Wednesday, April 9, 2014

പ്രേമചന്ദ്രന്റെ പുതിയ പേര് സമൂഹം ചാര്‍ത്തിക്കൊടുത്തത്: പിണറായി

പ്രേമചന്ദ്രന് ഇപ്പോള്‍ കിട്ടിയ പേര് സമൂഹം ചാര്‍ത്തിക്കൊടുത്തതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇതില്‍ പ്രധാന പങ്ക് വഹിച്ച മാധ്യമങ്ങളോട് വലിയ നന്ദിയുണ്ട്. പ്രേമചന്ദ്രന്‍ എന്താണെന്ന് മാധ്യമങ്ങളാണ് വിളിച്ചുപറഞ്ഞത്. കണ്ണൂര്‍ പ്രസ് ക്ലബ്ബിന്റെ ജനവിധി-2014" പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊല്ലത്ത് പ്രേമചന്ദ്രനെ ഞാന്‍ പേരെടുത്ത് പറഞ്ഞിട്ടില്ല. ആര്‍എസ്പിയുടെ മാറ്റത്തെക്കുറിച്ചാണ് സംസാരിച്ചത്. മൂന്ന് ആഴ്ചമുമ്പ് കോണ്‍ഗ്രസുമായി ചര്‍ച്ച നടന്നുവെന്ന് പീതാംബരക്കുറുപ്പു തന്നെ വെളിപ്പെടുത്തിയ സാഹചര്യമാണ് വിശദീകരിച്ചത്്. വഞ്ചകന്മാരെ സമൂഹം അംഗീകരിക്കില്ല. ആ ബോധം വച്ചുതന്നെയാണ് പറഞ്ഞത്. അതുകൊണ്ടാണ് അത് സമൂഹം എറ്റെടുത്ത് പ്രേമചന്ദ്രന് പുതിയ പേര് ചാര്‍ത്തിക്കൊടുത്തത്. ശക്തമായ ഇടതുപക്ഷ മുഖമുള്ള ആര്‍എസ്പിക്ക് കോണ്‍ഗ്രസുമായി ബന്ധംവെക്കാവുന്ന രാഷ്ട്രീയ നിലയല്ല. ഒരു മധ്യവര്‍ത്തി ഉണ്ടായിരുന്നു എന്നതാണ് സത്യം. വ്യക്തമായ ലക്ഷ്യമുള്ള ഒരു അന്താരാഷ്ട്ര "ഫ്രോഡ്" ആണ് ഈ മധ്യവര്‍ത്തി. ഒരു വലിയ അഴിമതിയുമായി ബന്ധമുള്ള ഇയാള്‍ക്ക് സ്വന്തം താല്‍പര്യം സംരക്ഷിക്കാന്‍ യുഡിഎഫ് ഗവണ്‍മെന്റ് നിലനില്‍ക്കേണ്ടത് ആവശ്യമായിരുന്നു. നേരല്ലാതെ മാര്‍ഗങ്ങളിലൂടെ ബിസിനസ് നടത്തുന്ന ഇയാള്‍ മുന്നിട്ടിറങ്ങിയാണ് ആര്‍എസ്പിയെ യുഡിഎഫുമായി അടുപ്പിച്ചത്. രാഷ്ട്രീയക്കാരനല്ലാത്ത ഇയാള്‍ നേരല്ലാത്ത മാര്‍ഗങ്ങളിലൂടെയാണ് ആര്‍എസ്പിയെ വീഴ്ത്തിയത്. പ്രേമചന്ദ്രന്റെ തദ്ദേശ ഭരണതലം മുതലുള്ള പാര്‍ലമെന്ററി പ്രവര്‍ത്തനം നമുക്കറിയാം. പാര്‍ലമെന്റംഗവും നിയമസഭാംഗവും മന്ത്രിയുമായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റു. അങ്ങനെ പാര്‍ലമെന്ററിസ്ഥാനം ഇല്ലാതായി. ഇതാണ് കൊല്ലം സീറ്റില്‍ മത്സരിച്ചേ അടങ്ങൂ എന്ന വാശിക്ക് ഏക കാരണം.

ആര്‍എസ്പിയുമായുള്ള സീറ്റുചര്‍ച്ചയില്‍ മുമ്പൊരിക്കല്‍ രാജ്യസഭാ സീറ്റ് നല്‍കാമെന്ന് പറഞ്ഞിരുന്നു. അപ്പോള്‍ പ്രേമചന്ദ്രന്‍ മന്ത്രിയാണ്. അന്ന് സീറ്റ് വേണ്ടെന്ന് പറഞ്ഞതിനുപിന്നില്‍ ആരാണെന്ന് അന്നേ അറിയാം. ഞങ്ങള്‍ അത് വിളിച്ചുപറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണമായതിനാല്‍ എതിര്‍ സ്ഥാനാര്‍ഥിക്കെതിരെ വ്യക്തിപരമായ പരാമര്‍ശം നടത്തിയിട്ടില്ല. ആരെയും പേരെടുത്ത് ആക്ഷേപിച്ചിട്ടുമില്ല. ഒരു പരനാറി മത്സരിക്കുന്നുണ്ടെന്ന് പറഞ്ഞു. താന്‍ പരനാറിയാണ് എന്ന തോന്നല്‍ പ്രേമചന്ദ്രന് എങ്ങനെയുണ്ടായി. ആ വിശേഷണം പ്രേമചന്ദ്രന്‍ അര്‍ഹിക്കുന്നുണ്ടെന്ന് നാട് കരുതിക്കഴിഞ്ഞു. പലരും പറയുന്നത് യൂദാസ് എന്നോ, രാഷ്ട്രീയ വേശ്യ എന്നോ വിളിക്കണമെന്നാണ്. അതിനൊന്നും ഞാനില്ല.

ചന്ദ്രചൂഡന്‍ ആര്‍എസ്പിയുടെ ചുവടുമാറ്റത്തിന് കാര്‍മികത്വം വഹിച്ച ആളാണ്. തെരഞ്ഞെടുപ്പിനുശേഷം ആര്‍എസ്പി എന്ന പേരില്‍ അവര്‍ക്ക് നില്‍ക്കാനാവില്ല. ദേശീയതലത്തിലും സംഘടനാപരമായ തീരുമാനങ്ങള്‍ ഉണ്ടാകും. തിരുവഞ്ചൂരിന്റെ ഓഫീസില്‍ സിപിഐ എമ്മിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കായി സെല്‍ പ്രവര്‍ത്തിക്കുന്നു എന്ന കുഞ്ഞനന്തന്‍നായരുടെ വെളിപ്പെടുത്തല്‍ അവിശ്വസിക്കേണ്ടതില്ല. നേരത്തെ ഇത്തരം കാര്യങ്ങളില്‍ നേരിട്ട് അറിവുള്ള ആള്‍ എന്ന നിലയിലായിരിക്കും അദ്ദേഹത്തിന്റെ പ്രതികരണമെന്ന് ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു.

കോണ്‍ഗ്രസിന്റെ ദേശവ്യാപക തകര്‍ച്ച ബോധ്യപ്പെട്ടതിനാലാണ് കേന്ദ്രത്തിലെ രണ്ടാമനായ പ്രതിരോധമന്ത്രി എ കെ ആന്റണിക്ക് മറ്റെവിടെയും പ്രചാരണത്തിന് പോകാന്‍ തോന്നാത്തത്. അമ്പതിലേറെ നേതാക്കള്‍ പ്രതിപക്ഷത്തേക്ക് മാറിയ അനുഭവം ലോകത്ത് ഒരു ഭരണകക്ഷിക്കും ഉണ്ടാവില്ല. യുപിയില്‍ 15 ബിജെപി സ്ഥാനാര്‍ഥികള്‍ കോണ്‍ഗ്രസ് വിട്ടുവന്നവരാണ്. ഒരിടത്ത് നാമനിര്‍ദേശ പത്രിക സ്വീകരിച്ചശേഷമാണ് ബിജെപിയിലേക്ക് മാറിയത്. അവിടെ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയില്ലാതായി. മറ്റൊരിടത്ത് കോണ്‍ഗ്രസ് ടിക്കറ്റ് കിട്ടിയ ആള്‍ ബിജെപിയിലേക്ക് മാറി. ഒടുവില്‍ രാജിവച്ച ടെക്സ്റ്റൈല്‍ മന്ത്രിയും ബിജെപിയിലേക്കാണ് ചേക്കേറിയത്. കേരളത്തില്‍ എല്‍ഡിഎഫ് അനുകൂല തരംഗമാണ് ദൃശ്യമാകുന്നതെന്നും പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment