Sunday, April 6, 2014

തപാല്‍ ബാങ്കിങ്ങിന് കേന്ദ്രത്തിന്റെ ഉടക്ക്

തപാല്‍വകുപ്പിന് ബാങ്കിങ് െലൈസന്‍സ് നല്‍കാനുള്ള തീരുമാനം വൈകുന്നതിനു പിന്നില്‍ യുപിഎ സര്‍ക്കാരിന്റെ കോര്‍പറേറ്റ് പ്രീണനം. തപാല്‍വകുപ്പിന്റെ അപേക്ഷയില്‍ തീരുമാനമെടുക്കാതെ ധനമന്ത്രാലയവും ആസൂത്രണകമീഷനും കോര്‍പറേറ്റുകള്‍ക്കായി ഒത്തുകളിക്കുകയാണ്. രാജ്യത്തെ 1.3 ലക്ഷം പോസ്റ്റ്ഓഫീസുകള്‍ പോസ്റ്റ് ബാങ്ക് ഓഫ് ഇന്ത്യ (പിബിഐ)യുടെ ബിസിനസ് കേന്ദ്രങ്ങളായി മാറുമെന്നതാണ് കോര്‍പറേറ്റുകളെ ചൊടിപ്പിക്കുന്നത്. സാധാരണക്കാര്‍ സ്വാഭാവികമായും ബാങ്കിങ് സേവനങ്ങള്‍ക്ക് പിബിഐയെ ആശ്രയിക്കുമെന്നാണ് ഇന്ത്യന്‍ സമ്പദ്ഘടന കൈപ്പിടിയിലാക്കാന്‍ ശ്രമിക്കുന്ന കോര്‍പറേറ്റുകളുടെ ആശങ്ക. തപാല്‍വകുപ്പിന്റെ അപേക്ഷ പരിഗണിക്കാതെ സ്വകാര്യമേഖലയിലുള്ള ബന്‍ധന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിനും ഐഡിഎഫ്സിക്കുമാണ് റിസര്‍വ്ബാങ്ക് പുതുതായി ബാങ്കിങ് ലൈസന്‍സ് നല്‍കിയത്.

ബാങ്കിങ് ലൈസന്‍സിനുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിക്കാനുള്ള അനുമതിപത്രത്തിനായി തപാല്‍വകുപ്പ് ജനുവരിയില്‍ സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ ഉപസമിതിക്ക് കത്ത് നല്‍കിയിരുന്നു. ആസൂത്രണകമീഷനും ധനമന്ത്രാലയവും അംഗീകരിച്ചാല്‍ മാത്രമേ മന്ത്രിസഭാ ഉപസമിതിക്ക് ഇക്കാര്യം പരിഗണിക്കാനാകൂ. മൂന്നുമാസം കഴിഞ്ഞിട്ടും തപാല്‍വകുപ്പിന്റെ അപേക്ഷ ബന്ധപ്പെട്ടവര്‍ പരിഗണിച്ചിട്ടില്ല. തപാല്‍വകുപ്പിന് ബാങ്കിങ് ലൈസന്‍സ് നല്‍കുന്നത് കേന്ദ്രസര്‍ക്കാരുമായി ആലോചിച്ചശേഷം തീരുമാനിക്കുമെന്നാണ് റിസര്‍വ്ബാങ്ക് അറിയിച്ചത്. രാജ്യത്ത് നാമമാത്രമായിമാത്രം ബാങ്കുകളുടെ സാന്നിധ്യമുള്ള വിദൂരഗ്രാമങ്ങളില്‍ ഉള്‍പ്പെടെ തപാല്‍ഓഫീസുകള്‍ ബാങ്കിങ് സേവനകേന്ദ്രങ്ങളായി മാറുന്നതോടെ ജനതയ്ക്കും സമ്പദ്ഘടനയ്ക്കും അത് വന്‍ നേട്ടമാകും. നിക്ഷേപം, വായ്പ, പണമയക്കല്‍, ഇന്‍ഷുറന്‍സ്, സര്‍ക്കാര്‍ പെന്‍ഷന്‍-സബ്സിഡി വിതരണം എന്നീ സൗകര്യങ്ങളെല്ലാം തപാല്‍ഓഫീസുകളില്‍ ഒരുക്കാനാകും. ലൈസന്‍സ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ തപാല്‍വകുപ്പ് തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. ബാങ്കിങ് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞാല്‍ അഞ്ചുവര്‍ഷത്തിനകം 21,000 കോടിയുടെ ഇടപാടും 300 കോടി ലാഭവുമാണ് പിബിഐ പ്രതീക്ഷിക്കുന്നത്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ നിലപാട് ഇതിന് തടസ്സമാവുകയാണ്.

deshabhimani

No comments:

Post a Comment