Thursday, April 3, 2014

ലീവ് സറണ്ടറും പിഎഫ് വായ്പയും മരവിപ്പിച്ചു

സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ലീവ് സറണ്ടറും പിഎഫ് വായ്പയും അടക്കമുള്ള ആനുകൂല്യങ്ങള്‍ മരവിപ്പിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ട്രഷറി ഡയറക്ടര്‍ക്ക് നല്‍കി. 10വരെ ആനുകൂല്യം നല്‍കേണ്ടെന്ന് ഉത്തരവില്‍ പറയുന്നു. യാത്രാപ്പടി, ഭവനവായ്പ, മെഡിക്കല്‍ റീഇംപേഴ്സ്മെന്റ് തുടങ്ങിയ ആനുകൂല്യങ്ങളും നിഷേധിച്ചു. വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങളും മരവിപ്പിച്ചിട്ടുണ്ട്. ഒരു കാരണവശാലും മാറ്റിവയ്ക്കാനാകാത്ത ചെലവുകള്‍മാത്രം നടത്തിയാല്‍ മതിയെന്നാണ് ട്രഷറികള്‍ക്ക് നല്‍കിയ നിര്‍ദേശം.

അതേസമയം, എല്‍ഐസിയില്‍നിന്ന് കൊള്ളപ്പലിശയ്ക്ക് കടമെടുത്ത പണം ഉപയോഗിച്ച് ബുധനാഴ്ച ശമ്പളവും പെന്‍ഷനും വിതരണം തുടങ്ങി. ജീവനക്കാരുടെ ശക്തമായ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ശമ്പളം വൈകിപ്പിക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറ്റം. മുന്‍ യുഡിഎഫ് സര്‍ക്കാരുകള്‍ പലപ്പോഴായി ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ മരവിപ്പിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തിരുന്നു. പിന്നീടുവന്ന എല്‍ഡിഎഫ് സര്‍ക്കാരുകളാണ് ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നീക്കവും മുന്‍ യുഡിഎഫ് സര്‍ക്കാരുകളുടെ പാതയിലാണ്. ട്രഷറിയില്‍ 3,882 കോടി രൂപയുമായി അധികാരമേറ്റ സര്‍ക്കാര്‍, നികുതി പിരിവിലെ കെടുകാര്യസ്ഥതയും ധന മാനേജുമെന്റിലെ പിടിപ്പുകേടും മൂലം ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയുടെ മറവില്‍ ജീവനക്കാരെ കൊള്ളയടിക്കുന്ന തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. ലീവ് സറണ്ടര്‍ ബില്‍ ട്രഷറിയില്‍ സ്വീകരിച്ചു തുടങ്ങിയെന്നും തുക ഏപ്രിലില്‍ നല്‍കുമെന്നും ധനമന്ത്രിയുടെ ഓഫീസില്‍നിന്ന് അറിയിച്ചു.

എന്നാല്‍, എന്നു മുതല്‍ വിതരണം തുടങ്ങുമെന്ന് വ്യക്തമാക്കുന്നില്ല. മറ്റ് ആനുകൂല്യങ്ങളെക്കുറിച്ചും മിണ്ടുന്നില്ല. 10നു ശേഷവും ആനുകൂല്യങ്ങള്‍ നല്‍കാന്‍ സാധ്യതയില്ല. വോട്ടെടുപ്പിനുശേഷം കടുത്ത സാമ്പത്തിക നടപടികളിലേക്കും സര്‍ക്കാര്‍ കടക്കും. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ തനത് റവന്യൂ വരുമാനത്തില്‍ വര്‍ധനയ്ക്ക് സാധ്യതയില്ല. കേന്ദ്ര വിഹിതത്തിലും വലിയ കുറവുണ്ടാകും. സാമ്പത്തിക മാന്ദ്യത്തിന്റെ കെടുതികളില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ നാലാംപാദത്തിലെ പദ്ധതിവിഹിതത്തില്‍ 22,000 കോടി രൂപയുടെ വെട്ടിക്കുറവ് വരുത്തിയിരുന്നു. ഇതേ അവസ്ഥ തന്നെയാകും ഈ സാമ്പത്തിക വര്‍ഷത്തിലും ഉണ്ടാകുക.

ശമ്പളവും പെന്‍ഷനും വിതരണംചെയ്യാന്‍ സര്‍ക്കാര്‍ തേടിയ കുറുക്കുവഴികളെല്ലാം അടഞ്ഞ സാഹചര്യത്തില്‍ 1,500 കോടി രൂപ എല്‍ഐസിയില്‍നിന്ന് വന്‍ പലിശയ്ക്ക് വായ്പ എടുത്തതായാണ് വിവരം. 16 മുതല്‍ 22 ശതമാനംവരെ നിരക്കില്‍ വിവിധ സ്ലാബുകളിലാണ് പലിശ നിശ്ചയിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ നിര്‍ബന്ധിത ചെലവുകള്‍ മാത്രമാണ് ട്രഷറിവഴി നടക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകള്‍, ട്രഷറി സേവിങ്സ്ബാങ്ക് അക്കൗണ്ടില്‍നിന്നുള്ള വ്യക്തികളുടെ നിക്ഷേപം പിന്‍വലിക്കല്‍, സംസ്ഥാന ദുരന്തനിവാരണ പ്രതികരണ നിധിയില്‍നിന്നുള്ള കൊടുക്കലുകള്‍, റേഷന്‍ സാധനങ്ങള്‍ക്ക് എഫ്സിഐയില്‍ ഒടുക്കേണ്ട തുക, കാരുണ്യ ബെനവലന്റ് നിധിയിലേക്കുള്ള ഒടുക്കലുകള്‍ തുടങ്ങി 17 ഇനങ്ങളില്‍ മാത്രമാണ് ട്രഷറിയില്‍നിന്ന് പണം നല്‍കുക. വര്‍ഷാന്ത്യത്തില്‍ ട്രഷറി മിച്ചം എത്രയാണെന്ന് ഇനിയും ധനമന്ത്രി വ്യക്തമാക്കിയിട്ടില്ല.

ജി രാജേഷ്കുമാര്‍

വാര്‍ത്ത ചോര്‍ച്ച: ട്രഷറി ജീവനക്കാര്‍ക്ക് ശാസന

തിരു: ട്രഷറിയിലെ വിവരങ്ങള്‍ ചോരുന്നുവെന്നു കാട്ടി ജീവനക്കാര്‍ക്ക് ട്രഷറി ഡയറക്ടറുടെ കടുത്ത ശാസന. വാര്‍ത്ത ചോര്‍ത്തിയാല്‍ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഡയറക്ടര്‍ എസ് ശ്രീകുമാര്‍ കീഴ്ജീവനക്കാരെ അറിയിച്ചു. ആദ്യം ടെലിഫോണ്‍ വഴി ജില്ലാ ട്രഷറി ഓഫീസര്‍മാരെയാണ് ശാസിച്ചത്. പിന്നീട് ഇ-മെയില്‍ വഴി എല്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും ജില്ലാ ട്രഷറി ഓഫീസര്‍മാര്‍ക്കും നിര്‍ദേശമെത്തി. അടിയന്തര സ്വഭാവത്തിലുള്ളത് എന്ന് രേഖപ്പെടുത്തിയാണ് നിര്‍ദേശം നല്‍കിയത്.

രഹസ്യ വിവരങ്ങള്‍ പത്രമാധ്യമങ്ങള്‍ക്ക് ജീവനക്കാര്‍ ചോര്‍ത്തിനല്‍കുന്നുവെന്ന് ഡയറക്ടര്‍ ആരോപിച്ചു. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ജീവനക്കാരുടെയടക്കം ആനുകൂല്യങ്ങള്‍ കവരാനുള്ള നടപടികളും മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും അസ്വസ്ഥരാണ്. മന്ത്രിസഭാ യോഗത്തിലും ഇക്കാര്യം ചര്‍ച്ചയ്ക്കു വന്നു. തുടര്‍ന്നാണ് ഡയറക്ടര്‍ ഭീഷണിയുമായി രംഗത്തെത്തിയത്.

deshabhimani

No comments:

Post a Comment