Monday, April 7, 2014

വീരന് വോട്ടുപിടിക്കാന്‍ പണമൊഴുക്കുന്നു

പാലക്കാട്: പണംനല്‍കിയും സ്വര്‍ണവും വെള്ളിയും വിതരണം ചെയ്തും ജനാധിപത്യം അട്ടിമറിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ഥി വീരേന്ദ്രകുമാര്‍ ശ്രമിക്കുന്നതായി പരാതി. വന്‍തോതില്‍ കള്ളപ്പണം ഒഴുക്കിയും വോട്ട്പിടിക്കുന്നതായാണ് ആരോപണം. ഇത് സംബന്ധിച്ച് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയും ബിജെപി സ്ഥാനാര്‍ഥിയും ജില്ലാവരണാധികാരിക്കും തെരഞ്ഞെടുപ്പ് കമീഷനും പരാതി നല്‍കി.

കഴിഞ്ഞ ദിവസം ഒറ്റപ്പാലം വ്യാപാരഭവനില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം പണം നല്‍കിയതായാണ് വിവരം. മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയ ശേഷമാണ് പണം നല്‍കിയത്. പണംവാങ്ങാന്‍ വിസമ്മതിച്ച രണ്ടുപേരെ യോഗത്തില്‍നിന്ന് പുറത്താക്കി. പത്രത്തിന്റെ എംഡിയായ സ്ഥാനാര്‍ഥി പത്ര ജീവനക്കാരെയും പ്രദേശികലേഖകരെയും ഏജന്റുമാരേയും ഉപയോഗിച്ച് പത്രത്തോടൊപ്പം പണം വിതരണം ചെയ്യാനും ലക്ഷ്യമിടുന്നുണ്ട്. മണ്ഡലത്തില്‍ രണ്ട് കോടി രൂപ വിതരണത്തിനായി എത്തിയതായാണ് വിവരം. മദ്യവും വിതരണം ചെയ്യുന്നു. പ്രത്യേക പാരിതോഷികങ്ങള്‍ നല്‍കിയും വോട്ട് പിടിക്കാനാണ് നീക്കം.

പാലക്കാട് നഗരത്തിന് സമീപം വെള്ളികൊണ്ട് നിര്‍മിച്ച ആഭരണമാണ് ചിഹ്നമെന്ന പേരില്‍ നല്‍കിയത്. "മധുര മോഡല്‍" പദ്ധതി എന്നപേരില്‍ ഉപഹാരവിതരണ പദ്ധതിക്കും രൂപം നല്‍കി. നവ വധൂവരന്മാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഒരു ഗ്രാം സ്വര്‍ണത്തില്‍ പൊതിഞ്ഞ ചിഹ്നം രേഖപ്പെടുത്തിയ ഉപഹാരം സ്ഥാനാര്‍ഥിയുടെ പേരില്‍ നല്‍കാനാണ് നീക്കം. ഇതിന്റെ വിവരശേഖരം എടുത്തിട്ടുണ്ട്. ഒന്നരക്കോടി രൂപ ചെലവില്‍ 50,000 ഉപഹാരം വിവിധ കേന്ദ്രങ്ങളില്‍ എത്തിച്ചു. യുഡിഎഫിലെ ഉന്നതന്‍ വഴിയാണ് കഴിഞ്ഞ ദിവസം മണ്ഡലത്തിലേക്ക് വന്‍തോതില്‍ പണമെത്തിച്ചത്.

പാലക്കാട്ട് തെര. കമീഷന്‍ ഇടപെടണം: എല്‍ഡിഎഫ്

പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എം പി വീരേന്ദ്രകുമാറിനു വേണ്ടി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണവും വിലപിടിപ്പുള്ള പാരിതോഷികവും വിതരണം ചെയ്യുന്നതിനെതിരെ നടപടിവേണമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമീഷനും ജില്ലാ വരണാധികാരിക്കും പരാതി നല്‍കിയെങ്കിലും നടപടിയില്ല. സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താന്‍ കമീഷന്‍ അടിയന്തരമായി ഇടപെടണം. കൂടുതല്‍ നിരീക്ഷകരെ നിയോഗിക്കണം. അവിഹിത ഇടപെടലുകള്‍ തടയാന്‍ പ്രത്യേക വിജിലന്‍സ് സ്ക്വാഡ്വേണം. കണ്‍ട്രോള്‍റൂം പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു.

മണ്ഡലത്തില്‍ രണ്ട് കോടി രൂപ വിതരണത്തിനായി എത്തിച്ചതായാണ് വിവരം. പത്രത്തിന്റെ എംഡിയായ സ്ഥാനാര്‍ഥി ജീവനക്കാരേയും ഏജന്റുമാരേയും ഉപയോഗിച്ച് പാരിതോഷികങ്ങള്‍ നല്‍കുന്ന പദ്ധതിക്ക് "മധുരമോഡല്‍" എന്നാണ് പേര്. 50,000 ഉപഹാരം നല്‍കുന്നതിന് ഒന്നരക്കോടി രൂപയാണ് ചെലവഴിക്കുന്നത്. യുഡിഎഫിന്റെ വഴിവിട്ട നടപടിക്കെതിരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണം. കള്ളക്കളി പിടിക്കപ്പെട്ടാല്‍ പ്രാദേശികമായി അക്രമം അഴിച്ചുവിടാനും ഭരണസ്വാധീനവും പൊലീസിനെയും ഉപയോഗിച്ചു എല്‍ഡിഎഫ് പ്രവര്‍ത്തകരെ നേരിടാനുമാണ് യുഡിഎഫ് തീരുമാനം. അക്രമത്തിന് വിധേയനായെന്ന് പ്രചരിപ്പിച്ച് മുതലെടുക്കാനുള്ള യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഗൂഢപദ്ധതിയും ഇതിനകം പുറത്തുവന്നിട്ടുണ്ട്. സമാധാനാന്തരീക്ഷം തകര്‍ത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് യുഡിഎഫ്് ശ്രമിക്കുന്നത്. ഇത് വോട്ടര്‍മാര്‍ തിരിച്ചറിയണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു. സി ടി കൃഷ്ണന്‍, കെ പി സുരേഷ്രാജ്, കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhiani

No comments:

Post a Comment