Thursday, April 3, 2014

ഇടതുപക്ഷത്തിന്റേത് കര്‍ഷകരെ സംരക്ഷിക്കുന്ന നിലപാട്: സുധാകര്‍ റെഡ്ഡി

അരീക്കോട്: ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ തള്ളണമെന്ന് സിപിഐ അഖിലേന്ത്യാ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി. ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ കര്‍ഷകരെയും പരിസ്ഥിതിയെയും ഒരുപോലെ സംരക്ഷിക്കുന്ന നിലപാടായിരിക്കും സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അരീക്കോട്ട് എല്‍ഡിഎഫ് പഞ്ചായത്ത് റാലി ഉദ്ഘാടനംചെയ്യുകയായിരുന്നു സുധാകര്‍ റെഡ്ഡി.

കോണ്‍ഗ്രസും ബിജെപിയും കോര്‍പറേറ്റ് ശക്തികളാണ്. കുത്തക കമ്പനികള്‍ക്കുവേണ്ടിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. പൊതുമുതലും പരിസ്ഥിതിയും നശിപ്പിച്ച് രാജ്യത്തെ കൊള്ളയടിക്കുകയാണ് കോണ്‍ഗ്രസ്. പൊള്ളയായ കണക്കുകളിലൂടെ ഗുജറാത്ത് വികസനത്തെ പെരുപ്പിച്ച് കാണിക്കുകയാണ് നരേന്ദ്രമോഡി. ഗുജറാത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പരിഗണന ലഭിക്കുന്നില്ല. ലോകത്തിലെ പത്ത് സമ്പന്നരില്‍ അഞ്ചുപേരും ഇന്ത്യക്കാരാണ്. ഇവര്‍ക്കുവേണ്ടി സര്‍ക്കാര്‍ ഖജനാവിന് നഷ്ടംവരുത്തി കോടികളാണ് നികുതിയിളവ് നല്‍കിയതെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.

കെ വി ജയപ്രകാശ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ദിവാകരന്‍, ജില്ലാ കമ്മിറ്റിയംഗം പി പി സുള്‍ഫിക്കര്‍ അലി, അരീക്കോട് ഏരിയാ സെക്രട്ടറി അഡ്വ. കിഴിശേരി പ്രഭാകരന്‍, സിപിഐ ജില്ലാ സെക്രട്ടറി പി പി സുനീര്‍, സിപിഐ സംസ്ഥാന കമ്മിറ്റി അംഗം പി സന്തോഷ്കുമാര്‍, തുളസീ മേനോന്‍, കാദര്‍ കെ തേഞ്ഞിപ്പലം എന്നിവര്‍ സംസാരിച്ചു. അഡ്വ. സി വാസു സ്വാഗതം പറഞ്ഞു. ഇ എം എസ് ഹാളിന് സമീപത്തുനിന്ന് ആരംഭിച്ച റാലിയില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

No comments:

Post a Comment