Wednesday, April 9, 2014

കോഴിക്കോട്ട് എല്‍ഡിഎഫ് ഉജ്വല വിജയം നേടുമെന്ന് സര്‍വേ

കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് ഉജ്വല വിജയം നേടുമെന്ന് സര്‍വേ. കഴിഞ്ഞതവണ യുഡിഎഫിന് ലഭിച്ചതില്‍നിന്ന് 3.6 ശതമാനം വോട്ട് എല്‍ഡിഎഫിലേക്ക് മാറുമെന്നും ഇലക്ഷന്‍ വാച്ച് കോഴിക്കോട്- 2014 നടത്തിയ അഭിപ്രായ സര്‍വേയില്‍ പറയുന്നു. കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍പെട്ട ഏഴ് നിയമസഭാ മണ്ഡലങ്ങളിലെ 1202 വോട്ടര്‍മാരില്‍നിന്ന് ഈമാസം രണ്ടിനും മൂന്നിനും ശേഖരിച്ച സര്‍വേയിലാണ് എല്‍ഡിഎഫ് വിജയം സുനിശ്ചിതമാണെന്ന് ചൂണ്ടിക്കാട്ടുന്നത്. എല്‍ഡിഎഫിന് 44.61 ഉം യുഡിഎഫിന് 38.02 ഉം ശതമാനം വോട്ട് ലഭിക്കുമെന്നാണ് സര്‍വേ. യുഡിഎഫിനെക്കാള്‍ 6.59 ശതമാനം അധികം എല്‍ഡിഎഫിന് കിട്ടും. പുതിയ വോട്ടര്‍മാര്‍കൂടി വരുമ്പോഴാണ് വ്യക്തമായ മുന്‍തൂക്കം ലഭിക്കുന്നത്. ബിജെപിക്ക് 12.55 ശതമാനവും മറ്റുള്ളവര്‍ക്ക് 4.82 ശതമാനവുമാണ് വോട്ട്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്ക് 1.3 ശതമാനം വോട്ട് വര്‍ധനയും ആംആദ്മി പാര്‍ടി അടക്കമുള്ള സ്വതന്ത്രര്‍ക്ക് 1.8 ശതമാനം വര്‍ധനയും ഉണ്ടാകുമെന്നും സര്‍വേയിലുണ്ട്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 53.4 ശതമാനം സ്ത്രീകളും 46.6 ശതമാനം പുരുഷന്മാരുമാണ്.

പാചകവാതക വിലവര്‍ധനയും ആധാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പ്രതിഫലിക്കുമെന്ന് സ്ത്രീകളില്‍ 32.9 ശതമാനവും അഭിപ്രായപ്പെട്ടു. കാര്‍ഷിക അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട 38 ശതമാനം പേര്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരായ വികാരവും പങ്കുവയ്ക്കുന്നു. പുതിയ വോട്ടര്‍മാര്‍ ഒമ്പത്, യുവജനങ്ങള്‍ 28.5, മധ്യവയസ്കര്‍ 41.1, 55 വയസിന് മുകളില്‍ പ്രായമുള്ളവര്‍ 18.4 ശതമാനം എന്നിങ്ങനെയാണ് സര്‍വേയില്‍ പങ്കെടുത്ത മറ്റുള്ളവര്‍. തെരഞ്ഞെടുപ്പില്‍ വിഷയമാകുന്ന ഒമ്പത് പ്രശ്നങ്ങളാണ് വോട്ടര്‍മാര്‍ക്കുമുമ്പില്‍ അവതരിപ്പിച്ചത്. നാല് വിഷയങ്ങള്‍ പ്രധാനമെന്നാണ് വോട്ടര്‍മാരുടെ വിലയിരുത്തല്‍. വിലക്കയറ്റമാണ് പ്രധാനം. 87.9 ശതമാനവും ഈ അഭിപ്രായക്കാരാണ്. 66.1 ശതമാനം അഴിമതിയും 51.7 ശതമാനം സ്ത്രീസുരക്ഷയും 43.1 പേര്‍ സാമ്പത്തിക നയങ്ങളും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് കണ്ടു. വികസനം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് കണ്ടെത്തിയത് 31.8 ശതമാനമാണ്.

2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 42.92 ശതമാനവും എല്‍ഡിഎഫ് 42.91 ശതമാനം വോട്ടുമാണ് നേടിയത്. ബിജെപി 11.25ഉം മറ്റുള്ളവര്‍ 3.02ഉം ശതമാനം വോട്ട് നേടി. 23.8 ശതമാനം രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായും 18.1 ശതമാനം പേര്‍ നരേന്ദ്ര മോഡിയെ പ്രധാനമന്ത്രിയായും കാണുന്നു. 36.9 ശതമാനം പേര്‍ കോണ്‍ഗ്രസിതര ബിജെപിയിതര സര്‍ക്കാര്‍ വരുമെന്ന് അഭിപ്രായപ്പെട്ടു. 52.4 ശതമാനം പേര്‍ യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മേശമാണെന്ന് വിലയിരുത്തി. യുഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം മോശമാണെന്ന് വിലയിരുത്തിയവര്‍ 54.4 ശതമാനമാണ്.

ദേവഗിരി സെന്റ് ജോസഫ്സ് കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് അധ്യാപകന്‍ ഡോ. ജോബി കെ ജോസ് ചെയര്‍മാനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇ രാധാകൃഷ്ണന്‍ ജനറല്‍ സെക്രട്ടറിയുമായുള്ള ഇലക്ഷന്‍ വാച്ചാണ് സര്‍വേ വിവരങ്ങള്‍ പുറത്തുവിട്ടത്.

deshabhimani

No comments:

Post a Comment