Sunday, April 20, 2014

ഇടതുമതേതര ബദല്‍ അധികാരത്തിലെത്തും: എ കെ പി

കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി ഇടതുമതേതര ശക്തികളുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എകെ പത്മനാഭന്‍ പറഞ്ഞു. രാജ്യത്താകമാനം കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. കോണ്‍ഗ്രസിന് ബദലെന്ന് അവകാശപ്പെടുന്ന ബിജെപിക്കും ജനപിന്തുണയില്ല. ഇടതുപക്ഷകക്ഷികളുടെ നേതൃത്വത്തില്‍ രൂപംകൊള്ളുന്ന ബദലിനുമാത്രമേ ശക്തമായ സര്‍ക്കാരിന് രൂപംനല്‍കാന്‍ കഴിയൂ. കന്യാകുമാരി ലോക്സഭാ മണ്ഡലത്തിലെ സിപിഐ എം സ്ഥാനാര്‍ഥി എ വി ബല്ലാര്‍മിന്റെ തെരഞ്ഞെടുപ്പുപ്രചാരണാര്‍ഥം കന്യാകുമാരിയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു എ കെ പി.

നാലു പ്രധാന വിഷയങ്ങളെ ആസ്പദമാക്കിയാണ് ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തുന്നത്. വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമം എന്നിവ. വിലക്കയറ്റം ഭരണാധികാരികളുടെ സൃഷ്ടിയാണ്. ഭക്ഷ്യധാന്യം യഥേഷ്ടമുണ്ടായിട്ടും കോര്‍പറേറ്റുകളുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങിയാണ് വിലക്കയറ്റമുണ്ടാക്കുന്നത്. അനുദിനം തൊഴിലില്ലായ്മ പെരുകുന്നതോടൊപ്പം നിലവിലുള്ള തൊഴില്‍സുരക്ഷിതത്വവും ഇല്ലാതായി. അഴിമതിയില്‍ രാജ്യം സര്‍വകാല റെക്കോഡിട്ടു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വം ഇല്ല. ഈ നാല് വിഷയങ്ങളിലും കോണ്‍ഗ്രസിനും ബിജെപിക്കും ഒരേനയമാണ്. ജനപക്ഷത്ത് നിന്നുള്ള യഥാര്‍ഥ ബദല്‍ ഇടതുപക്ഷത്തിനുമാത്രമേ സാധ്യമാകൂ. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇത് കൂടുതല്‍ വ്യക്തമാകുമെന്നും എ കെ പി പറഞ്ഞു. എസ് എസ് ചന്ദ്രന്‍ അധ്യക്ഷനായി. വി അരുണാചലം, ആര്‍ റസല്‍, എ വി എസ് കണ്ണന്‍, ആര്‍ കരുമലയാന്‍, മരിയ ജയിംസ് എന്നിവര്‍ സംസാരിച്ചു.

deshabhimani

No comments:

Post a Comment