Friday, April 4, 2014

ജല അതോറിറ്റി ജീവനക്കാരുടെ ചികിത്സാസഹായം വെട്ടിക്കുറച്ചു

ജലഅതോറിറ്റി രൂപീകരിച്ചതു മുതല്‍ ജീവനക്കാര്‍ക്കു ലഭിച്ചുവന്നിരുന്ന ചികിത്സാ ആനുകുല്യങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ പകുതിയായി വെട്ടിക്കുറച്ചു. ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നതിന്റെ മറവില്‍ മന്ത്രി ഓഫീസിലെ ഉന്നതര്‍ അരക്കോടി രൂപ കൈക്കൂലി തട്ടി. ഒരു മാസത്തെ ശമ്പളവും ഡിഎയും ചേര്‍ന്ന തുകയാണ് ഒരു വര്‍ഷം ജീവനക്കാരുടെ ചികിത്സ ആനുകൂല്യമായി ഇതുവരെ അനുവദിച്ചിരുന്നത്. എന്നാല്‍, ഈ തുക സര്‍ക്കാര്‍ പകുതിയായി വെട്ടിക്കുറച്ചു. ജീവനക്കാരുടെ ചികിത്സയ്ക്കായി(ഒപി വിഭാഗത്തില്‍ മാത്രം) വര്‍ഷം 21 കോടി രൂപയാണ് വകയിരുത്തിയത്. ജനുവരിയിലെ ശമ്പളവും ഡിഎയും അടിസ്ഥാനപ്പെടുത്തിയായിരുന്നു ഇതുനിശ്ചയിച്ചത്. എന്നാല്‍, ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷംമുതല്‍ ശമ്പളത്തിന്റെയും ഡിഎയുടെയും പകുതി തുകയേ ജീവനക്കാര്‍ക്ക് ലഭിക്കൂ.

ആനുകുല്യം പകുതിയായി വെട്ടിക്കുറച്ചതിനു പകരം ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ച് ജീവനക്കാര്‍ക്കെല്ലാം മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയെന്ന് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി. മാരക രോഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കായി 4.5 കോടി രൂപ മാത്രമാണ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് നല്‍കിയത്. എന്നാല്‍, ആനുകൂല്യ ഇനത്തില്‍ ജീവനക്കാരില്‍നിന്ന് കവര്‍ന്നത് 10.5 കോടി രൂപ. ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി നേരിട്ടല്ല സര്‍ക്കാര്‍ ഈ ഇടപാട് നടത്തുന്നത്. ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ബ്രോക്കറായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍ഷുറന്‍സ് എന്ന സ്ഥാപനവുമായാണ് സര്‍ക്കാരിന്റെ കരാര്‍. ഇതിലൂടെ ലക്ഷങ്ങളുടെ കമീഷനാണ് മന്ത്രി ഓഫീസിലെ ഉന്നതര്‍ കൈക്കലാക്കുന്നത്. 15 ശതമാനം തുകവരെയാണ് കമീഷന്‍. 4.5 കോടി രൂപയുടെ കമീഷന്‍ ഇനത്തില്‍മാത്രം മന്ത്രി ഓഫീസിലെ ഉന്നതരുടെ പോക്കറ്റില്‍ എത്തുന്നത് അരക്കോടി രൂപ. ഒരു വര്‍ഷത്തെ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കാണ് 4.5 കോടി രൂപ കമ്പനിക്ക് നല്‍കുന്നത്. വര്‍ഷംതോറും കോടികള്‍ തട്ടുകയാണ് മന്ത്രി ഓഫീസിന്റെയും മാനേജ്മെന്റിന്റെയും ലക്ഷ്യം. മാരകരോഗങ്ങള്‍ വന്നാല്‍ ജീവനക്കാര്‍ക്ക് ജല അതോറിറ്റി നിലവില്‍ ചികിത്സാ സഹായം നല്‍കുന്നുണ്ട്. 80000 രൂപയുടെവരെ സഹായം എംഡിക്ക് നേരിട്ട് അനുവദിക്കാം. അതിനു മുകളില്‍ തുക ആവശ്യമായാല്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നാണ് നിയമം.

deshabhimani

No comments:

Post a Comment