Wednesday, April 9, 2014

ആന്റണി സങ്കല്‍പ്പലോകത്ത്

കേരളത്തില്‍ യുഡിഎഫിനുവേണ്ടി പ്രചാരണത്തിനിറങ്ങിയ കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി ഒരുകാര്യം ആവര്‍ത്തിച്ചുപറയുന്നുണ്ട്. 2004ന് സമാനമായ രാഷ്ട്രീയസാഹചര്യമാണുള്ളതെന്നും തെരഞ്ഞെടുപ്പിനുശേഷം വര്‍ഗീയശക്തികളെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ ഇടതുപാര്‍ടികള്‍ക്ക് കോണ്‍ഗ്രസിനെ പിന്തുണയ്ക്കേണ്ടിവരുമെന്നുമാണ് ആന്റണി പറയുന്നത്. 2004ല്‍നിന്ന് തികച്ചും വ്യത്യസ്തമായ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങളാണ് ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് അറിയാത്ത ആളല്ല ആന്റണി. സാധാരണക്കാരില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം.

1996ലാണ് ആദ്യമായി ബിജെപി അധികാരത്തിലെത്തുന്നത്. വാജ്പേയിയുടെ ആ സര്‍ക്കാരിന് 13 ദിവസത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് ദേവഗൗഡയും ഐ കെ ഗുജ്റാളും പ്രധാനമന്ത്രിയായി ഒന്നരവര്‍ഷം ഭരണം നടത്തി. കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ ആ പരീക്ഷണങ്ങളും അവസാനിച്ചു. 1998ല്‍ രാജ്യത്ത് വീണ്ടും പൊതുതെരഞ്ഞെടുപ്പ് നടന്നു. ബിജെപി അധികാരത്തില്‍ തിരിച്ചെത്തി. ആദ്യം 13 ദിവസമായിരുന്നെങ്കില്‍ ഇത്തവണ 13 മാസം വാജ്പേയി അധികാരത്തില്‍ തുടര്‍ന്നു. വിശ്വാസപ്രമേയത്തില്‍ പരാജയപ്പെട്ട് വാജ്പേയി രാജിവച്ചു. 1999ല്‍ വീണ്ടും ലോക്സഭാ തെരഞ്ഞെടുപ്പ്. ഇത്തവണ വിവിധ സംസ്ഥാനങ്ങളില്‍ അധികാരത്തിലുള്ളതോ പ്രതിപക്ഷത്തുള്ളതോ ആയ രണ്ടുഡസന്‍ രാഷ്ട്രീയപാര്‍ടികളുടെ വിശാല ഐക്യമുന്നണി ആയിട്ടാണ് ബിജെപി തിരിച്ചെത്തിയത്. ആ സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി.

അധികാരത്തില്‍ ഇരുന്നപ്പോള്‍ കോണ്‍ഗ്രസിന്റെ എല്ലാ ജനവിരുദ്ധ സാമ്പത്തികനയങ്ങളും കൂടുതല്‍ തീവ്രമായാണ് ബിജെപി നടപ്പാക്കിയത്. സാധാരണക്കാരന്റെ വിയര്‍പ്പില്‍നിന്നുമുരുവാക്കിയ പൊതുമേഖലാസ്ഥാപനങ്ങള്‍ വില്‍ക്കാന്‍ നയങ്ങള്‍ രൂപീകരിച്ചത് കോണ്‍ഗ്രസ് ആണെങ്കില്‍ രാജ്യത്തിന്റെ പൊതുസ്വത്ത് വിറ്റഴിക്കാന്‍ ഒരു മന്ത്രിയെത്തന്നെ ബിജെപി ചുമതലപ്പെടുത്തി. മാത്രമല്ല, നമ്മുടെ മതനിരപേക്ഷപാരമ്പര്യങ്ങളെ മുഴുവന്‍ ആ സര്‍ക്കാര്‍ ചവിട്ടിമെതിച്ചു. പാഠപുസ്തകങ്ങളില്‍പ്പോലും മതമൗലികവാദത്തിന്റെ വിഷബീജങ്ങള്‍ കുത്തിനിറച്ച് കുരുന്നുമനസ്സുകളില്‍പ്പോലും മതപരമായ വിഭജനമുണ്ടാക്കാന്‍ വാജ്പേയി സര്‍ക്കാര്‍ ശ്രമിച്ചു. തല്‍ഫലമായി 2004ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടു. പക്ഷേ, കോണ്‍ഗ്രസിന് ജയിക്കാനും ആയില്ല. തെരഞ്ഞെടുപ്പിലൂടെ ജനം തിരസ്കരിച്ച ബിജെപി കുതിരക്കച്ചവടത്തിലൂടെ അധികാരത്തില്‍ തിരിച്ചെത്താന്‍ ശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസും സഖ്യകക്ഷികളുംകൂടി രൂപീകരിച്ച ഐക്യ പുരോഗമനസഖ്യത്തിന് (യുപിഎ) ഇടതുപാര്‍ടികള്‍ ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ പുറമെനിന്ന് പിന്തുണ നല്‍കി. കോണ്‍ഗ്രസിന്റെ വര്‍ഗസ്വഭാവം നല്ലവണ്ണം മനസ്സിലാക്കിയും ഒരു രാഷ്ട്രീയസാഹസമാണെന്ന് തിരിച്ചറിഞ്ഞുംതന്നെയാണ് ഇടതുപക്ഷം വര്‍ഗീയശക്തികളെ അകറ്റിനിര്‍ത്താന്‍ യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കിയത്. 2004ലെ ഈ രാഷ്ട്രീയപശ്ചാത്തലം കേന്ദ്രമന്ത്രിസഭയിലെ രണ്ടാമന്‍ എന്നുവിളിക്കുന്ന ആന്റണിക്ക് അറിഞ്ഞുകൂടാത്തതല്ല.

എന്നാല്‍, ഇന്ന് കോണ്‍ഗ്രസിന്റെയും യുപിഎയുടെയും അവസ്ഥ എന്താണ്? കൂടെയുണ്ടായിരുന്ന ഒട്ടുമിക്ക കക്ഷികളും സഖ്യംവിട്ട് പുറത്തുപോയി. ലോകത്തെ ഏറ്റവും അഴിമതിനിറഞ്ഞ രാജ്യമെന്ന അപഖ്യാതി ഇന്ത്യക്കുമേല്‍ ചാര്‍ത്തപ്പെട്ടു. സാധാരണക്കാരന് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത മേഖലകളില്‍ ലക്ഷക്കണക്കിനുകോടി രൂപയുടെ അഴിമതിക്കഥകള്‍ ഒന്നൊന്നായി പുറത്തുവന്നു. അഴിമതിയുടെപേരില്‍ അരഡസനോളം കേന്ദ്രമന്ത്രിമാര്‍ രാജിവച്ചു. പ്രധാനമന്ത്രി നേരിട്ട് ചുമതല വഹിച്ച കല്‍ക്കരി വകുപ്പില്‍പ്പോലും 1,86,000 കോടി രൂപയുടെ അഴിമതി നടന്നു. എണ്ണിയാലൊടുങ്ങാത്ത അസംഖ്യം കോടി രൂപയുടെ അഴിമതികള്‍ വേറെയും.

വിലക്കയറ്റം സാധാരണക്കാരന്റെ ജീവിതം താളംതെറ്റിച്ചു. വിലക്കയറ്റത്തിന്റെ കാരണം കണ്ടുപിടിക്കാന്‍പോലും സര്‍ക്കാരിന് കഴിയുന്നില്ല. വിപണിയില്‍ സാധനങ്ങള്‍ ദുര്‍ലഭമാകുകയും വാങ്ങാന്‍ ഒരുപാട് ആളുകള്‍ ഉണ്ടാകുകയും ചെയ്യുമ്പോള്‍ വിലകൂടാമെന്ന സാമാന്യ സാമ്പത്തികശാസ്ത്രവും ഇവിടെ അപ്രസക്തമാകുന്നു. വിപണിയില്‍ ഒരു സാധനത്തിനും ദൗര്‍ലഭ്യമില്ല. സാധനങ്ങള്‍ ഉണ്ട്; പക്ഷേ, വില കൂടുതലാണ്. ഇതിന് കാരണം വിപണിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയതാണ്. പൊതുവിതരണസമ്പ്രദായം അട്ടിമറിച്ചതും അവധിവ്യാപാരം വ്യാപകമാക്കിയതും കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാന്‍ കഴിയാത്തതും വിലക്കയറ്റത്തിന് കാരണമായി. എഫ്സിഐയുടെ ഗോഡൗണുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കാന്‍ ഇടമില്ലാതെ മഴയും വെയിലുമേറ്റ് നശിക്കുന്നു. കന്നുകാലികള്‍ക്കുപോലും ഭക്ഷ്യയോഗ്യമല്ലാതായിത്തീര്‍ന്ന ഈ ധാന്യങ്ങള്‍ ഉള്‍ക്കടലില്‍ കൊണ്ടുപോയി കളയാന്‍ കോടികള്‍ ചെലവഴിച്ച സര്‍ക്കാരാണ് യുപിഎയുടേത്. ഏറെ കൊട്ടിഘോഷിച്ച ഭക്ഷ്യസുരക്ഷാപദ്ധതിമൂലം നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന റേഷന്‍പോലും കിട്ടാതാകുന്ന അവസ്ഥ. നിത്യോപയോഗസാധനങ്ങളുടെയും ജീവന്‍രക്ഷാമരുന്നുകളുടെയും ഇന്ധനങ്ങളുടെയും വില നിശ്ചയിക്കാനുള്ള അവകാശം കമ്പനികള്‍ക്ക് നല്‍കിയതുവഴി കുത്തകകളുടെ ചൂഷണം വ്യാപകമാകുകയും വിലക്കയറ്റം നിയന്ത്രണാതീതമാകുകയുംചെയ്തു. വിലക്കയറ്റവും അഴിമതിയുംമൂലം ജനങ്ങള്‍ കോണ്‍ഗ്രസിനെ പാടെ വെറുത്തു. അതുകൊണ്ടുതന്നെ കേന്ദ്രമന്ത്രിസഭയിലെ ഒരുഡസന്‍ മന്ത്രിമാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നുപറഞ്ഞ് ഒളിച്ചോടി.

ഒരുകാലത്ത് ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും അധികാരത്തിലുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥ എന്താണ്? ഏറ്റവും കൂടുതല്‍ എംപിമാരുള്ള ഉത്തര്‍പ്രദേശ്, ബിഹാര്‍, ആന്ധ്രപ്രദേശ്, തമിഴ്നാട്, പശ്ചിമബംഗാള്‍, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസ് അധികാരത്തിനുപുറത്താണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത് 29 ശതമാനം വോട്ടാണ്. അതിന്റെ അര്‍ഥം 71 ശതമാനം ആളുകള്‍ കോണ്‍ഗ്രസിന് എതിരായാണ് വോട്ട് ചെയ്തത് എന്നാണ്. ഏത് സംസ്ഥാനത്തുനിന്നാണ് കോണ്‍ഗ്രസിന് രാജ്യം ഭരിക്കാന്‍ കഴിയുന്ന തരത്തില്‍ എംപിമാരെ കിട്ടാന്‍പോകുന്നതെന്ന് ആന്റണി പറയണം. കുത്തക കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ പിന്തുണയോടെ പ്രചണ്ഡമായ പ്രചാരണം നടത്തി ബിജെപി അധികാരം പിടിക്കുമെന്ന് പ്രചരിപ്പിക്കുകയാണ്. 2009ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടിയത് 19 ശതമാനം വോട്ടാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ പറഞ്ഞാല്‍ 81 ശതമാനം ആളുകള്‍ ബിജെപിക്ക് എതിരായാണ് വോട്ട് ചെയ്തത്. രണ്ടുഡസന്‍ പാര്‍ടികള്‍ ഒപ്പമുണ്ടായിരുന്ന ബിജെപി ഇന്ന് രണ്ടര പാര്‍ടികളുമായിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പഞ്ചാബിലെ അകാലിദളും തെലുഗുദേശവും നെടുകെ പിളര്‍ന്ന ശിവസേനയുടെ ഒരു കഷണവുമാണ് ഇന്ന് എന്‍ഡിഎയിലുള്ളത്. പ്രകടനപത്രികയിലൂടെ യഥാര്‍ഥ ഹിന്ദു മൗലികവാദം പുറത്തെടുത്ത ബിജെപിയെ മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന ഇന്ത്യയിലെ ബഹുഭൂരിപക്ഷംപേരും തള്ളിക്കളയും എന്നതില്‍ സംശയമില്ല.

നിലവില്‍ 52 ശതമാനം വോട്ടുള്ളത് കോണ്‍ഗ്രസിതര-ബിജെപിയിതര പാര്‍ടികള്‍ക്കാണ്. വ്യക്തമായ പരിപാടിയും മൂര്‍ത്തമായ ഒരു നേതൃത്വവും ഉണ്ടെങ്കില്‍ ഈ ശക്തികള്‍ക്ക് ഇന്ത്യ ഭരിക്കാന്‍ കഴിയും. ഇപ്രകാരമുള്ള ഒരു ഇടതുമതേതര ജനാധിപത്യബദല്‍ രൂപീകരിക്കാന്‍ ഇടതുപക്ഷമാണ് മുന്‍കൈ എടുക്കുന്നത്. ദേശീയരാഷ്ട്രീയത്തില്‍ വിശ്വാസ്യതയുള്ള വിഭാഗം ഇന്നും ഇടതുപക്ഷമാണ്. തെരഞ്ഞെടുപ്പിനുശേഷം രൂപീകൃതമാകുന്ന ഈ ബദലിനെ പിന്തുണയ്ക്കാന്‍ ആന്റണിയുടെ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകുന്ന അവസ്ഥയാണ് ഈ തെരഞ്ഞെടുപ്പിനുശേഷം ഇന്ത്യയില്‍ ഉണ്ടാകാന്‍പോകുന്നത്

ജി ദേവരാജന്‍ ദേശാഭിമാനി

No comments:

Post a Comment