Sunday, April 20, 2014

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണാപഹരണം: സമഗ്ര അന്വേഷണം വേണമെന്ന് സിപിഐ എം

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വന്‍തോതില്‍ സ്വര്‍ണാപഹരണം നടന്നതായി സുപ്രീംകോടതിയുടെ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതിനാല്‍ ക്രമക്കേടുകളെ പറ്റി സമഗ്ര അന്വേഷണം വേണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഇക്കാര്യം സുപ്രീംകോടതിയുടെ മുന്നില്‍ ഉന്നയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.

സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ മൂല്യനിര്‍ണ്ണയം നടക്കുമ്പോള്‍ പോലും വിദഗ്ദ്ധ സമിതിയെ മറികടന്ന് രാജകുടുംബം സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്നാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. ഇത് ഞെട്ടിപ്പിക്കുന്നതാണ്. മണ്ണില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം ലോറികളില്‍ പുറത്തേയ്ക്ക് കടത്തിയെന്നും ഇതെല്ലാം രാജകുടുംബാംഗങ്ങളുടെ മേല്‍നോട്ടത്തിലാണ് നടന്നതെന്നും അമിക്കസ് ക്യൂറി സുപ്രീംകോടതിയെ അറിയിച്ചിരിക്കുകയാണ്. ക്രമക്കേടുകളുടെ ദീര്‍ഘമായ പട്ടികയും നിരത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ രാജകുടുംബത്തെ മാറ്റി നിര്‍ത്തി ക്ഷേത്ര ഭരണത്തിന് സംവിധാനം ഉണ്ടാക്കണമെന്നാണ് അമിക്കസ് ക്യൂറിയുടെ ശുപാര്‍ശ.

മുന്‍സോളിസിറ്റര്‍ ജനറലായിരുന്ന ഗോപാല്‍ സുബ്രഹ്മണ്യം നീതിന്യായരംഗത്തെ ബഹുമാന്യതയുള്ള വ്യക്തിത്വമാണ്. കോടതിയെ സഹായിക്കാന്‍ കോടതി നിയോഗിച്ച ഈ ഉന്നത അഭിഭാഷകന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍, ക്ഷേത്രത്തിലെ അമൂല്യസമ്പത്ത് നഷ്ടപ്പെടാതെ സംരക്ഷിക്കാന്‍ പര്യാപ്തമായ ഭരണസംവിധാനം കാലവിളംബം ഇനിയും വരുത്താതെ രൂപീകരിക്കണം. ഇതിനായി സുപ്രീംകോടതിയുടെ തീര്‍പ്പ് വരുന്നതിന് അനുഗുണമായ നിലപാട് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളണം.

ഇത്രയും കാലം ക്ഷേത്ര മേല്‍നോട്ടം തിരുവിതാംകൂര്‍ രാജകുടുംബമാണ് നിര്‍വഹിച്ചുപോന്നത്. ഇതിന് മാറ്റം വരുത്തണമെന്നും ദേവസ്വം ബോര്‍ഡ് പോലുള്ള ഒരു സംവിധാനം ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ച ഹൈക്കോടതി വിധിയിന്മേലുള്ള അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. അമൂല്യവസ്തുക്കളുടെ അളവും മൂല്യവും കൃത്യമായി നിശ്ചയിച്ച് രേഖപ്പെടുത്തി സൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിന് ഇനിയും കാലതാമസം വരുത്തരുത്.

"ബി" നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ദേവപ്രശ്നം വന്നപ്പോള്‍ അന്ധവിശ്വാസവും ക്ഷേത്രസുരക്ഷയും ഒത്തുപോവില്ല എന്ന ധീരമായ നിലപാട് സുപ്രീംകോടതി പ്രകടപ്പിച്ചിരുന്നു. അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പുറത്ത് കൊണ്ടുവന്നിരിക്കുന്ന ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തിലെ അമൂല്യ വസ്തുശേഖരത്തിന്റെ സംരക്ഷണം ഉറപ്പാക്കാനും ക്ഷേത്ര സുരക്ഷയ്ക്കും അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.

deshabhimani

No comments:

Post a Comment