക്ക് ചോര്‍ത്തി

നിലവാരം കുറഞ്ഞെന്ന കാരണം പറഞ്ഞ് ലൈസന്‍സ് പുതുക്കാത്ത 418 ബാറുകളുടെ ലൈസന്‍സ് തെരഞ്ഞെടുപ്പിനുശേഷം പുതുക്കിനല്‍കാന്‍ രഹസ്യ തീരുമാനം. എല്ലാ ബാറുകളുടെയും ലൈസന്‍സ് പുതുക്കിക്കൊടുക്കണമെന്ന അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണിയുടെ നിയമോപദേശത്തിന്റെ പിന്‍ബലത്തിലാണ് ഇതിനുള്ള നീക്കം. എജിയുടെ നിയമോപദേശത്തിന്റെ പകര്‍പ്പ് ബാര്‍ ഉടമകള്‍ക്ക് രഹസ്യമായി ചോര്‍ത്തിനല്‍കി. ലൈസന്‍സ് പുതുക്കാത്തതിനെതിരെ ബാര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണനയ്ക്ക് വരുമ്പോള്‍ ഇത് അവര്‍ ഹാജരാക്കും. നിയമോപദേശത്തെ കോടതിയില്‍ എതിര്‍ക്കാന്‍ സര്‍ക്കാരിന് ബുദ്ധിമുട്ടാകും. ഈ പഴുതില്‍ അനുകൂലവിധി നേടി ലൈസന്‍സ് പുതുക്കാമെന്നാണ് വാക്ക് നല്‍കിയിരിക്കുന്നത്. വന്‍കിട ഹോട്ടലുകളുടെ 335 ബാര്‍ ലൈസന്‍സ് പുതുക്കിയതുവഴി 25 കോടിയുടെ കോഴ ഇടപാട് നടത്തിയതിനു പിന്നാലെയാണ് കോടതിയെ കബളിപ്പിച്ചുകൊണ്ടുള്ള ഈ നീക്കം. സര്‍ക്കാര്‍ ദൂതന്മാര്‍ ബാര്‍ലോബിയുമായി ഇതുസംബന്ധിച്ച് ധാരണയിലെത്തി.

ഗുണനിലവാരമില്ലെന്ന കാരണംപറഞ്ഞ് 418 ബാറുകളുടെ ലൈസന്‍സ് പുതുക്കാത്തത് അബ്കാരി നിയമത്തിന്റെ ലംഘനമാണെന്ന് എക്സൈസ് കമീഷണര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. വിദേശമദ്യ ചട്ടം അനുസരിച്ച് 15 ദിവസത്തെ മുന്‍കൂര്‍ നോട്ടീസിനുശേഷമേ ബാര്‍ അടച്ചുപൂട്ടി മുദ്രവയ്ക്കാന്‍ പാടുള്ളൂ. ഇത് ലംഘിച്ചാണ് മാര്‍ച്ച് 31ന് രാത്രി ബാറുകള്‍ കൂട്ടത്തോടെ പൂട്ടിയത്. തിങ്കളാഴ്ച കോടതിയില്‍ ഇക്കാര്യവും ചൂണ്ടിക്കാട്ടും. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് ആവശ്യപ്പെട്ട പണം നല്‍കാത്തതാണ് ലൈസന്‍സ് പുതുക്കിക്കൊടുക്കുന്നതിനെ എതിര്‍ക്കാന്‍ കാരണം. അബ്കാരിനയത്തിന് പാര്‍ടി അംഗീകാരം നല്‍കണമെങ്കില്‍ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് പണം നല്‍കണമെന്നായിരുന്നു നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍, സര്‍ക്കാരിലെ ഉന്നതര്‍ തങ്ങള്‍ക്ക് കോഴ നല്‍കണമെന്ന് ആവശ്യമുന്നയിച്ചു. പാര്‍ടിയും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തെതുടര്‍ന്ന് ലൈസന്‍സ് പുതുക്കരുതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കെപിസിസിയുടെ നിലപാടിനെത്തുടര്‍ന്നാണ് 418 ബാര്‍ ലൈസന്‍സ് പുതുക്കാത്തതെന്നാണ് യുഡിഎഫ് നേതൃത്വം അവകാശപ്പെട്ടത്. കോഴ വീതംവയ്പ്പിലെ തര്‍ക്കമല്ലാതെ മറ്റൊരു നയപ്രശ്നവും ഇതിലില്ല. ഇതിനിടെ കെട്ടിക്കിടക്കുന്ന മദ്യം വിറ്റഴിക്കാന്‍ മദ്യക്കമ്പനികളുമായി സര്‍ക്കാര്‍ രഹസ്യധാരണ ഉണ്ടാക്കി. ജനപ്രിയ ബ്രാന്‍ഡുകളല്ലാത്തതുമൂലം ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന മദ്യമാണ് ഇങ്ങനെ വിറ്റഴിക്കുന്നത്.

കെ ശ്രീകണ്ഠന്‍

ജുഡീഷ്യല്‍ അന്വേഷണം വേണം: കോടിയേരി

കോട്ടയം: സംസ്ഥാനത്ത് 335 വന്‍കിടബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കുന്നതിന്റെ മറവില്‍ 25 കോടി രൂപയുടെ അഴിമതി നടന്നത് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. അന്വേഷണം പ്രഖ്യാപിച്ചാല്‍ തെളിവുകള്‍ ഹാജരാക്കുമെന്നും കോട്ടയം പ്രസ്ക്ലബിന്റെ "നിലപാട്-2014" ല്‍ അദ്ദേഹം പറഞ്ഞു.
ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാനുള്ള ഫയല്‍ മന്ത്രിസഭായോഗത്തില്‍ വന്നപ്പോള്‍ നിയമവകുപ്പും താനും കണ്ടിട്ടില്ലെന്നായിരുന്നു നിയമമന്ത്രി കെ എം മാണി പറഞ്ഞത്. അങ്ങനെ മാറ്റിയ ശേഷം വീണ്ടും പരിഗണിച്ചപ്പോള്‍ മാണിക്കും എതിര്‍പ്പുണ്ടായില്ല. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് എമ്മും ചേര്‍ന്നുള്ള കൂട്ടുകച്ചവടമാണുണ്ടായത്. 418 ചെറുകിട ബാറുകാരുടെ പണത്തിന്റെ കാര്യത്തില്‍ തീരുമാനമാകാത്തതു കൊണ്ടാണ് അവരുടെ കാര്യം മാറ്റിവെച്ചത്. ഓരോ ബാറുകളുടെയും യോഗ്യത പരിശോധിച്ച് ലൈസന്‍സ് പുതുക്കും. യോഗ്യത തീരുമാനിക്കുന്നത് മന്ത്രി കെ ബാബുവും അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരുമാണ്. ഓരോ ബാറിനും വിലപേശി ലൈസന്‍സ് നല്‍കാനാണ് നീക്കം. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷവും അഴിമതിക്കാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നതിന്റെ തെളിവാണിത്. മന്ത്രിസഭാ തീരുമാനത്തെ സദുദ്ദേശപരമായി കണ്ടാണ് ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം അഭിപ്രായം പറഞ്ഞത്. ഒരു ബാര്‍ കുറഞ്ഞുകിട്ടിയാല്‍ അത്രയും നല്ലതെന്നാണ് അദ്ദേഹം ചിന്തിക്കുന്നത്. എന്നാല്‍, യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്.ഒരു ബാറും കുറയാന്‍ പോകുന്നില്ല. പണം നല്‍കിയാല്‍ ആര്‍ക്കുവേണമെങ്കിലും ബാര്‍ തുടങ്ങാമെന്നതാണ് തീരുമാനം.

ഹൈക്കോടതി ജഡ്ജിയുമായുള്ള കൂടിക്കാഴ്ചയിലെ ദുരൂഹത തിരക്കുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആദ്യം ശാലുമേനോന്റെ വീട്ടിലെത്തി കരിക്കു കുടിച്ചതിലെ ദുരൂഹത മാറ്റാന്‍ തയാറാകണം. ദല്ലാള്‍ നന്ദകുമാറുമായി ബന്ധപ്പെട്ട് തിരുവഞ്ചൂരിനെതിരായ കേസില്‍ വിധി പറയുന്നതിന് നാലു ദിവസം മുന്‍പ് അദ്ദേഹം കോട്ടയം വിജിലന്‍സ് കോടതി ജഡ്ജിയുമായി കൂടിക്കാഴ്ച നടത്തി. അത് കേസിനെ സ്വാധീനിക്കാനാണെന്ന ആക്ഷേപം അന്നും ഇന്നും തങ്ങള്‍ ഉന്നയിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവായിരിക്കുമ്പോള്‍ സ്റ്റേറ്റ് കാര്‍ ഉപേക്ഷിച്ച് അന്നത്തെ ചീഫ് ജസ്റ്റിസിനെ എന്തിനാണ് കണ്ടത്. വിവാദപരമായ കേസ് ചീഫ്ജസ്റ്റിസിന്റെ പരിഗണനയിലുള്ള സന്ദര്‍ഭത്തിലായിരുന്നു ഇത്. കൂടിക്കാഴ്ച നടത്തി ജഡ്ജിയെ സ്വാധീനിക്കാനാവുമെന്ന അഭിപ്രായം തനിക്കില്ല. ഉമ്മന്‍ചാണ്ടിക്കെതിരായ ഹൈക്കോടതി വിധിയില്‍ നിന്നും ശ്രദ്ധ തിരിടക്കാനാണ് ഇപ്പോഴത്തെ ആരോപണം. മുഖ്യമന്ത്രിക്കെതിരായ വിധിയിലെ രണ്ടു വാചകങ്ങള്‍ മാത്രമാണ് നീക്കം ചെയ്തത്. എഴുപതാം ഖണ്ഡിക ഇപ്പോഴും നിലനില്‍ക്കുന്നു. സലിംരാജ്, സരിത എന്നിവരെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നീക്കണമെന്നാണ് ആവശ്യപ്പെട്ടത്. സരിതയെക്കുറിച്ച് പരാമര്‍ശം വന്നാല്‍ മുഖ്യമന്ത്രിക്കെന്താണ്? രാജന്‍ കേസിലും ചാരക്കേസിലും കോടതി പരാമര്‍ശം വന്നപ്പോള്‍ അപ്പീല്‍ പോകാതെയാണ് കെ കരുണാകരന്‍ രാജി വെച്ചത്. മന്ത്രിയായിരുന്ന കെ പി വിശ്വനാഥനും ഇതേ വഴി സ്വീകരിച്ചു. ലോകായുക്ത പരാമര്‍ശം ഉണ്ടായപ്പോള്‍ ഹൈക്കോടതിയെ പോലും സമീപിക്കാതെയായിരുന്നു കെ കെ രാമചന്ദ്രന്‍ മാസ്റ്ററുടെ രാജി. ഇവരെല്ലാം ഉയര്‍ത്തിപ്പിടിച്ച പാരമ്പര്യം ഉമ്മന്‍ചാണ്ടിക്കും ബാധകമാണ്. എന്നാല്‍, അതില്‍ നിന്നെല്ലാം ശ്രദ്ധ തിരിക്കാനാണ് തനിക്കും ജഡ്ജിക്കുമെതിരെ ആക്ഷേപം ചൊരിയുന്നത്. ജഡ്ജിക്കെതിരായ ആക്ഷേപങ്ങളോട് കോണ്‍ഗ്രസിന് യോജിപ്പില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരനും വ്യക്തമാക്കി. എന്നിട്ടും ചിലര്‍ വിവാദമാക്കി കൊഴുപ്പിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

deshabhimani

No comments:

Post a Comment