Friday, April 4, 2014

കഴുത്തുപോയവന്‍ മിണ്ടുന്നില്ല, അപ്പോഴാണ് കൈ പോയവന്റെ നിലവിളി...

കേരളത്തിന്റെ ട്രഷറി കെഎസ്ആര്‍ടിസിപോലെ കട്ടപ്പുറത്തായി. ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും എന്ന് ശമ്പളം കിട്ടുമെന്നൊരു തിട്ടവുമില്ല. പെന്‍ഷന്‍കാരുടെ കാര്യവും തഥൈവ. മാസമങ്ങളായി ക്ഷേമപെന്‍ഷനുകള്‍ വിതരണം മുടങ്ങിക്കിടക്കുന്നു. അക്കാര്യം ചാനലില്‍ ചര്‍ച്ചചെയ്തപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ഒരു സാമ്പത്തിക ഉപദേശകന്‍ മൊഴിഞ്ഞത് ഇങ്ങനെ...

ആ കെഎസ്ആര്‍ടിസിക്കാര്‍ക്ക്് രണ്ടു മൂന്നു മാസമായി പെന്‍ഷന്‍ കൊടുക്കുന്നില്ല. അപ്പോഴാണ് ഒരു ദിവസം ശമ്പളം വൈകിയതിനും പെന്‍ഷന്‍ വൈകിയതിനും ഇത്ര ഒച്ചപ്പാട്. ഒരാഴ്ച കഴിഞ്ഞിട്ടും ശമ്പളം കിട്ടിയില്ലെങ്കില്‍ അപ്പോള്‍ പറയാം, ഗുരുതരമായ പ്രതിസന്ധി ഉണ്ടെന്ന്.

കഴുത്ത് പോയവന്‍ അപ്പുറത്ത് മിണ്ടാതിരിക്കുന്നത് കണ്ടില്ലേ, അപ്പോഴാണോ കൈ പോയതിനു നീ കിടന്ന് കരയുന്നത് എന്ന് പണ്ടൊരു ഡോക്ടര്‍ ആക്രോശിച്ചതാണ് ഇതു കേട്ടപ്പോള്‍ ഒരാളിന് ഓര്‍മ വന്നത്. രണ്ടുമാസമായി പെന്‍ഷന്‍ കിട്ടാതെ കിടക്കുന്ന കെഎസ്ആര്‍ടിസി ജീവനക്കാരെ ചൂണ്ടിയാണ് അദ്ദേഹം ജീവനക്കാരോടും അധ്യാപകരോടും വാ മൂടാന്‍ പറയുന്നത്. ക്ഷേമപെന്‍ഷന്‍ കുടിശ്ശികയുടെ കാര്യം വരുമ്പോഴും അദ്ദേഹം ഇതേ യുക്തി ആവര്‍ത്തിക്കും;&ൃറൂൗീ;അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും എന്നു വേണ്ട ജഡ്ജിമാര്‍ക്ക് ശമ്പളം കൊടുക്കാന്‍പോലും പണമില്ല, അപ്പോഴാണ് ക്ഷേമപെന്‍ഷന്‍ വൈകിയതിന് ഇത്ര ഒച്ചപ്പാട്. ഇതാണ് സംസര്‍ഗത്തിന്റെ ശക്തി.

ഉമ്മന്‍ചാണ്ടിയെയും കെഎം മാണിയെയുമൊക്കെ ന്യായീകരിക്കാനിറങ്ങിയാല്‍, എത്ര വിദ്യാസമ്പന്നന്റെയും തൊലിക്കട്ടി അവരറിയാതെ കൂടും. പിന്നെ, നാറുന്നതേത്, മണക്കുന്നതേത് എന്നൊന്നും തിരിച്ചറിയാനാകില്ല. വിവരക്കേടും വിഡ്ഢിത്തങ്ങളും വീരവാദങ്ങളും വീമ്പടികളും യഥേഷ്ടം പ്രവഹിക്കും. ഇതുമാതിരി വിദഗ്ധന്മാരെ സെക്രട്ടറിയറ്റില്‍പ്പോയിട്ട് സ്റ്റ്യാച്യു ജങ്ഷനിലേക്കുപോലും അടുപ്പിക്കാത്തതുകൊണ്ടുകൂടിയാണ് എല്‍ഡിഎഫ് ഭരണകാലത്ത് ട്രഷറിയില്‍ ഒരു പ്രശ്നവുമുണ്ടാകാത്തത്. സാമ്പത്തികവിദഗ്ധന്‍ പറയുന്നതുപോലെയൊന്നുമല്ല ജനം ചിന്തിക്കുന്നത്. ഫെയ്സ് ബുക്കില്‍ കണ്ട ഒരു സ്റ്റാറ്റസ് ഇതാ. സിനിമാതാരം ജഗദീഷിന്റെ ഒരു സൂപ്പര്‍ ഹിറ്റ് ഡയലോഗിന്റെ പാരഡിയാണ്.

എച്ചൂസ് മീ!!... കുട്ടിക്കറിയ്യോന്നെനിക്കറിയില്ല!!... കൃത്യമായി ശമ്പളം കിട്ടാത്തതുകൊണ്ട് ദാരിദ്ര്യത്തിലായിപ്പോയ സര്‍ക്കാരുദ്യോഗസ്ഥരായ അച്ഛനുമമ്മയും!!... വര്‍ഷങ്ങളായി പെന്‍ഷന്‍ മുടങ്ങിയതു കാരണം പട്ടിണിക്കോലമായ മുന്‍ കെഎസ്ആര്‍ടിസി ജീവനക്കാരനായ അപ്പൂപ്പന്‍!!... പച്ചക്കറിയുടെയും ഗ്യാസിന്റെയും വില കേട്ട് സ്ട്രോക്കുവന്ന് ഒരുവശം തളര്‍ന്നുവീണുപോയ അമ്മൂമ്മ!!... മംഗല്യനിധി വകമാറ്റി ചെലവഴിച്ചതു കാരണം പുരനിറഞ്ഞുനില്‍ക്കുന്ന രണ്ടു ചേച്ചിമാര്‍!!... അട്ടപ്പാടിയിലെ ഹോസ്റ്റലില്‍ പഠിക്കുന്ന പോഷകാഹാരക്കുറവുള്ള കുഞ്ഞനുജന്‍!!... കര്‍ഷക സബ്സിഡി എടുത്തുകളഞ്ഞതു കാരണം ആത്മഹത്യചെയ്ത കൃഷിക്കാരനായ ചേട്ടന്‍!!... ആറേഴു പിഎസ്സി ലിസ്റ്റില്‍ ഉണ്ടായിട്ടും സര്‍ക്കാരിന്റെ നിയമന നിരോധനം കാരണം തൊഴില്‍രഹിതനായ ഞാന്‍!!... വിലയില്ലാത്തതു കാരണം വീട്ടില്‍ കുന്നുകൂടിക്കിടക്കുന്ന റബര്‍ഷീറ്റും നെല്ലും!!... ഗാഡ്ഗിലും കസ്തൂരിരംഗനും കാരണം ഏതു നിമിഷവും അന്യാധീനപ്പെടാവുന്ന ആറര സെന്റും വീടും!!... സത്യം പറയാലോ!!... എങ്ങനെങ്കിലും ഈ ഭരണം താഴെയിറങ്ങാതെ സത്യഭാമയെ വിവാഹം കഴിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍പോലും എനിക്കാകില്ല!!...

ഇതിലപ്പുറം എന്തു പറയാന്‍!!!

കെജിബി

No comments:

Post a Comment