Sunday, April 6, 2014

ചീഫ് സെക്രട്ടറിയെ ഒഴിവാക്കണമെന്ന ആവശ്യം ശക്തം

തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ അനാവശ്യമായി കൈകടത്തി വരണാധികാരികളടക്കമുള്ള ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമിച്ച സംസ്ഥാന ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണിനെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും അടക്കമുള്ള നേതാക്കള്‍ ചീഫ് സെക്രട്ടറിയെ നീക്കണമെന്ന് ആവശ്യപ്പെട്ടു. ഇത്തരം ഒരു ഉദ്യോഗസ്ഥന്‍ സംസ്ഥാന ഭരണസംവിധാനത്തിന്റെ സുപ്രധാന സ്ഥാനത്ത് തുടരുന്നത് നീതിനിഷ്ഠവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് മാറ്റാന്‍ ആവശ്യപ്പെടുന്നത്.

ജനപ്രാതിനിധ്യ നിയമത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭരണകക്ഷിക്ക് അനുകൂലമായി ഇടപെടുന്നത് നിയമവിരുദ്ധ പ്രവര്‍ത്തനമാണ്. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ ഉദ്യോഗസ്ഥയോ ആണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ പരമാധികാരി. തെരഞ്ഞെടുപ്പിന്റെ നടത്തിപ്പിന് അനിവാര്യമായും ചെയ്യേണ്ട സഹായങ്ങള്‍ ചെയ്യുകയല്ലാതെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഒരു ഘട്ടത്തിലും ചീഫ് സെക്രട്ടറിയോ വകുപ്പ് തലവന്മാരോ ഇടപെടാന്‍ പാടില്ല. ഭരണത്തിലുള്ള പാര്‍ടി, അധികാരസ്ഥാനത്തെയോ ഉദ്യോഗസ്ഥരെയോ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ താല്‍പ്പര്യസംരക്ഷണത്തിനായി ഉപയോഗിക്കരുത്. ഉദ്യോഗസ്ഥരെ ഭരണകക്ഷിയുടെ താല്‍പ്പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെ നിയമം ശക്തമായ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് അഴിമതിയാണ്.

സംസ്ഥാനത്തെ വിവിധ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ വരണാധികാരികളായ ഐഎഎസ് ഉദ്യോഗസ്ഥരെ വിളിച്ചാണ് ചീഫ് സെക്രട്ടറി യുഡിഎഫിന് അനുകൂലമായി പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം സംഭവം. ഭരണാധികാരികളായ രാഷ്ട്രീയനേതാക്കളുടെ നിര്‍ദേശപ്രകാരമാണ് ചീഫ് സെക്രട്ടറി തരംതാണ പാദസേവ ചെയ്തത്. എന്നാല്‍, തെരഞ്ഞെടുപ്പ് കമീഷന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും താക്കീതുചെയ്യുക മാത്രമാണുണ്ടായത്. ചീഫ് സെക്രട്ടറിയുടെ സഹായമൊന്നും കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞെങ്കിലും യുഡിഎഫ് നേതൃത്വം മൗനം പാലിക്കുകയാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ചീഫ് സെക്രട്ടറി ഇത്തരം നടപടിക്ക് മുതിര്‍ന്നതെന്ന് മനസ്സിലാക്കിയതാണ് കാരണം. എന്നാല്‍, സംസ്ഥാനത്തെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കടുത്ത അസംതൃപ്തിയാണ് സംഭവത്തില്‍ ഉണ്ടായിരിക്കുന്നത്.

deshabhimani

No comments:

Post a Comment