Thursday, April 3, 2014

അതിഥി താരങ്ങളുടെ ഹാസ്യപ്രകടനം

രാഷ്ട്രീയപാര്‍ടികളുടെ കേന്ദ്രനേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമ്പോള്‍ ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് എന്തെങ്കിലും പറയുമെന്നാണ് ജനം പ്രതീക്ഷിക്കുക. രണ്ട് അഖിലേന്ത്യാ നേതാക്കളുടെ കഴിഞ്ഞദിവസത്തെ പ്രതികരണങ്ങളും പ്രസംഗങ്ങളും ആ പ്രതീക്ഷ തെറ്റിച്ചു എന്നുമാത്രമല്ല, സഹതാപം തോന്നിക്കുകയുംചെയ്തു. ഒരാള്‍ വിപ്ലവപാര്‍ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാണ്. അപരന്‍ യുപിഎ സര്‍ക്കാരിലെ വലിയ നിലയുള്ള മന്ത്രി. ടി ജെ ചന്ദ്രചൂഡനും എ കെ ആന്റണിയും.

രണ്ടുപേര്‍ക്കും സ്വന്തം കാര്യം ജനങ്ങളോട് പറയാന്‍ കഴിയുന്നില്ല. കേരളത്തില്‍ വന്ന് യുപിഎ സര്‍ക്കാരിന്റെ നേട്ടം പറഞ്ഞ് വോട്ടു ചോദിക്കാന്‍ ആന്റണി തയ്യാറല്ല. താന്‍ അമരത്തിരിക്കുന്ന പ്രതിരോധ വകുപ്പിനെക്കുറിച്ചെങ്കിലും അദ്ദേഹം പറയേണ്ടതല്ലേ? അവിടെ മുങ്ങിക്കപ്പലുകളും വിമാനവുമെല്ലാം തകരുന്നു. കഴിഞ്ഞ ഏഴുമാസത്തിനകം 11 ദുരന്തങ്ങളില്‍ 18 നാവികരാണ് കൊല്ലപ്പെട്ടത്. യുദ്ധകാലത്തല്ലാതെയുള്ള വലിയ മരണനിരക്ക്.

തുടര്‍അപകടങ്ങളുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് നാവികസേനാ മേധാവി അഡ്മിറല്‍ ഡി കെ ജോഷി ഫെബ്രുവരി 17ന് രാജിവച്ചു. സമയത്തിന് അറ്റകുറ്റപ്പണി നടത്താത്ത, പഴകിയ മുങ്ങിക്കപ്പലുകളാണ് ദുരന്തം വരുത്തിയത്. പുതിയത് വാങ്ങേണ്ടതും അപകട സാധ്യതയുള്ളത് ഒഴിവാക്കേണ്ടതും പ്രതിരോധ മന്ത്രാലയമാണ്. ആ മന്ത്രാലയത്തെ നയിക്കുന്നത് എ കെ ആന്റണി. ഡി കെ ജോഷിയേക്കാള്‍ ഉത്തരവാദിത്തം ആന്റണിക്ക്. മികച്ച ഉദ്യോഗസ്ഥനെന്നു പേരെടുത്ത ജോഷി രാജിവച്ച് വീട്ടില്‍പോയി. ആന്റണിക്കിപ്പോള്‍ രാജിയെന്നുകേട്ടാല്‍ അലര്‍ജിയാണ്.

ചേര്‍ത്തലക്കാരനായ ആന്റണി കേരളത്തിലേക്ക് പ്രചാരണത്തിന് പുറപ്പെട്ട അതേ ദിവസമാണ് മറ്റൊരു ചേര്‍ത്തലക്കാരന്‍ വിങ് കമാന്‍ഡര്‍ രാജി എസ് നായര്‍ വ്യോമസേനയുടെ സൂപ്പര്‍ ഹെര്‍ക്കുലിസ് വിമാനം തകര്‍ന്ന് മരണമടഞ്ഞത്. ദുരന്തങ്ങള്‍ വ്യോമസേനയിലേക്കും പടര്‍ന്നു. ആയിരം കോടി രൂപയ്ക്ക് അമേരിക്കയില്‍നിന്ന് വാങ്ങിയതാണ് സൂപ്പര്‍ ഹെര്‍ക്കുലിസ് ചരക്കുവിമാനം. ആറായിരം കോടി മുടക്കി ആറ് വിമാനം വാങ്ങി. ഉണ്ടായത് അസാധാരണ ദുരന്തം. ആന്റണി മിണ്ടുന്നില്ല. കേരളത്തില്‍ വന്ന് ഉമ്മന്‍ചാണ്ടിസര്‍ക്കാരിനെ സംരക്ഷിക്കുന്ന വര്‍ത്തമാനം. ഡല്‍ഹിയിലിരുന്ന് ഹിമാലയന്‍ അഴിമതിക്ക് പ്രതിരോധം. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി, റോള്‍സ്റോയ്സ് വിമാന എന്‍ജിന്‍ അഴിമതി, ആദര്‍ശ് ഫ്ളാറ്റ് കുംഭകോണം, ഓര്‍ഡിനന്‍സ് ഫാക്ടറി കുംഭകോണം, ടട്ര ട്രക്ക് അഴിമതി- ഇങ്ങനെ അടുത്തകാലത്ത് ചര്‍ച്ചചെയ്ത ഒട്ടുമിക്ക അഴിമതികളും പ്രതിരോധ വകുപ്പിലാണ്.

ആദര്‍ശത്തിന്റെ കുപ്പായമിട്ട ആന്റണിയെ മന്ത്രിസ്ഥാനത്തിരുത്തി കോണ്‍ഗ്രസ് അഴിമതിപ്പണം വാരിക്കൂട്ടുന്നു. വിവിഐപി യാത്രയ്ക്ക് 12 അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ വാങ്ങാന്‍ ഫിന്‍മെക്കാനിക്ക എന്ന ഇറ്റാലിയന്‍ കമ്പനിയുമായാണ് 3546 കോടി രൂപയുടെ കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്. ഇടപാടിലെ അഴിമതി ഇറ്റാലിയന്‍ ഇന്റലിജന്‍സ് പിടിച്ചു. ഇടനിലക്കാര്‍ അകത്തായി. ഗത്യന്തരമില്ലാതെ കരാര്‍ റദ്ദാക്കി. മുടക്കിയ കോടികള്‍ കിട്ടിയില്ല- ഏകപക്ഷീയമായി കരാര്‍ റദ്ദാക്കിയതിനെതിരെ ഫിന്‍മെക്കാനിക്ക കേസുകൊടുത്തു. ആന്റണി മിണ്ടുന്നില്ല. വിമാനഎന്‍ജിന്‍ വാങ്ങാന്‍ റോള്‍സ്റോയ്സ് കമ്പനിയുമായി 2007-11 കാലയളവില്‍ പതിനായിരം കോടിയുടെ കരാറിലാണ് ഏര്‍പ്പെട്ടത്. ഈ ഇടപാടിനു പിന്നിലും അഴിമതി വെളിപ്പെട്ടു.

അഴിമതി പിടിക്കപ്പെട്ടാല്‍ സിബിഐ അന്വേഷണത്തിന് വിട്ട് ആന്റണി കൈകഴുകും. കിട്ടിയാല്‍ കിട്ടി; പോയാല്‍ പോയി എന്ന മട്ടില്‍. ടട്ര ട്രക്കുകച്ചവടത്തില്‍ കോഴ വാഗ്ദാനം ചെയ്തതായി മുന്‍ കരസേനാ മേധാവി വി കെ സിങ് ആന്റണിയെ കണ്ട് പറഞ്ഞു. ആന്റണി അനങ്ങിയില്ല. സിങ് പറഞ്ഞത് പിന്നീട് ആന്റണി സ്ഥിരീകരിച്ചു. കേട്ടപ്പോള്‍ തലയ്ക്ക് കൈവച്ച് ഇരുന്നുപോയെന്നായിരുന്നു രാജ്യസഭയില്‍ ആന്റണിയുടെ വാക്കുകള്‍. അങ്ങനെ അഴിമതി കണ്ടാല്‍ തലയില്‍ കൈവച്ച് മിണ്ടാതിരിക്കുന്ന മന്ത്രിയാണ് താനെന്ന് പാര്‍ലമെന്റിനെ ആന്റണി ബോധ്യപ്പെടുത്തി. ആവശ്യത്തിന് പണം പ്രതിരോധമന്ത്രാലയത്തിന് ഓരോ ബജറ്റിലും നീക്കിവയ്ക്കാറുണ്ടെന്നും ഈ പണത്തിന്റെ വിനിയോഗം ശരിയായ രീതിയിലല്ലെന്നും പറഞ്ഞത് ധനമന്ത്രി പി ചിദംബരമാണ്. ലോക്സഭാ തെരഞ്ഞെടുപ്പാകുമ്പോള്‍ ചര്‍ച്ചചെയ്യേണ്ടത് ഇത്തരം കാര്യങ്ങളാണ്. അതുമിണ്ടാതെ വടകരയിലെ കൊലപാതകത്തിന്റെ പിന്നാലെയാണിപ്പോള്‍ ആന്റണി. ഇവിടത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത് കോപ്പിയടിക്കുന്ന നേതാവ്. ചന്ദ്രചൂഡനാണെങ്കില്‍, അജ്ഞാതവാസത്തില്‍നിന്ന് പുറത്തുവരുന്നതേയുള്ളൂ.

ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന സുപ്രധാന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ ഒറ്റുകൊടുത്ത അനുയായികള്‍ക്ക് കുടപിടിച്ചശേഷം മുങ്ങിയതാണ്. പിന്നെ വാ തുറക്കുന്നത്, സിപിഐ എം നേതാക്കളെ ആക്ഷേപിക്കാന്‍. വിപ്ലവം മൂത്തപ്പോള്‍ ആത്മാവിനെക്കുറിച്ചാണ് ചിന്ത. സിപിഐ എമ്മിനും ഇടതുപക്ഷ പ്രസ്ഥാനത്തിനും വിപ്ലവവീര്യം ചോര്‍ന്നുപോയെന്ന് നിരന്തരം വിലപിച്ച ആര്‍എസ്പി അഖിലേന്ത്യാ സെക്രട്ടറി സ്വന്തം പാര്‍ടിയുടെ സംസ്ഥാന ഘടകത്തെ അഴിമതി- സരിത- സലിംരാജ്-ജോപ്പന്‍ സംഘത്തെ നയിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ കൂടാരത്തില്‍ ഭദ്രമായി കെട്ടി, ഇടപാട് തീര്‍ത്ത് ഏമ്പക്കം വിടുന്നത് സിപിഐ എം നേതാക്കളുടെ മുഖത്തേക്കാണ്. നാലു സീറ്റില്‍ മത്സരിക്കുന്ന ആര്‍എസ്പി ബംഗാള്‍ ഘടകം ഇടതുമുന്നണിയിലാണ്. അവര്‍ പറയുന്നത്, ചന്ദ്രചൂഡനും പ്രേമചന്ദ്രനും അസീസുമടക്കമുള്ള നേതാക്കള്‍ ഇടതുപക്ഷത്തെ വഞ്ചിച്ച അവസരവാദികളെന്നാണ്. സ്വന്തം അനുയായികളില്‍നിന്ന് അവസരവാദി എന്ന വിളികേള്‍ക്കുന്ന അഖിലേന്ത്യാ സെക്രട്ടറിതന്നെ ആന്റണിയേക്കാള്‍ കേമന്‍. തെരഞ്ഞെടുപ്പിലെ ഹാസ്യതാരം മറ്റാരുമല്ല എന്നും പറയാം.

പി എം മനോജ് ദേശാഭിമാനി

No comments:

Post a Comment