Saturday, April 5, 2014

മച്ചൂ, ങ്ങള് ഭയങ്കര സംഭവമാണ് കേട്ടോ

മച്ചൂ.... ഞമ്മള് വല്ലാണ്ട് ഞെട്ടിപ്പോയി കോട്ടോ. ങ്ങളെ "വാസ്തവം" വായിച്ചപ്പോ. നിങ്ങ പുലിയാണെന്ന് ഞമ്മക്കറിയാമായിരുന്നു. പക്ഷേ "പുപ്പുലി"യാണെന്ന് മനസ്സിലായത് വാസ്തവം വായിച്ചപ്പോഴാണ്. അപ്പോ ഞമ്മക്ക് ഓര്‍മ വന്നത് നമ്മടെ ശ്വേതാമേനോനെയാണ്. സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ ക്ലൈമാക്സില്‍ ശ്വേത മേനോന്‍ ലാലിനോട് പറയുന്നുണ്ട് "ങ്ങള് ഭയങ്കര ഗ്ലാമറാണപ്പാ" എന്ന്. അപ്പോ ലാലിന്റെ മുഖത്ത് നാണം കലര്‍ന്ന ഒരു പുഞ്ചിരി വിടരുന്നുണ്ട്. മച്ചൂന്റെ മൊകത്തും അങ്ങനൊരു പുഞ്ചിരി ഞമ്മള് കാണുന്നുണ്ട്. മച്ചു, ങ്ങള് ഭയങ്കര ഗ്ലാമറുമാത്രമല്ല ഭയങ്കര സംഭവവുമാണ്. മച്ചൂ, ആ 136 പേജുള്ള "വാസ്തവം" ഗംഭീരമാണ് കേട്ടോ. അത് മച്ചു മുക്കിയെന്ന് കേട്ടല്ലോ? ഒരു ലക്ഷം കോപ്പി എംപി ആപ്പീസിന്റെ ഗോഡൗണില്‍ തള്ളിയെന്നാണ് പരദൂഷകന്മാര്‍ പറയുന്നത്. നല്ല ഗംഭീര പേപ്പറില്‍ ബഹുവര്‍ണത്തില്‍ എല്ലാ പേജും അച്ചടിച്ചാല്‍ കുറഞ്ഞത് ഒരു കോപ്പിക്ക് 200 രൂപ വേണ്ടിവരുമല്ലോ. അങ്ങനെയെങ്കില്‍ 20 ലക്ഷം ചെലവു വരില്ലേ. മച്ചു കൈയില്‍ നിന്ന് കാശ് കളയില്ലെന്ന് ഞമ്മക്കറിയാം. അത് കെജിഎസ് ഗ്രൂപ്പ് അച്ചടിപ്പിച്ച് തന്നതാണെന്ന് കരക്കമ്പിയുണ്ട് കേട്ടോ. എന്നാലും മച്ചു നിങ്ങ അത് മുക്കിയത് ശരിയായില്ല കേട്ടോ? നിങ്ങ ആരെന്ന് നാട്ടാര്‍ക്ക് ബോധ്യപ്പെടുമായിരുന്നല്ലോ?

എന്നാലും മച്ചൂ, വാസ്തവം തയ്യാറാക്കിയ വീക്ഷണത്തിലെ റസിഡന്റ് എഡിറ്റര്‍ പി മൊഹമ്മദാലിയെ സമ്മതിച്ചേ പറ്റൂ. ആ പഹയന്‍ എഴുതി വച്ചേക്കുന്നത് കണ്ടില്ലേ "ഈ ലോകത്തെ നമ്മള്‍ കണ്ടപ്പോഴുള്ളതിനെക്കാള്‍ മെച്ചമാക്കിയിട്ടുവേണം നമുക്ക് തിരികെപ്പോകാന്‍" എന്ന്. മഹാനായ ബേഡന്‍ പൗവ്വലിന്റെ വാക്കുകളാണെങ്കിലും അത് മച്ചൂനിട്ടൊരു ചെറിയ കുത്തല്ലേ? മച്ചു കഴിഞ്ഞ അഞ്ച് വര്‍ഷം മണ്ഡലത്തില്‍ ഒന്നും ചെയ്തില്ലെന്ന് പറയാതെ പറയാനാണോ ആ പഹയന്‍ ആ വാക്ക് കണ്ടുപിടിച്ചത്. എന്നാലും മച്ചൂ, ആ വിമാനം പറന്നുവരുന്ന ചിത്രത്തിനും റണ്‍വേയ്ക്കുമൊപ്പം മച്ചൂന്റെ ഇന്റര്‍വ്യൂ... ഹോ ഒന്നു കാണേണ്ടത് തന്നെ. അതില്‍ മച്ചുവിന്റെ വിമാനത്താവളത്തെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ അപാരം തന്നെ.

എന്നാല്‍ സുസ്ഥിര വികസനത്തിന്റെ അഞ്ച് വര്‍ഷങ്ങള്‍ എന്ന പുതുക്കിയ "വാസ്തവത്തില്‍" നിന്ന് മച്ചു ആ ഇന്റര്‍വ്യൂ ഒഴിവാക്കിയത് ശരിയായില്ല കേട്ടോ. 38 പേജിലേക്ക് 136 പേജിലെ വാസ്തവങ്ങള്‍ ഒതുക്കുന്നതിന് അല്‍പം ബുദ്ധിമുട്ടുണ്ടെന്ന് ഞമ്മക്കറിയാം. 686 കോടി മണ്ഡലത്തില്‍ വിനിയോഗിച്ചപ്പോള്‍ മച്ചൂ നമ്മുടെ ആദിവാസികള്‍ക്ക് കൊടുത്തത് ഒരു കോടിയാണെന്നത് ഒഴിവാക്കാമായിരുന്നു. അവരുടെ രണ്ട് കോടി മച്ചു ലാപ്സാക്കിയെന്ന് എല്ലാവരും അറിഞ്ഞല്ലോ? വിദ്യാഭ്യാസ വായ്പകളുടെ പലിശ മുന്‍കാല പ്രാബല്യത്തോടെ എഴുതി തള്ളണമെന്നാണല്ലോ മച്ചു പാര്‍ലമെന്റില്‍ അവശ്യപ്പെട്ടത്. അതിന് ശേഷമാണോ മച്ചൂ ജപ്തി നോട്ടീസുകള്‍ വരാന്‍ തുടങ്ങിയത്? നേഴ്സുമാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഓടിനടന്നതിനിടെ ഒരു നേഴ്സിന്റെ അച്ഛനെ ബാങ്കുകള്‍ ജയിലിലടച്ചിട്ട് ഒന്നു തിരിച്ചുനോക്കാഞ്ഞത് മോശമായിപ്പോയില്ലേ.

മച്ചൂ എന്നാലും അമ്പലപ്പുഴ സംഘത്തെ സ്വീകരിക്കാന്‍ പി സി ജോര്‍ജുമൊത്ത് നില്‍ക്കുന്ന ചിത്രം ഒഴിവാക്കാമായിരുന്നു. നിങ്ങ രണ്ടു പേരുടെയും മുഖത്ത് എഴുതി വച്ചിരിക്കുകയല്ലേ കാര്യങ്ങള്‍. എന്നാലും മച്ചൂ ങ്ങളെ കുറ്റം പറയാനാകില്ല. യുഎന്‍ അസംബ്ലി, വിമാനത്താവള അനുമതിക്ക് സമ്മര്‍ദം, പ്രധാനമന്ത്രിയെ വരെ സ്വാധീനിക്കല്‍, നേവിയുടെ എതിര്‍പ്പ് മറികടക്കല്‍, മാര്‍പാപ്പയെ കാണല്‍, ഹിലാരി ക്ലിന്റണുമായി കൂടിക്കാഴ്ച എന്തൊക്കെ കാര്യങ്ങളാണ് മച്ചു ചെയ്തത്. പിന്നെങ്ങനെ പത്തനംതിട്ട മണ്ഡലത്തിന്റെ കാര്യം ചെയ്യും അല്ലേ. എന്നാലും മച്ചു ആള് ഭയങ്കരനാ. പൂഞ്ഞാറില്‍ സ്വീകരിച്ചവര്‍ തന്നെ ഏനാത്ത് വന്നു സ്വീകരിച്ചപ്പോഴല്ലേ മച്ചൂന്റെ ഇവന്റ്മാനേജ്മെന്റ് മനസ്സിലായത്. പിന്തുടരുന്ന സ്ഥിരം എസി വാഹനങ്ങള്‍ കണ്ട് ചാനലുകാര്‍ ഞെട്ടുകയാണ് മച്ചൂ. വിഷ്വല്‍ അവരുടെ കൈയില്‍ ഉണ്ടല്ലോ? എന്നാലും മച്ചൂ, ഒരു സന്തോഷ വാര്‍ത്തയുണ്ട് കേട്ടോ? നമ്മുടെ കുര്യന്‍ സാറും ശിവദാസന്‍ നായരും മച്ചൂന് വോട്ടു പിടിക്കാന്‍ സജീവമായി ഇറങ്ങിയിട്ടുണ്ട്. ങ്ങേ. എന്താ മച്ചൂ മുഖം വാടിയത്.?

deshabhimani

No comments:

Post a Comment