Sunday, April 6, 2014

അടച്ചവ തുറക്കാന്‍ 25 ലക്ഷം ചോദിച്ച് ബാറുടമയായ മന്ത്രി

മരവിപ്പിച്ച ബാര്‍ ലൈസന്‍സ് പുതുക്കാന്‍ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 25 ലക്ഷം രൂപ വീതം മുന്‍കൂര്‍ നല്‍കാന്‍ നിര്‍ദേശം. രണ്ട് ബാറുള്ള ഐ ഗ്രൂപ്പ് മന്ത്രി മുന്‍കൈ എടുത്താണ് ചരട് വലി. ധനമന്ത്രി കെ എം മാണിയുടെ മരുമകന്‍ സേവ്യര്‍ മാത്യുവിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള കോതമംഗലത്തെ ബാര്‍ ലൈസന്‍സ് പുതുക്കി. സേവ്യര്‍ മാത്യുവിന്റെ പൂവാറിലെ അനധികൃത ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് കഴിഞ്ഞ ദിവസം പുതുക്കിയിരുന്നു. ഐ ഗ്രൂപ്പ് മന്ത്രിയുടെ അടുത്ത ബന്ധുക്കളുടെ പേരിലുള്ള രണ്ട് ബാറുകളും തുറക്കാന്‍ രഹസ്യമായി തീരുമാനിച്ചിട്ടുണ്ട്. ഇതിനായി അടൂര്‍, പാമ്പാടി എന്നിവിടങ്ങളിലെ ബാറുകളെ നിലവാരമില്ലാത്തവയുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി.

എക്സൈസ് മന്ത്രിയുടെ അടുത്ത സുഹൃത്തായ കൊച്ചിയിലെ ഒരു വ്യവസായിയും അടച്ച ബാറുകള്‍ തുറക്കാന്‍ രംഗത്തുണ്ട്. 25 ലക്ഷം രൂപ മുന്‍കൂര്‍ നല്‍കുന്നവരുടെ ബാര്‍ ലൈസന്‍സ് പുതുക്കും. തുക മുന്‍കൂറായി നല്‍കുന്നത് സംബന്ധിച്ചാണ് തര്‍ക്കമുള്ളത്. മുഖ്യമന്ത്രിയില്‍ നിന്ന് ഇതുസംബന്ധിച്ച് ഉറപ്പ് ലഭിക്കണമെന്നാണ് ബാര്‍ ഉടമകളുടെ ആവശ്യം. എക്സൈസ് മന്ത്രിയുടെ ബിനാമിയായ തൃപ്പൂണിത്തുറയിലെ ഗ്രൂപ്പിന്റെ ഒമ്പത് ബാറുകളും തുറന്നിട്ടുണ്ട്. എറണാകുളത്ത് എത്തിയാല്‍ ഔദ്യോഗികവാഹനം ഒഴിവാക്കി ഈ ഗ്രൂപ്പിന്റെ കാറിലാണ് പതിവായി മന്ത്രിയുടെ യാത്ര. ധനമന്ത്രി കെ എം മാണിയുടെ അടുത്ത ബന്ധുക്കളുടെ ഉടമസ്ഥതയില്‍ വിവിധ ജില്ലകളില്‍ 24 ബാറുകള്‍ ഉണ്ടെന്നാണ് വിവരം. മാണിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പ്രശ്നം ഇത്രയും വഷളാക്കിയതെന്നാണ് എക്സൈസ് മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചത്.

deshabhimani

No comments:

Post a Comment