Sunday, April 13, 2014

സംഘടനാ പ്രവര്‍ത്തനത്തിനെതിരായ നീക്കം ചെറുക്കും: എസ്എഫ്ഐ

വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനത്തിനെതിരായ സര്‍ക്കാര്‍ നിലപാടില്‍ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ഷിജൂഖാനും സെക്രട്ടറി ടി പി ബിനീഷും പ്രതിഷേധിച്ചു. ജനകീയ വിദ്യാഭ്യാസത്തെയും മതനിരപേക്ഷ കലാലയത്തെയും സംരക്ഷിക്കുക എന്നതാണ് വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനത്തിന്റെ പ്രസക്തി. സാമൂഹ്യപ്രതിബദ്ധതയും ഉത്തരവാദിത്തവും ജനാധിപത്യബോധവുമുള്ള തലമുറയെ വളര്‍ത്തിയെടുക്കുകയാണ് വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം. ഏത് ഇന്ത്യന്‍ പൗരനും സംഘടനകളില്‍ അംഗമാകാം. ഭരണഘടനയിലെ അനുച്ഛേദം 19 പ്രകാരം അഭിപ്രായം രേഖപ്പെടുത്താനും പ്രതികരിക്കാനും സംഘടിക്കാനുമുള്ള അവകാശം പൗരാവകാശവുമാണ്. പഞ്ചായത്തു മുതല്‍ പര്‍ലമെന്റുവരെയുള്ള തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ ക്യാമ്പസ് വിദ്യാര്‍ഥിക്ക് കഴിയും. രാഷ്ട്രഭരണംവരെ നിര്‍ണയിക്കാന്‍ അവകാശമുള്ള വിഭാഗത്തിന്റെ ക്യാമ്പസ് സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കാനുള്ള സര്‍ക്കാര്‍നീക്കം പരിഹാസ്യമാണ്. ഏതെങ്കിലുമൊരു ക്യാമ്പസിലെ ഒറ്റപ്പെട്ട സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥി സംഘടനകളെ ആകെ വിലയിരുത്തരുത്. ഭരണഘടനാപരമായ സംഘടനാ സ്വാതന്ത്ര്യത്തെ ശക്തിപ്പെടുത്തി അരാജകത്വപ്രവണതകളെ പ്രതിരോധിക്കുകയാണ് അഭികാമ്യം. സംസ്ഥാന സര്‍ക്കാര്‍ ജനാധിപത്യവിരുദ്ധ നിലപാടുകളുമായി മുന്നോട്ടുപോയാല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു

deshabhimani

No comments:

Post a Comment