Wednesday, April 9, 2014

ചാണ്ടിക്ക് ഗണ്‍മോനെങ്കില്‍ രമേശിന് ഗോള്‍ഡ് മോന്‍ ...

രമേശ് ചെന്നിത്തലയ്ക്ക് എട്ടിന്റെ പണി കൊടുത്തത് ആരാണ്? ഉമ്മന്‍ചാണ്ടി എന്ന് ഏകസ്വരത്തില്‍ സോഷ്യല്‍ മീഡിയ. സ്വര്‍ണക്കള്ളക്കടത്തുകാരന്‍ ഫയാസും രമേശും പറ്റിച്ചേര്‍ന്നുനില്‍ക്കുന്ന ചിത്രം പുറത്തുവിട്ടത് മുഖ്യമന്ത്രിയോട് അടുത്ത കേന്ദ്രങ്ങളാണ് എന്നാണ് ചില ന്യൂസ് പോര്‍ട്ടലുകളിലെ മുഖ്യവാര്‍ത്ത. ഗള്‍ഫിലെ ചില കോണ്‍ഗ്രസുകാര്‍ കൈമാറിയ ചിത്രമാണിത് എന്ന് കൈരളി ടിവി വ്യക്തമാക്കിയിരുന്നു. ഈ ചെയ്ത്തിന് കാരണമോ? രമേശും ഫയാസും തമ്മിലുളള അതിരുകവിഞ്ഞ അടുപ്പത്തിലുള്ള അമര്‍ഷം. എല്ലാം ചേര്‍ത്തുവായിച്ചാല്‍ തിരശ്ശീലയ്ക്കു പിന്നിലെ ചിരി ഉമ്മന്‍ചാണ്ടിയുടേതുതന്നെ. പേഴ്സണല്‍ സ്റ്റാഫ് നിയമനത്തെച്ചൊല്ലി തനിക്കെതിരെ ഒളിയമ്പെയ്തു രസിച്ച രമേശിന് കുറിക്കുകൊള്ളുന്ന മറുപടി.

അതെന്തായാലും, ഫയാസിനെ അറബിവേഷത്തില്‍ കോഴിക്കോട് ജില്ലാജയിലില്‍ പ്രവേശിപ്പിച്ചത് ആരാണെന്ന കാര്യത്തില്‍ ഇനി സംശയം വേണ്ട. ഒരു രേഖയുമില്ലാതെ ഫയാസ് ജയിലിലെത്തിയതും പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ന്നതുമൊക്കെ ആസൂത്രിതമായ നാടകമായിരുന്നു. അത്യുന്നതങ്ങളില്‍ പിടിപാടില്ലാതെ ഒരു ജയിലിലും ആര്‍ക്കും ഈ സൈ്വരവിഹാരം സാധ്യമാകില്ല. ഫയാസിന്റെ പിന്‍ബലം ചെന്നിത്തലയാണെന്ന് വ്യക്തമായിക്കഴിഞ്ഞു. ചെന്നിത്തല ഏല്‍പ്പിച്ച ജയില്‍ദൗത്യമെന്തായിരുന്നു എന്നാണ് ഇനി അറിയേണ്ടത്.

മന്ത്രിയെന്നോ നേതാവെന്നോ വ്യത്യാസമില്ലാതെ കോണ്‍ഗ്രസിലെ സകലര്‍ക്കുമുണ്ട് ആഴമേറിയ ക്രിമിനല്‍ ബന്ധങ്ങള്‍. കൊലക്കേസ് പ്രതി ബിജു രാധാകൃഷ്ണനും ഉമ്മന്‍ചാണ്ടിയും തമ്മില്‍ നടന്ന രഹസ്യചര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തുവന്നു. ദശകോടികളുടെ കേന്ദ്രപദ്ധതി തട്ടിയെടുക്കാനുളള ആസൂത്രണമായിരുന്നത്രേ അവിടെ നടന്നത്. ഈ തട്ടിപ്പിന്റെ വഴികള്‍ സുഗമമാക്കാനാണ് സരിത മുഖ്യമന്ത്രിയുടെ സന്തതസഹചാരികളായ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുമായി നിരന്തരബന്ധം പുലര്‍ത്തിയത്. ഫോണുകളുടെ ഔദ്യോഗിക ഉടമകള്‍ ജോപ്പനും ജിക്കുമോനും ഗണ്‍മാന്മാരായ സലിംരാജും അശോകനും രവീന്ദ്രനുമൊക്കെ ആണെങ്കിലും സരിത സംസാരിച്ചത് ഉമ്മന്‍ചാണ്ടിയോടാണെന്ന് ഏവരും സമ്മതിക്കും.

അന്ന് ആഭ്യന്തരമന്ത്രിയും എ ഗ്രൂപ്പിന്റെ സൈന്യാധിപനും ഉമ്മന്‍ചാണ്ടിയുടെ കിങ്കരനുമായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി എന്നിവരുമായൊക്കെ സരിതയ്ക്ക് ഹോട്ട് കണക്ഷനുണ്ടായിരുന്നു. ഇവരൊക്കെ സരിതയെ പലതവണ ഫോണ്‍ വഴി ബന്ധപ്പെട്ടു. എന്ത് കാര്യത്തിന് എന്ന ചോദ്യത്തിന് ഇതുവരെ യുക്തിസഹമായ ഒരുത്തരവും കിട്ടിയിട്ടില്ല. മിസ്കോള്‍ കണ്ട് തിരിച്ചുവിളിച്ചതാണ് എന്ന തിരുവഞ്ചൂരിന്റെ ദുര്‍ബലമായ വിശദീകരണം കെ മുരളീധരന്‍തന്നെ പരിഹസിച്ചുതളളി. ഇതിനിടയിലായിരുന്നു അബ്ദുള്ളക്കുട്ടിവക അതിക്രമം. തിരുവഞ്ചൂരിന്റെ ഇളനീരുകുടിയുടെയും കൊടിക്കുന്നില്‍ സുരേഷിന്റെ മുഖത്ത് അലയടിച്ച സംതൃപ്തിയുടെയും നാനാര്‍ഥങ്ങള്‍ എത്രയോ തവണ കേരളം ചര്‍ച്ചചെയ്തതാണ്. അടൂര്‍ പ്രകാശ്, കെ സി വേണുഗോപാല്‍, ഗണേശ്കുമാര്‍, കെ പി അനില്‍ കുമാര്‍ എന്നുവേണ്ട ഈ തട്ടിപ്പുസംഘവുമായി ബന്ധമില്ലാത്ത അപൂര്‍വം പേരെ സംസ്ഥാന മന്ത്രിസഭയിലുളളൂ. ഇതിനിടയിലേക്കാണ് സംസ്ഥാന ആഭ്യന്തരമന്ത്രിയും കള്ളക്കടത്തുകാരനും തമ്മിലുളള ഉറ്റബന്ധത്തിന്റെ ക്യാമറക്കാഴ്ച പുറത്തുവന്നത്.

പ്രതിപക്ഷ നേതാവായിരിക്കെ ദേശീയപാതയില്‍ കാത്തുനിന്ന് ഫയാസ് ഉമ്മന്‍ചാണ്ടിയുടെ കാറില്‍ കയറിയ കഥയും പുറത്തുവന്നിരുന്നു. ഉമ്മന്‍ചാണ്ടിക്ക് ഫയാസിനെ പരിചയപ്പെടുത്തിക്കൊടുത്തതുപോലും രമേശ് ചെന്നിത്തല ആയിരുന്നത്രേ. അതിന്റെ പ്രത്യുപകാരമാണ് ഉമ്മന്‍ചാണ്ടി തിരിച്ചുനല്‍കിയത്. കനത്ത തിരിച്ചടിയായിരിക്കും യുഡിഎഫിന് കിട്ടാന്‍പോകുന്നത്. സ്വാഭാവികമായും ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടിവരും. ആ കസേര ഒരിക്കലും ചെന്നിത്തലയ്ക്ക് കിട്ടാതിരിക്കാന്‍ എറിഞ്ഞ ഏറാണത്രേ ഈ ചിത്രം. ഫെയ്സ്ബുക്കില്‍ ഒരാള്‍ കുറിച്ച അഭിപ്രായമിങ്ങനെ-"മുഖ്യമന്ത്രിയാണ് ഏറ്റവും വലിയ നുണയനും തട്ടിപ്പുകാരനും എന്ന ശരാശരി മലയാളിയുടെ കണക്കുകൂട്ടലാണ് തെറ്റിയത്. ചാണ്ടി പഠിക്കുന്ന കോളേജിലെ പ്രിന്‍സിപ്പലാണ് രമേശന്‍ എന്ന് ഇപ്പോഴല്ലെ അറിഞ്ഞത്!!!!!" ഈ പൊതുചര്‍ച്ചയല്ലേ ഉമ്മന്‍ചാണ്ടി ആഗ്രഹിച്ചതും?

കെജിബി ദേശാഭിമാനി

No comments:

Post a Comment