Friday, April 4, 2014

സ്വകാര്യബാങ്കുകള്‍ക്ക് ലൈസന്‍സ്: പ്രതിഷേധിക്കുക- ബെഫി

പൊതുതെരഞ്ഞെടുപ്പിന്റെ ഇടയില്‍ തെരഞ്ഞെടുപ്പു കമീഷന്റെ പ്രത്യേകാനുമതി വാങ്ങി പുതിയ സ്വകാര്യബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള റിസര്‍വ് ബാങ്കിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് ജില്ലാ കേന്ദ്രങ്ങളില്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ ബെഫി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

വിദേശ മൂലധന പിന്തുണയുള്ള സ്വകാര്യ മൂലധനത്തിന്റെ നിക്ഷിപ്തതാല്‍പ്പര്യങ്ങള്‍ക്കു ചൂട്ടുപിടിക്കുന്ന നടപടിയാണ് റിസര്‍വ്ബാങ്ക് അധികാരികള്‍ കൈക്കൊള്ളുന്നത്. വ്യവസായകുടുംബങ്ങള്‍ക്ക് ബാങ്ക് ലൈസന്‍സ് നല്‍കുന്ന നയത്തിന്റെ ഭാഗമായി പുതിയ രണ്ടു സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ബാങ്ക് തുടങ്ങാന്‍ തത്വത്തില്‍ അംഗീകാരം നല്‍കിക്കൊണ്ടുള്ള റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനം വന്നിട്ടുണ്ട്. 18 മാസങ്ങള്‍ക്കുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ശാഖകള്‍ തുടങ്ങണമെന്നാണ് നിര്‍ദേശം. ഐഡിഎഫ്സി, ബന്ധന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നീ സ്വകാര്യസ്ഥാപനങ്ങള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇതില്‍ ബന്ധന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈക്രോ ഫിനാന്‍സ് സ്ഥാപനമാണ്. 36 ശതമാനംവരെ പലിശ ഈടാക്കി ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുന്ന സ്ഥാപനങ്ങളാണ് മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍. ഇത്തരം സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിക്കൊണ്ട് ബാങ്കിങ്വ്യവസായം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാമെന്ന അധികാരികളുടെ പ്രസ്താവനകള്‍ക്ക് യാഥാര്‍ഥ്യങ്ങളുമായി ബന്ധമില്ല.

ബാങ്ക് ദേശസാല്‍ക്കരണത്തിനുമുമ്പ് രാജ്യത്ത് പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ ബാങ്കുകള്‍ ഗ്രാമീണശാഖകള്‍ തുറക്കുന്നതിനോ കാര്‍ഷികവായ്പകള്‍ നല്‍കുന്നതിനോ തയ്യാറായിരുന്നില്ല. നവ ഉദാരവല്‍ക്കരണ നയങ്ങളുടെ രണ്ടു പതിറ്റാണ്ടിനിടയില്‍ ആരംഭിച്ച നവ സ്വകാര്യബാങ്കുകളുടെയും പ്രവര്‍ത്തനരീതി വ്യത്യസ്തമല്ല. ഗ്രാമീണശാഖകള്‍ തുറക്കുന്നതിലോ കാര്‍ഷികവായ്പ അടക്കമുള്ള മുന്‍ഗണനാ വായ്പകള്‍ നല്‍കുന്നതിലോ നവ സ്വകാര്യബാങ്കുകള്‍ ബഹുദൂരം പിന്നിലാണ്. ജനവിശ്വാസം ആര്‍ജിക്കാന്‍ ഇത്തരം ബാങ്കുകള്‍ക്കു കഴിഞ്ഞിട്ടില്ലെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ടൈംസ് ബാങ്ക്, ഗ്ലോബല്‍ ട്രസ്റ്റ് ബാങ്ക്, സെഞ്ചൂറിയന്‍ ബാങ്ക്, ബാങ്ക് ഓഫ് പഞ്ചാബ് തുടങ്ങി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ ബാങ്കുകളുടെ ചരിത്രവും നമ്മുടെ മുന്നിലുണ്ട്.

deshabhimani

No comments:

Post a Comment