Sunday, April 20, 2014

മോഡിക്കറിയാത്ത ബനാറസ്

ബനാറസ്: ക്ഷ്രേത്രനഗരമെന്നും അറിവിന്റെ നഗരമെന്നും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഇടമെന്നും പല വിശേഷണങ്ങളുണ്ട് ബനാറസിന്. തിളക്കം എന്ന അര്‍ഥത്തില്‍ കാശിയെന്നും വരുണ്‍, അസി ഘാട്ടുകള്‍ക്കിടയിലുള്ള നഗരമെന്ന അര്‍ഥത്തില്‍ വാരാണസിയെന്നും ഈ പുരാതന നഗരിക്ക് പേരുണ്ട്. ഗംഗയുടെ തീരത്തുള്ള കാശിവിശ്വനാഥ ക്ഷേത്രമാണ് പ്രധാന ദേവാലയം. സങ്കടമോചന്‍ ക്ഷേത്രവും കാലഭൈരവ ക്ഷേത്രവും ഈ നഗരത്തിലാണ്.

12000 വിദ്യാര്‍ഥികള്‍ താമസിച്ച് പഠിക്കുന്ന ഏഷ്യയിലെ തന്നെ എറ്റവും വലിയ റസിഡന്‍ഷ്യല്‍ സര്‍വകലാശാലയായ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയാണ് അറിവിന്റ നഗരമെന്ന പേര് ബനാറസിന് നേടിക്കൊടുത്തത്. ഹിന്ദുസ്ഥാനി സംഗീതത്തില്‍ ബനാറസ് ഗരാന എന്ന ശാഖ തന്നെയുണ്ട്. ഷെഹ്നായി വിദഗ്ധന്‍ ബിസ്മില്ല ഖാന്‍ ജനിച്ചത് ബിഹാറിലാണെങ്കിലും കാശിവിശ്വനാഥ ക്ഷ്രേത്രത്തിലെ ഷെഹ്നായി വായനക്കാരനായ അലി ഭക്ഷ് വിലായത്തില്‍ നിന്നാണ് അദ്ദേഹം പാഠങ്ങള്‍ ഹൃദിസ്ഥമാക്കിയത്. പലവട്ടം കാശിവിശ്വനാഥ ക്ഷേത്രത്തിന് മുമ്പില്‍ ബിസ്മില്ല ഖാന്‍ ഷെഹ്നായി വായിച്ചിട്ടുണ്ട്. 2006ല്‍ അദ്ദേഹം അന്തരിച്ചതും ബനാറസില്‍ വച്ചായിരുന്നു.

ബിഹാറിലെ ഗയയില്‍ ബോധോദയമുണ്ടായ ശ്രീബുദ്ധന്‍ ആദ്യ സാരോപദേശം നല്‍കിയത് ബനാറസിലെ സാരനാഥിലായിരുന്നു എന്നാണ് മിത്ത്. ജൈനമതത്തിലെ പല തീര്‍ഥങ്കരന്മാരും ജീവിച്ചതും ബനാറസില്‍ത്തന്നെ. 23-ാമത്തെ തീര്‍ഥങ്കരനായ പാര്‍ശ്വനാഥാണ് ഇതില്‍ പ്രധാനി. ഭക്തി പ്രസ്ഥാനത്തിന്റെ സന്ദേശമുയര്‍ത്തിയ കബീര്‍ദാസും രവിദാസും രാമചരിത മാനസം രചിച്ച തുളസീദാസും കവിതയുടെ ഗംഗ ഒഴുക്കിയതും ബനാറസില്‍ത്തന്നെ. സൂഫി സന്യാസിയായ റഹിം ബാബായുടെ ശവകൂടീരം നയിസഡക്കില്‍ ആയിരങ്ങളെ ഇപ്പോഴും ആകര്‍ഷിക്കുന്നു.

ഹിന്ദി സാഹിത്യത്തിലെ അതികായകനും പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആദ്യ പ്രസിഡന്റുമായ പ്രേംചന്ദിന്റെ തട്ടകവും ബനാറസായിരുന്നു. ആധുനിക ഹിന്ദി സാഹിത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഭാരതേരന്ദു ഹരിഛന്ദ്ര ജീവിച്ചതും ബനാറസില്‍ത്തന്നെ. കവിയും നാടകരചയിതാവും ഗദ്യകാരനുമായ ഹരിഛന്ദ്ര ഹിന്ദിസാഹിത്യത്തിലെ നവേത്ഥാന നായകനാണ്. ഹിന്ദി കവിതയ്ക്ക് കാല്‍പ്പനികതയുടെ മുഖം നല്‍കിയ ജയശങ്കര്‍ പ്രസാദും ബനാറസുകാരനാണ്. ആചാര്യ നരേന്ദ ദേവ് സോഷ്യലിസത്തിന്റെ പാഠങ്ങള്‍ ഉരുവിട്ടതും ബനാറസിലായിരുന്നു. രംഗ് വിരംഗ് കി മേളയാണ് ബനാറസില്‍. വൈവിധ്യങ്ങളുടെ ഉത്സവനഗരിയാണിത്.

ബനാറസിന് ഒരിക്കലും ഒരു വര്‍ണമായിരുന്നില്ല. വിവിധ മതങ്ങളും ജാതികളും ഭാഷകളും സംസ്കാരധാരകളും അലിഞ്ഞുചേരുന്നയിടം. ഈ വൈവിധ്യമാണ് ബനാറസിന്റെ വര്‍ണം. ഈ വൈവിധ്യങ്ങളുടെ വര്‍ണത്തെ തകര്‍ത്തെറിഞ്ഞ് ഹിന്ദുത്വത്തിന്റെ വര്‍ണം നല്‍കാനാണ് നരേന്ദ്രമോഡിയെ ബിജെപി ഇവിടെ സ്ഥാനാര്‍ഥിയാക്കിയത്. കല്‍ക്കത്തയിലേക്ക് പോകവെ ബനാറസില്‍ തങ്ങിയ മുഗള്‍കാലഘട്ടത്തിലെ പ്രസിദ്ധ ഉറുദു കവി മിര്‍സ ഗാലിബ് ബനാറസിനെ കണ്ണേറില്‍നിന്ന് രക്ഷപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ബനാറസിന് കണ്ണേറാണ് മോഡി. മോഡിയില്‍നിന്ന് ബനാറസിനെ രക്ഷിക്കാന്‍ നഗരത്തിലെ മതനിരപേക്ഷ കക്ഷികളും ബുദ്ധിജീവികളും പ്രതിജ്ഞാബദ്ധമാണെന്ന് ജനവാദി ലേഖക് സംഘിന്റെ പ്രസിഡന്റ് പ്രൊഫ. ദൂത്നാഥ്സിങ് "ദേശാഭിമാനി' യോട്പറഞ്ഞു.

വി ബി പരമേശ്വരന്‍ deshabhimani

No comments:

Post a Comment