Monday, April 7, 2014

ഓരോ പൊതുയോഗവും ഓരോ സ്റ്റഡി ക്ലാസ്

""1977ല്‍ അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പിലും 1999ലെ തെരഞ്ഞെടുപ്പിലും നേരിട്ടതിനേക്കാള്‍ ഭീകരമായ പരാജയമാണ് കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്. ഈ യാഥാര്‍ഥ്യം മനസ്സിലാക്കാതെ കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി ഇടതുപക്ഷം കോണ്‍ഗ്രസിനെ സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. ആന്റണി സാര്‍ ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് എനിക്കറിയില്ല...""

ഈ വാക്കുകള്‍ കേട്ടതോടെ യോഗസ്ഥലങ്ങളില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങളുടെ നിലയ്ക്കാത്ത കൈയടി. രാജ്യത്ത് ഇടതുപക്ഷ-മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയ്ക്ക് ചുക്കാന്‍ പിടിക്കുന്ന ജനനേതാവിന്റെ പ്രസംഗം ഉച്ചസ്ഥായിയിലേക്ക് കടക്കുകയാണ്. സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ്കാരാട്ടിന്റെ പ്രസംഗം ഞായറാഴ്ച ആയിരങ്ങള്‍ക്ക് വര്‍ത്തമാനകാല രാഷ്ട്രീയസാഹചര്യത്തെപ്പറ്റിയുള്ള സ്റ്റഡിക്ലാസായി.

കൊല്ലം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ചേര്‍ന്ന വമ്പിച്ച യോഗങ്ങളിലാണ് അദ്ദേഹം സംസാരിച്ചത്. പത്തുവര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്ന കോണ്‍ഗ്രസ് ചരിത്രത്തില്‍ ഇന്നുവരെയില്ലാത്ത തിരിച്ചടി നേരിടുമെന്നു ചടയമംഗലം അസംബ്ലിമണ്ഡലത്തിലെ കടയ്ക്കലില്‍ ചേര്‍ന്ന മഹായോഗത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചപ്പോള്‍ ആയിരങ്ങളുടെ ഉച്ചത്തിലുള്ള മുദ്രാവാക്യം ഉയര്‍ന്നു. അളന്നുകുറിച്ച വാക്കുകള്‍, രാഷ്ട്രീയത്തെ അതിസൂക്ഷ്മമായി വിലയിരുത്തുന്ന ഗംഭീരശൈലി, കോണ്‍ഗ്രസിന്റെ രാഷ്ട്രീയപാപ്പരത്തം തുറന്നുകാട്ടുന്ന അവതരണരീതി, കോണ്‍ഗ്രസിന്റെ തകര്‍ച്ച മുതലെടുത്ത് അധികാരത്തില്‍ വരാന്‍ ശ്രമിക്കുന്ന ബിജെപിക്ക് എന്തുകൊണ്ട് അതിനു കഴിയില്ല എന്ന നിരീക്ഷണം... കാരാട്ടിന്റെ ചടുലതയാര്‍ന്ന പ്രഭാഷണം ജനങ്ങള്‍ നെഞ്ചേറ്റുന്നു. ലളിതമായ വാക്കുകളിലൂടെ സമകാലീന ദേശീയ-സംസ്ഥാന രാഷ്ട്രീയം അദ്ദേഹം വരച്ചുകാട്ടുന്നു.

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍, സംസ്ഥാനകമ്മിറ്റി അംഗം കെ എന്‍ ബാലഗോപാല്‍ എംപി എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം മണ്ഡലത്തിലെ ആദ്യയോഗസ്ഥലമായ കടയ്ക്കലില്‍ എത്തിയത്. അപ്പോള്‍ സമയം വൈകിട്ട് 4.45. കടയ്ക്കല്‍ ബസ്സ്റ്റാന്‍ഡ് മൈതാനത്ത് ആ സമയം ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍ സംസാരിക്കുകയാണ്. ആള്‍ക്കൂട്ടത്തിനിടയിലൂടെ, അന്തരീക്ഷത്തെ മുഖരിതമാക്കിയ മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ നാടിന്റെ നായകന്‍ വേദിയിലേക്ക് എത്തുകയായി. രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത കൊടിയ അഴിമതികളുടെ കാര്യം എണ്ണിനിരത്തവെ ആരിലും ചാട്ടുളി തുളച്ചുകയറുന്ന ചോദ്യം... രാഷ്ട്രീയനെറികേടിന്റെയും അവസരവാദത്തിന്റെയും വര്‍ത്തമാനകാല പതിപ്പായ ആര്‍എസ്പിക്കെതിരെയും നിശിത വിമര്‍ശനങ്ങളാണ് അദ്ദേഹം ഉയര്‍ത്തിയത്. കോണ്‍ഗ്രസിന്റെ മടിയില്‍ കയറിയിരിരുന്നുകൊണ്ട് കേരളത്തില്‍ ആര്‍എസ്പി റവല്യൂഷന്‍, സോഷ്യലിസം എന്നൊക്കെ പറയുന്നതു പരിഹാസ്യമാണെന്നും അദ്ദേഹം തുറന്നടിച്ചു. കടയ്ക്കലിന് പുറമെ ചാത്തന്നൂര്‍ അസംബ്ലി മണ്ഡലത്തിലെ പരവൂര്‍, ഇരവിപുരം അസംബ്ലി മണ്ഡലത്തിലെ അയത്തില്‍ ജങ്ഷന്‍ എന്നിവിടങ്ങളില്‍ ഇടതുപക്ഷത്തിന്റെ കരുത്തനായ നേതാവ് ആയിരങ്ങളെ അഭിസംബോധനചെയ്തു. ഞായറാഴ്ച രാവിലെ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ പത്തനംതിട്ട ടൗണ്‍, റാന്നിയിലെ പെരിനാട് എന്നിവിടങ്ങളിലെ പ്രസംഗത്തിനുശേഷമാണ് അദ്ദേഹം കൊല്ലം മണ്ഡലത്തില്‍ എത്തിയത്.

എം സുരേന്ദ്രന്‍ deshabhimani

No comments:

Post a Comment