Sunday, April 6, 2014

വൈദ്യുതിമേഖല സംരക്ഷിക്കാന്‍ ഇടതുപക്ഷബദലിന് ശക്തിപകരുക

പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പ് കേരളത്തില്‍ വ്യാഴാഴ്ച നടക്കും. വൈദ്യുതിമേഖലയെയും ജീവനക്കാരെയും ഉപയോക്താക്കളെയും സംബന്ധിച്ച് അതീവഗൗരവമുള്ളതാണ് ഈ തെരഞ്ഞെടുപ്പ്. വൈദ്യുതിമേഖലയുടെ വികസനത്തിന് സ്വകാര്യവല്‍ക്കരണമല്ലാതെ വഴിയില്ലെന്ന നിലപാട് സ്വീകരിച്ചവരാണ് എന്‍ഡിഎ, യുപിഎ സര്‍ക്കാരുകള്‍. രാജ്യത്തെ സര്‍വനാശത്തിലേക്ക് നയിക്കുന്ന സാമ്പത്തികപരിഷ്കാരങ്ങളുടെ ചുവടുപിടിച്ചാണ് സംസ്ഥാന വൈദ്യുതിബോര്‍ഡുകള്‍ പിരിച്ചുവിട്ട് സ്വകാര്യവല്‍ക്കരിച്ചത്. ഇതിലൂടെ 18 ലക്ഷം കോടി രൂപയുടെ പൊതുമേഖല ആസ്തി സ്വകാര്യവ്യക്തികള്‍ ചുളുവിലയ്ക്ക് കൈക്കലാക്കി. സ്വകാര്യവല്‍ക്കരണത്തിനുശേഷം ഊര്‍ജപ്രതിസന്ധി മൂര്‍ച്ഛിക്കുകയും സാധാരണക്കാരന് വൈദ്യുതി അപ്രാപ്യമാകുകയും ചെയ്തു. കാര്‍ഷിക- വ്യാവസായിക മേഖലയുടെ വളര്‍ച്ചയ്ക്ക് അനിവാര്യമായ വൈദ്യുതി ഇല്ലാത്തത് വികസനം മുരടിപ്പിച്ചു.

1948 മുതല്‍ "98 വരെ വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടും സംസ്ഥാന വൈദ്യുതിബോര്‍ഡുകളുടെ ആകെ ബാധ്യത 40,000 കോടി രൂപയായിരുന്നു. സ്വകാര്യവല്‍ക്കരണത്തിനുശേഷം 2013ല്‍ ബാധ്യത രണ്ടരലക്ഷം കോടി രൂപയെന്നാണ് കമ്പനി അവകാശവാദം. പത്തുവര്‍ഷത്തിനകമുണ്ടായ, ഓഡിറ്റിങ്ങിന് വിധേയമാക്കാത്ത ഈ കടബാധ്യത ഏറ്റെടുത്ത് കോര്‍പറേറ്റുകള്‍ക്ക് പണം നല്‍കാനാണ് സര്‍ക്കാര്‍തീരുമാനം. കേരളത്തില്‍ എല്‍ഡിഎഫ് ഭരണകാലത്ത് പൊതുമേഖലയില്‍ സംരക്ഷിക്കപ്പെട്ട ബോര്‍ഡിന് സാമ്പത്തികസഹായം നല്‍കാന്‍ കേന്ദ്രഭസര്‍ക്കാര്‍ തയ്യാറായില്ല. വൈദ്യുതിമേഖലയിലെ സ്വകാര്യവല്‍ക്കരണനടപടികള്‍ ഉദ്ദേശിച്ച ഫലംകണ്ടില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് സമ്മതിക്കേണ്ടി വന്നു.

ബഹുരാഷ്ട്രകുത്തകകള്‍ക്ക് ഊര്‍ജമേഖല അടിയറവച്ചപ്പോള്‍ രാജ്യം കൂടുതല്‍ ഇരുട്ടിലേക്ക് നീങ്ങി. കേന്ദ്രനയങ്ങള്‍ അടിച്ചേല്‍പ്പിച്ച് വൈദ്യുതിചാര്‍ജ് ക്രമാതീതമായി കൂട്ടി കേരളത്തില്‍ ഉപയോക്താക്കളെ പിഴിയുകയാണ്. വൈദ്യുതിനിയമം 2003ന്റെ പ്രത്യാഘാതങ്ങളും ദുരിതങ്ങളും അനുഭവിക്കുകയാണ് വൈദ്യുതി ഉപയോക്താക്കള്‍. പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഈ നിയമത്തിലെ ഭേദഗതികള്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു. വിനാശകരമായ സാമ്പത്തികനയങ്ങളുടെ കെടുതികള്‍ ഏറ്റുവാങ്ങുന്ന തന്ത്രപ്രധാന മേഖലയാണ് വൈദ്യുതിമേഖലയും സംസ്ഥാന വൈദ്യുതിബോര്‍ഡുകളും. വ്യവസായവികസനത്തിന്റെ അടിക്കല്ലായ ഊര്‍ജമേഖല പൊതുമേഖലയില്‍ സംരക്ഷിക്കാന്‍ പ്രാപ്തിയും ആര്‍ജവവുമുള്ള ഭരണാധികാരികളാണ് വരേണ്ടത്.

ഊര്‍ജമേഖലയുടെ പൊതുമേഖലാവല്‍ക്കരണമാണ് രാജ്യസ്നേഹികള്‍ ആഗ്രഹിക്കുന്നത്. അധികാരം മൂലധനത്തിന്റെയോ മുതലാളിത്തത്തിന്റെയോ അല്ലെന്നും, അധികാരകേന്ദ്രങ്ങളെ തീരുമാനിക്കേണ്ടത് ജനപക്ഷമാണെന്നുമുള്ള രാഷ്ട്രീയസന്ദേശമാണ് ചര്‍ച്ചചെയ്യപ്പെടേണ്ടത്. ഇടതുപക്ഷത്തെ അധികാരത്തിലെത്തിക്കുക എന്നതാണ് ജനപക്ഷബദല്‍. നവലിബറല്‍ നയങ്ങളും അതുണ്ടാക്കിയ വളര്‍ച്ചയും ഇന്ത്യാരാജ്യത്തെ വാനോളം വലുതാക്കിയെന്ന് വീമ്പിളക്കുന്ന സാമ്രാജ്യത്വ മൂലധന കോര്‍പറേറ്റ് ശക്തികളുടെ ദല്ലാളന്മാരായ ഭരണാധികാരികള്‍ക്ക് ശക്തമായ താക്കീതായി ഈ ദേശീയ തെരഞ്ഞെടുപ്പുഫലം മാറ്റണം.

വി ലക്ഷ്മണന്‍ ജനറല്‍ സെക്രട്ടറി, കെഎസ്ഇബി വര്‍ക്കേഴ്സ് അസോ. (സിഐടിയു)

No comments:

Post a Comment