Monday, April 7, 2014

മുല്ലപ്പള്ളിക്കും രമയ്ക്കും ഷംസീര്‍ വക്കീല്‍നോട്ടീസ് അയച്ചു

വടകര: അടിസ്ഥാനരഹിതവും കള്ളവുമായ ആരോപണങ്ങള്‍ ഉന്നയിച്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും കെ കെ രമക്കും എതിരെ എല്‍ഡിഎഫ് വടകര ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. എ എന്‍ ഷംസീര്‍ വക്കീല്‍നോട്ടീസ് അയച്ചു. അഭിഭാഷകന്‍ അഡ്വ. കെ വിശ്വന്‍ മുഖേനയാണ് നോട്ടീസ്. ഞായറാഴ്ചത്തെ മലയാള മനോരമ പത്രത്തില്‍ "ഷംസീറിന്റെ സംഭാഷണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം: മുല്ലപ്പള്ളി" എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയാണ് നോട്ടീസിന് ആധാരം. ""ചന്ദ്രശേഖരന്റെ വിധവ രമയുടേത് വെറും ആരോപണമായി കണ്ടാല്‍ പോര, തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചത്. ഇത് ഗൗരവത്തില്‍ കാണണ""മെന്നും മറ്റും മുല്ലപ്പള്ളി ആവശ്യപ്പെട്ടിരുന്നു. ഇത് തന്നെ വ്യക്തിഹത്യ നടത്തി വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനുദ്ദേശിച്ചുള്ളതാണെന്ന് നോട്ടീസില്‍ ഷംസീര്‍ വ്യക്തമാക്കി. നോട്ടീസ് കിട്ടിയ ഉടന്‍ ആരോപണങ്ങള്‍ പിന്‍വലിച്ച് പരസ്യമായി മാപ്പുപറയുകയും അതേ പ്രാധാന്യത്തില്‍ പത്ര- ദൃശ്യമാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്യണം. ഇല്ലെങ്കില്‍ കോടതിയെ സമീപിച്ച് നിയമനടപടി സ്വീകരിക്കും.

""ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കിര്‍മാണി മനോജിന്റെ 98475 62679 നമ്പര്‍ ഫോണില്‍നിന്ന് ഷംസീറിന്റെ ഫോണിലേക്ക് 9-4-12നും 3-5-12നും വിളിച്ചു എന്നും കേസില്‍ ഗൂഢാലോചന നടത്തി എന്നും"" മറ്റുമുള്ള കളവായ ആരോപണങ്ങളാണ് രമ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചത്. മലയാള മനോരമയിലും മാതൃഭൂമിയിലും മാധ്യമത്തിലും വസ്തുതാവിരുദ്ധമായ ഈ ആരോപണങ്ങള്‍ പ്രസിദ്ധീകരിച്ചു. ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തിയും അപമാനിച്ചും വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനുള്ള ദുഷ്ടലാക്കോടുകൂടിയാണ് ആരോപണം ഉന്നയിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം 500-ാം വകുപ്പ് പ്രകാരം ഇത് ശിക്ഷാര്‍ഹമാണെന്നും തെരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനമാണെന്നും നോട്ടീസില്‍ പറഞ്ഞു. ഇതുമൂലമുള്ള മാനഹാനിയ്ക്കും കഷ്ടനഷ്ടത്തിനും ഒരുകോടി രൂപ നഷ്ടപരിഹാരം കണക്കാക്കുന്നതായും നോട്ടീസില്‍ പറയുന്നു.

ഷംസീറിനെതിരായ ആര്‍എംപി ആരോപണം: യുഡിഎഫിന് വോട്ട് മറിക്കാന്‍

തിരു: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എന്‍ ഷംസീറിനെതിരെ ആര്‍എംപി അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നത് യുഡിഎഫിന് വോട്ട് മറിക്കാനാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വടകരയില്‍ എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷം നേടുമെന്ന് ഉറപ്പായപ്പോഴാണ് ഇത്തരം കഥകള്‍ മെനയുന്നത്. അന്വേഷണ ഏജന്‍സിയും കോടതിയുമെല്ലാം എല്ലാ വശങ്ങളും പരിശോധിച്ചതാണ്. എന്നിട്ടിപ്പോള്‍ സ്പെഷ്യല്‍ പൊലീസായി രമയെ ആരാണ് നിശ്ചയിച്ചത്. ആര്‍എംപി സമാന്തര പൊലീസാണോ? ഇതെല്ലാം വെറും തെരഞ്ഞെടുപ്പുസ്റ്റണ്ടുമാത്രമാണ്. തളിപ്പറമ്പില്‍ മരിച്ച ഷുക്കൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടും വടകരയില്‍ ഇത്തരം പ്രചാരണം നടത്തുന്നുണ്ട്. അത് ഏശാത്തപ്പോഴാണ് പുതിയ കഥകള്‍ മെനഞ്ഞതെന്നും കോടിയേരി പറഞ്ഞു.

deshabhimani

No comments:

Post a Comment