Wednesday, April 9, 2014

ബിജെപിയുമായി ആദ്യം സഖ്യമുണ്ടാക്കിയത് യുഡിഎഫ്: കെ പി ഉണ്ണിക്കൃഷ്ണന്‍

ആര്‍എസ്എസും ബിജെപിയുമായി ആദ്യം പരസ്യസഖ്യമുണ്ടാക്കിയത് കോണ്‍ഗ്രസും യുഡിഎഫുമാണെന്നത് നിഷേധിക്കാനാവാത്ത സത്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ പി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. 1991-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ ഇടതുമുന്നണിക്കെതിരെ കോണ്‍ഗ്രസും മുസ്ലിംലീഗും പരസ്യ ധാരണയായിരുന്നു. ബിജെപിക്ക് വിശ്വാസ്യത നല്‍കി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയത് മറക്കാനാവില്ല. ഈ സാഹചര്യത്തില്‍ നരേന്ദ്രമോഡിയെയും ബിജെപിയെയും എതിര്‍ക്കാന്‍ കോണ്‍ഗ്രസിനേ സാധിക്കൂ എന്ന വാദത്തില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടാകും. 1991-ല്‍ കോലീബി സഖ്യത്തെ തോല്‍പിച്ച വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഉണ്ണിക്കൃഷ്ണന്‍ "ദേശാഭിമാനി"ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെയും ആര്‍എസ്എസ് - ബിജെപി ദേശീയ നേതൃത്വത്തിന്റെയും അറിവിലും നിര്‍ദേശത്തിലുമാണ് കോലീബി സഖ്യമുണ്ടാക്കിയത്. തന്നെ തോല്‍പിക്കുക എന്ന അജന്‍ഡയുടെ ഭാഗമായിരുന്നു ഈ കൈകോര്‍ക്കല്‍. കെ കരുണാകരനടക്കം മുന്‍നിര നേതാക്കളെല്ലാം ഇതിനായി പ്രവര്‍ത്തിച്ചു. ഇതില്‍ ലീഗ് എങ്ങനെ ചെന്നുചാടി എന്നതേ പിടികിട്ടാതിരുന്നുള്ളു. കോലീബി സഖ്യം ഇല്ലായിരുന്നു എന്ന് അന്ന് കോലീബി സ്ഥാനാര്‍ഥിയായിരുന്ന അഡ്വ. എം രത്നസിങ് പറഞ്ഞത് ശരിയല്ല. തെളിവുകളുണ്ട്. ഉണ്ണിക്കൃഷ്ണനെ ഇനി പാര്‍ലമെന്റ് കാണിക്കില്ലെന്ന് കോണ്‍ഗ്രസ്-ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു. ഇനിആവര്‍ത്തിക്കാന്‍ പാടില്ലാത്ത അപകടകരമായ പരീക്ഷണമാണ് കോലീബി ബന്ധം- കേന്ദ്രമന്ത്രിയും ദീര്‍ഘകാലം വടകരയിലെ എംപിയുമായ ഉണിക്കൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ജീവന്‍ ക്ഷീണിച്ചിരിക്കയാണ്. ഇഴഞ്ഞാണ് പാര്‍ടി നീങ്ങുന്നത്. മോഡിയുടെ വളര്‍ച്ചയടക്കം പലകാര്യങ്ങളിലും വിപത്ത് മുന്‍കൂട്ടി കണ്ടോ എന്ന ചോദ്യങ്ങള്‍ പ്രസക്തമാണ്. എങ്കിലും വര്‍ഗീയ-ഫാസിസ്റ്റ് ഭീഷണി നേരിടാന്‍ കോണ്‍ഗ്രസും ഇടതുപക്ഷവുമെല്ലാം ഒന്നിക്കണമെന്നാണ് അഭിപ്രായം. കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചുവരുമോ എന്നതിന് മറുപടി ഇല്ല. വലിയ പ്രതീക്ഷ ഉണ്ടായിരുന്നതിനാലാണ് കോണ്‍ഗ്രസിലേക്ക് തിരിച്ചുപോയത്. തനിക്ക് നീതി ലഭിച്ചോ എന്നതില്‍ അഭിപ്രായം പറയുന്നില്ല- എഐസിസി അംഗമായ ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. ഡല്‍ഹിയില്‍ താമസിക്കുന്ന ഉണ്ണിക്കൃഷ്ണന്‍ ചൊവ്വാഴ്ച വൈകീട്ടാണ് കോഴിക്കോട്ടെ വീട്ടിലെത്തിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഡല്‍ഹിയിലേക്ക് മടങ്ങും.

പി വി ജീജോ deshabhimani

No comments:

Post a Comment