Sunday, April 6, 2014

ഷംസീറിനെതിരായ ആരോപണം തെറ്റെന്ന് തെളിഞ്ഞു

വടകര: വടകരയില്‍ എല്‍ഡിഎഫി നെതിരായ ആര്‍എംപി-കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സ്റ്റണ്ടും ഗൂഢനീക്കവും പൊളിഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എ എന്‍ ഷംസീര്‍ വിളിച്ച നമ്പര്‍കിര്‍മാണി മനോജിന്റേതല്ലെന്ന് തെളിഞ്ഞതോടെ വ്യാജവാര്‍ത്തയും അപവാദവുമായെത്തിയവര്‍ക്ക് മിണ്ടാട്ടമില്ലാതായി. മുല്ലപ്പള്ളി രാമചന്ദ്രന്റെയും യുഡിഎഫിന്റെയും ഗൂഢാലോചനയുമായി രംഗത്തിറങ്ങിയ ആര്‍എംപി പണി പാളിയതോടെ ബേജാറിലാണ്. പരാജയഭീതിയിലായ മുല്ലപ്പള്ളി രാമചന്ദ്രന്റെ രക്ഷക്കായി ആര്‍എംപി കൊണ്ടുവന്ന അപവാദം മണിക്കൂറിന്റെ ആയുസില്ലാതെ തകര്‍ന്നുവീണത് ജനവിധിക്ക് മുമ്പുള്ള തിരിച്ചടിയാണ്.

ചന്ദ്രഖേരന്‍കേസിലെ പ്രതിയായ കിര്‍മാണി മനോജിന്റെ ഫോണിലേക്ക് ഷംസീര്‍ വിളിച്ചെന്നായിരുന്നു രമ അവതരിപ്പിച്ച ആരോപണം. 98475 62679 എന്ന ഫോണിലേക്ക് വിളിച്ചെന്നായിരുന്നു ആക്ഷേപം. എന്നാല്‍ ഇത് പന്തക്കല്‍ സ്വദേശി അജീഷിന്റെതാണെന്ന് തെളിഞ്ഞു. ഇത് സംബന്ധിച്ച ബിഎസ്എന്‍എല്‍ നോഡല്‍ ഓഫീസറുടെ രേഖയും കിട്ടി. തെരഞ്ഞെടുപ്പ് നിയമങ്ങളടക്കം ലംഘിച്ചുള്ള നെറികെട്ട പ്രവര്‍ത്തനത്തിനാണ് കള്ളക്കഥയുമായി യുഡിഎഫ് സ്പോണ്‍സര്‍ഷിപ്പോടെ ആര്‍എംപി ശ്രമിച്ചത്. കോടതിയടക്കം അംഗീകരിക്കാതിരുന്ന രേഖയാണ് തെളിവെന്ന് അവകാശപ്പെട്ട് രമയും ആര്‍എംപിയും പുറത്തുവിട്ടത്.

കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നത് വടകരയിലെ ആര്‍എംപി സ്ഥാനാര്‍ഥി പി കുമാരന്‍കുട്ടിയാണ്. കേസിന്റെ ഒരുഘട്ടത്തിലും ആര്‍എംപിയും രമയും ഷംസീറിനെ കുറ്റപ്പെടുത്തിയിരുന്നില്ല. കേസില്‍ കോടതിവിധി വന്നശേഷം സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. ആ സമയത്തും ഇത്തരം ആക്ഷേപമുണ്ടായില്ല. തെരഞ്ഞെടുപ്പില്‍ യുഡിഎഫിനായി എഴുന്നള്ളിച്ച നുണബോംബാണിതെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു.

ഈ വിഷയത്തില്‍ എല്‍ഡിഎഫ് നിയമനടപടി സ്വീകരിച്ചതോടെ രമയും യുഡിഎഫും അധികാരമുപയോഗിച്ചുള്ള ഭീഷണിയിലാണ്. ഇതിന്റെ ഭാഗമായി ഷംസീറിനെതിരെ രമ ഇ മെയിലില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി അയച്ചതായി അവകാശപ്പെട്ടിട്ടുണ്ട്. പരാതി കിട്ടിയില്ലെങ്കിലും അന്വേഷിക്കുമെന്ന് ചെന്നിത്തലയും വെളിപ്പെടുത്തി. യുഡിഎഫ് ഉപശാലയിലെ തിരക്കഥയിലാണ് രമ ആടുന്നതെന്നതിനാലാണ് ചെന്നിത്തല ഉടന്‍ പ്രതികരണവുമായി രംഗത്തെത്തിയതും.

DESHABHIMANI

No comments:

Post a Comment