Sunday, April 6, 2014

അമിത്ഷായെ പ്രചാരണത്തില്‍നിന്ന് മാറ്റി നിര്‍ത്തണം: സിപിഐ എം

വര്‍ഗീയവിദ്വേഷം ഇളക്കിവിടുംവിധം പ്രകോപനപരമായി പ്രസംഗിച്ച ബിജെപി നേതാവ് അമിത്ഷായെ തെരഞ്ഞെടുപ്പു യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമീഷന് സിപിഐ എം പരാതി നല്‍കി. കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ജോഗീന്ദര്‍ശര്‍മയാണ് പരാതി നല്‍കിയത്.

മുസഫര്‍നഗര്‍ കലാപത്തിന്റെ ഞെട്ടലില്‍നിന്ന് ഇനിയും മുക്തമാകാത്ത പശ്ചിമ യുപിയില്‍ തെരഞ്ഞെടുപ്പു യോഗങ്ങളില്‍ സംസാരിക്കവെയാണ് അമിത്ഷാ പ്രകോപനപരമായ പ്രസംഗം നടത്തിയത്. ഷാംലി പട്ടണത്തിലും ഷാംലി ജില്ലയിലെ രാജ്ഹാര എന്ന ഗ്രാമത്തിലും തെരഞ്ഞെടുപ്പു യോഗങ്ങളില്‍ പങ്കെടുക്കവെയാണ് മോഡിയുടെ വലംകൈകൂടിയായ അമിത്ഷാ വര്‍ഗീയപ്രസ്താവനകള്‍ നടത്തിയത്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളും സിപിഐ എം തെരഞ്ഞെടുപ്പു കമീഷന് കൈമാറി. രണ്ടു മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുംവിധം പ്രസംഗിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനത്തിനു പുറമെ ക്രിമിനല്‍ കുറ്റം കൂടിയാണെന്ന് തെരഞ്ഞെടുപ്പു കമീഷന് നല്‍കിയ പരാതിയില്‍ ജോഗീന്ദര്‍ശര്‍മ പറഞ്ഞു.

പരിഹസിച്ചതിനുള്ള മറുപടിയാണ് മുസഫര്‍നഗറെന്ന് അമിത്ഷാ

ബിജ്നോര്‍ (യുപി): വലിയ ജനസമൂഹത്തെ പരിഹസിച്ചതിനുള്ള മറുപടിയാണ് മുസഫര്‍നഗറെന്ന് നരേന്ദ്രമോഡിയുടെ കൂട്ടാളിയും ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രിയുമായ അമിത്ഷാ. നീതികേടിനോട് പ്രതികരിക്കുന്നത് ഇങ്ങനെയാണ്. ഇത്തരം പ്രതികരണമാണ് തെരഞ്ഞെടുപ്പില്‍ പ്രകടിപ്പിക്കേണ്ടതെന്ന് അമിത്ഷാ പറഞ്ഞു.മുസഫര്‍നഗര്‍ കലാപക്കേസ് പ്രതിയും ബിജെപി സ്ഥാനാര്‍ഥിയുമായ സുരേഷ് റാണയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവെയാണ് അമിത്ഷാ കലാപത്തെ ന്യായീകരിച്ചത്. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് അഭിമാനപ്രശ്നമാണ്, ജനങ്ങള്‍ക്കും പാര്‍ടികള്‍ക്കും. പരിഹാസത്തിനുള്ള മറുപടിയാകണം തെരഞ്ഞെടുപ്പ് ഫലം. പരിഹാസങ്ങള്‍ക്കുള്ള മറുപടിയായിരുന്നു മുസഫര്‍നഗര്‍. ഇത്തരം മറുപടിയാകണം തെരഞ്ഞെടുപ്പില്‍ കാട്ടേണ്ടത്. അനീതിക്കും കളിയാക്കലിനും എതിരെ പ്രതികരിക്കുന്നവരെ വളര്‍ത്തിയെടുക്കാന്‍ സമൂഹത്തിന് കഴിയണമെന്നും ഷാ പറഞ്ഞു. യുപി സര്‍ക്കാര്‍ നിരവധി ആള്‍ക്കാരെ പരിഹസിച്ചു. ഹിന്ദുവും മുസ്ലിമും തമ്മിലുള്ള കേവലപ്രശ്നമല്ലിത്. പരിഹസിക്കപ്പെട്ടാല്‍ പ്രതികരിക്കും. ഭക്ഷണവും ഉറക്കവും ഇല്ലെങ്കില്‍ ഒരു മനുഷ്യന് ജീവിക്കാം. വിശപ്പും ദാഹവും സഹിക്കാന്‍ ആള്‍ക്കാര്‍ക്ക്് കഴിയും. എന്നാല്‍, പരിഹസിച്ചാല്‍ അത് സഹിക്കാന്‍ കഴിയില്ല. പരിഹാസം അംഗീകരിക്കാനാകില്ല- അമിത്ഷാ പറഞ്ഞു. മുതിര്‍ന്ന ബിജെപി നേതാവും വക്താവുമായ മുക്താര്‍ അബ്ബാസ് നഖ്വി അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു അമിത്ഷായുടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍. തുടര്‍ന്ന് പ്രസംഗിച്ച നഖ്വിയും അമിത്ഷായുടെ പരാമര്‍ശങ്ങളെ ശരിവയ്ക്കുകയും ചെയ്തു.

No comments:

Post a Comment