Thursday, April 3, 2014

ബാറിന്റെയും വാക്കിന്റെയും നിലവാരം

വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്നവരെ ഒരുകാര്യംകൊണ്ട് ഒരേസമയം കബളിപ്പിക്കുക എന്നത് അപാരസിദ്ധിതന്നെ. മദ്യപിക്കുന്നവരെയും മദ്യവിരോധികളെയും ബാറുടമകളെയും ജനങ്ങളെയാകെയും കബളിപ്പിച്ച് ഉമ്മന്‍ചാണ്ടി അത്തരം സിദ്ധി തെളിയിച്ചിരിക്കുന്നു. മാര്‍ച്ച് 31നുമുമ്പ് കച്ചവടം ഉറപ്പിക്കാന്‍ കഴിയാത്തതുകൊണ്ടാണ് 418 ബാറുകള്‍ പൂട്ടിയത്. എല്ലാ ബാറും തുറക്കും- വേണ്ട "കാര്യങ്ങള്‍\' വേണ്ടതുപോലെ നടന്നാല്‍. അതല്ലാതെ ഇതില്‍ മദ്യവിരുദ്ധതയുടെ പ്രശ്നമില്ല. പണക്കൊതിയുടെയും പണം വളഞ്ഞവഴിയിലൂടെ ഉണ്ടാക്കാനുള്ള കൗശലത്തിന്റെയും വിഷയമേ ഉള്ളൂ.

അബ്കാരി മേഖലയില്‍ കോണ്‍ഗ്രസ് എങ്ങനെ ഇടപെടുന്നു എന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍തന്നെ പറഞ്ഞിട്ടുണ്ട്. ബാര്‍ ലൈസന്‍സ് കേസില്‍ സുപ്രീംകോടതിയില്‍നിന്ന് അനുകൂലവിധി തരപ്പെടുത്താന്‍ ജഡ്ജിക്ക് കൈക്കൂലികൊടുക്കുന്നത് താന്‍ നേരിട്ട് കണ്ടു എന്നാണ് അദ്ദേഹം പൊതുയോഗത്തില്‍ പ്രഖ്യാപിച്ചത്. ദൃക്സാക്ഷിയല്ല, ഇടനിലക്കാരനായാണ് കെ സുധാകരന്‍ പ്രവര്‍ത്തിച്ചതെന്ന് ബാര്‍ ഉടമ ജോസ് ഇല്ലിക്കല്‍ വെളിപ്പെടുത്തിയതോടെ സുധാകരന്‍ അക്കാര്യം മിണ്ടിയിട്ടില്ല.

കണ്ണൂര്‍ പുതിയതെരുവിലെ ഗീത ബാറിന് ലൈസന്‍സ് ലഭിക്കുന്നതിനാണ് സ്ഥാപനത്തിന്റെ മൂന്ന് പാര്‍ട്ട്ണര്‍മാരില്‍ ഒരാളായിരുന്ന ജോസ് ഇല്ലിക്കല്‍ കേസുമായി ബന്ധപ്പെട്ടത്. 1992ല്‍ 21 ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് മന്ത്രിക്കും കെപിസിസി പ്രസിഡന്റിനും കൈക്കൂലി നല്‍കിയതായി ജോസ് പറഞ്ഞിട്ടുണ്ട്. അതിന് കണ്ണൂരിലെ കരാറുകാരുടെ ഇടനിലക്കാരനായത് കെ സുധാകരനാണ്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ഫലമായി ഈ ലൈസന്‍സുകള്‍ റദ്ദാക്കി. തുടര്‍ന്നാണ് ബാര്‍ ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി ഹൈക്കോടതി തള്ളി. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ബാര്‍ ഉടമകള്‍ തീരുമാനിച്ചപ്പോള്‍ കേസ് കൈകാര്യംചെയ്യാന്‍ സാധ്യതയുള്ള ബെഞ്ചിന്റെ വിവരം അറിഞ്ഞശേഷം അപ്പീല്‍ നല്‍കിയാല്‍മതിയെന്ന് സുധാകരന്‍ ഉപദേശിച്ചു. അതിനാല്‍ നാലുമാസം വൈകിയാണ് അപ്പീല്‍ സമര്‍പ്പിച്ചത്. അപ്പോഴും ഇടനിലക്കാരന്‍ സുധാകരന്‍തന്നെയായിരുന്നു- ഇത്രയുമാണ് ജോസ് പറഞ്ഞത്.

എല്ലാകാലത്തും അബ്കാരിരംഗത്തുനിന്ന് പണം തട്ടിയെടുക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന നാടകം ഇത്തവണ "നിലവാരമില്ലാത്ത\' ബാറിന്റെ പേരിലായി എന്നേയുള്ളൂ. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ "നിലവാരം\' താനേ വരും. മദ്യവിപത്തിനെതിരെ നില്‍ക്കുന്ന ആര്‍ക്കും ആശ്വാസംകൊള്ളാനുള്ള മരുന്ന് ഈ നാടകത്തിലില്ല. ആദര്‍ശം തെരഞ്ഞെടുപ്പുകാലത്ത് ഉപയോഗിക്കാനുള്ള ആയുധമല്ലാത്തതുകൊണ്ട് വി എം സുധീരനും തല്‍ക്കാലം ഒന്നുംചെയ്യാനില്ല.

ബാര്‍ പൂട്ടിയ കാര്യം പറഞ്ഞ് മദ്യവിരുദ്ധരെ പാട്ടിലാക്കാന്‍ നോക്കുന്ന ഉമ്മന്‍ചാണ്ടി, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ അതിലും വലിയ തട്ടിപ്പുമായാണ് ഊരുചുറ്റുന്നത്. തുടര്‍ച്ചയായി കള്ളം പറയുകയാണ്. 2013 നവംബര്‍ 13ന്റെ വിജ്ഞാപനം അതിന്റെ സര്‍വാധികാരത്തോടുംകൂടി തലയ്ക്കുമുകളില്‍ നിലനില്‍ക്കുന്നത് മലയോരജനതയുടെ ജീവിതാനുഭവമാണ്. മലയോരത്ത് ചെറിയ മരാമത്ത് പണിപോലും സാധ്യമാകുന്നില്ല. ഭൂമി കൈമാറ്റം നടക്കുന്നില്ല. വിവാഹങ്ങള്‍ മുടങ്ങുന്നു. പള്ളി പുതുക്കിപ്പണിയുന്നതിനും കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടിന്റെപേരില്‍ വിലക്ക് എന്നാണ് വയനാട്ടില്‍നിന്നുള്ള ഒടുവിലത്തെ വാര്‍ത്ത. മാനന്തവാടി താലൂക്കിലെ പേരിയയില്‍ മലങ്കര മാര്‍ത്തോമ സുറിയാനി സഭയുടെ പള്ളി പുതുക്കിപ്പണിയാന്‍ മണ്ണ് നീക്കുന്നതാണ് വയനാട് സബ്കലക്ടര്‍ തടഞ്ഞത്. വാര്‍ത്ത നാട്ടുകാരുടെ മുന്നിലുള്ളപ്പോഴും ഉമ്മന്‍ചാണ്ടി പറയുന്നു- എല്ലാ പ്രശ്നവും പരിഹരിച്ചെന്ന്. കൊട്ടിഘോഷിക്കുന്ന കരടുവിജ്ഞാപനം അനുസരിക്കാന്‍ ആരും ബാധ്യസ്ഥരല്ല. അത് നിയമമല്ല. കടലാസിന്റെ വിലപോലുമില്ലാത്ത ആ കരടിനെക്കുറിച്ച് ആവര്‍ത്തിച്ചുപറഞ്ഞതുകൊണ്ട് എങ്ങനെ മലയോരത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാകും എന്നതുപോലും ഉമ്മന്‍ചാണ്ടിക്ക് വിഷയമാകുന്നില്ല.

എ കെ ആന്റണി ഇടുക്കിയില്‍ചെന്ന് പറഞ്ഞത്, "നിങ്ങളോടൊപ്പം ആന്റണി ഉണ്ടാകും' എന്നാണ്. ആ പറഞ്ഞത് മുഴുവന്‍ തെറ്റാണ് എന്ന് കരുതാനാകില്ല. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ, ആന്റണിക്ക് ഡല്‍ഹിയില്‍ ചുറ്റിത്തിരിയേണ്ട കാര്യം ഇല്ലാതാകും. തിരുവനന്തപുരത്തെ "അഞ്ജനം' മോടിപിടിപ്പിക്കുന്നുണ്ട്. വല്ലപ്പോഴും ഇടുക്കിയിലേക്കും പോകാവുന്നതേയുള്ളൂ.

കേന്ദ്രത്തിലുള്ളത് കാവല്‍പദവി മാത്രമുള്ള സര്‍ക്കാരാണ്. ഇതുവരെ അവര്‍ കര്‍ഷകരോട് ദ്രോഹമേ ചെയ്തിട്ടുള്ളൂ. ഇനി എന്ത് വാഗ്ദാനം നല്‍കിയാലും ഒന്നുംചെയ്യാന്‍ കഴിയുകയുമില്ല. തെരഞ്ഞെടുപ്പിനുശേഷം അധികാരത്തില്‍വരുന്ന പുതിയ സര്‍ക്കാരിനാണ് എന്തെങ്കിലും ചെയ്യാനാകുക. എന്നിട്ടും "ഞങ്ങളുണ്ട്\' എന്നുപറഞ്ഞ് വോട്ടഭ്യര്‍ഥിക്കുന്നതാണ് വലിയ ഫലിതം. നവംബര്‍ 13ന്റെ വിജ്ഞാപനം റദ്ദാക്കിയാല്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാകുമെന്ന്് ഭീഷണിപ്പെടുത്തിയ ഉമ്മന്‍ചാണ്ടിയില്‍നിന്ന് വരുംനാളുകളില്‍ എന്തൊക്കെ കേള്‍ക്കേണ്ടിവരും എന്നോര്‍ത്താണ് തല്‍ക്കാലം മലയോരജനത ആശങ്കപ്പെടേണ്ടത്.

പി എം മനോജ് ദേശാഭിമാനി

No comments:

Post a Comment