Sunday, April 6, 2014

പിഎഫ് വിഹിതത്തിന് അടിസ്ഥാന ശമ്പളം മാത്രം പരിഗണിച്ചാല്‍ മതിയെന്ന് കേന്ദ്രം

ജീവനക്കാരുടെ പിഎഫ് വിഹിതം നിശ്ചയിക്കാന്‍ അടിസ്ഥാന ശമ്പളത്തോടൊപ്പം മറ്റ് ആനുകൂല്യങ്ങളും ചേര്‍ത്ത് കണക്കാക്കണമെന്ന നിര്‍ദേശം നടപ്പാക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. നിര്‍ദേശം തല്‍ക്കാലം നടപ്പാക്കേണ്ടെന്ന് തൊഴില്‍ മന്ത്രാലയം എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് സംഘടന(ഇപിഎഫ്ഒ)യോട് ആവശ്യപ്പെട്ടു. തൊഴിലാളികളുടെയും ജീവനക്കാരുടെയും കുറഞ്ഞ പെന്‍ഷന്‍ ആയിരം രൂപയാക്കി വര്‍ധിപ്പിക്കാനുള്ള തീരുമാനം നടപ്പാക്കാത്തതിനു പിന്നാലെയാണ് യുപിഎ സര്‍ക്കാര്‍ സ്വകാര്യ തൊഴിലുടമകളെ പ്രീണിപ്പിക്കുന്ന നടപടിക്ക് മുതിര്‍ന്നത്. ഇതോടെ ജീവനക്കാരുടെ പിഎഫ് വിഹിതത്തിലേക്ക് കൂടുതല്‍ തുക അടയ്ക്കേണ്ട ബാധ്യതയില്‍നിന്ന് തൊഴിലുടമകള്‍ ഒഴിവാകും. ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും പിഎഫ് സമ്പാദ്യത്തിലേക്ക് കൂടുതല്‍ പണം അടയ്ക്കാനുള്ള അവസരവും നഷ്ടമാവും.

പിഎഫ് വിഹിതം കണക്കാക്കാന്‍ അടിസ്ഥാനശമ്പളത്തോടൊപ്പം ജീവനക്കാരുടെ മറ്റെല്ലാ ആനുകൂല്യങ്ങളും ചേര്‍ക്കണമെന്ന് 2012 നവംബര്‍ മുപ്പതിന് ഇപിഎഫ്ഒ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. പല തൊഴില്‍സ്ഥാപനങ്ങളും ജീവനക്കാരുടെ അടിസ്ഥാന ശമ്പളം കുറച്ചുകാണിച്ച് കൂടുതല്‍ പണം വിവിധ ആനുകൂല്യങ്ങളായി നല്‍കുന്നത് പരിഗണിച്ചായിരുന്നു ഈ നിര്‍ദേശം. എന്നാല്‍, തൊഴിലുടമകള്‍ ഇതിനെതിരെ രംഗത്തുവന്നു. ഇതോടെ പ്രശ്നം പരിശോധിക്കുന്നതിനായി ഇപിഎഫ്ഒ ഉപസമിതിയെ നിയോഗിച്ചു. അടിസ്ഥാന ശമ്പളത്തോടൊപ്പം ആനുകൂല്യങ്ങളും കണക്കാക്കി പിഎഫ് വിഹിതം നിശ്ചയിക്കണമെന്നാണ് ഉപസമിതിയും നിര്‍ദേശിച്ചത്. തൊഴില്‍മന്ത്രാലയത്തെ ഇക്കാര്യം അറിയിച്ചെങ്കിലും ഈ ശുപാര്‍ശയാണ് ഇപ്പോള്‍ മരവിപ്പിക്കാന്‍ തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടത്.

പിഎഫ് വിഹിതത്തിലേക്ക് ശമ്പളത്തിന്റെ 12 ശതമാനം തുക വീതമാണ് ജീവനക്കാരും തൊഴിലുടമയും അടയ്ക്കുന്നത്. അടിസ്ഥാനശമ്പളത്തോടൊപ്പം ആനുകൂല്യങ്ങളും കൂടി ചേര്‍ക്കുന്നതോടെ തൊഴിലുടമകള്‍ കൂടുതല്‍ വിഹിതം നല്‍കേണ്ടി വരും. എന്നാല്‍,ഈ നിര്‍ദേശം നടപ്പാക്കാതിരിക്കാന്‍ വിചിത്രമായ ന്യായമാണ് തൊഴില്‍മന്ത്രാലയം ഉന്നയിക്കുന്നത്. അടിസ്ഥാനശമ്പളത്തോടൊപ്പം ആനുകൂല്യങ്ങളും ചേര്‍ത്ത് പിഎഫ് വിഹിതം നിശ്ചയിച്ചാല്‍ ജീവനക്കാര്‍ക്ക് കൈയില്‍ കിട്ടുന്ന ശമ്പളത്തുക കുറയുമെന്ന വാദമാണ് തൊഴില്‍മന്ത്രാലയത്തിന്്. കുറഞ്ഞ പിഎഫ് പെന്‍ഷന്‍ ആയിരം രൂപയാക്കാനും പിഎഫ് ശമ്പളപരിധി 6500ല്‍ നിന്ന് 15000 രൂപയാക്കാനും ഫെബ്രുവരിയില്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിരുന്നു. തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ഗുണകരമായ തീരുമാനം ഇതുവരെ തൊഴില്‍ മന്ത്രാലയം നടപ്പാക്കിയിട്ടില്ല. അതേസമയം തൊഴിലുടമകള്‍ ആവശ്യം ഉടനടി നടപ്പാക്കുകയായിരുന്നു.

സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ തീരുമാനം ശക്തമായി എതിര്‍ക്കുമെന്ന് സിഐടിയു ദേശീയ പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു. കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കേന്ദ്ര തൊഴില്‍മന്ത്രി ഓസ്കാര്‍ ഫെര്‍ണാണ്ടസും മത്സരരംഗത്തുള്ള സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷും ഇതിന് മറുപടി പറയണം. ജീവനക്കാരും തൊഴിലാളികളും ബാലറ്റിലൂടെ കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികള്‍ക്ക് മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment