മത്സ്യവിപണനത്തിന് ഉപയോഗിക്കുന്ന പെട്ടിഓട്ടോയുടെ നികുതി ഒറ്റയടിക്ക് 700ല്‍നിന്ന് 4400 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. ബൈക്കിന് 360 രൂപയില്‍നിന്ന് 900 രൂപയാക്കി ഉയര്‍ത്തി. മാരുതി കാറിന് അഞ്ചുവര്‍ഷത്തേക്ക് 7000 രൂപയായും ടൂറിസ്റ്റ് കാറിന് 8500 രൂപയായും നികുതി വര്‍ധിപ്പിച്ചു. ഗുഡ്സ് വാഹനങ്ങള്ക്ക്ഒരുവര്ഷത്തേക്ക് 880 രൂപയില്‍നിന്ന് 8400 രൂപയാക്കി. ഏഴ് ശതമാനംമുതല്‍ 15 ശതമാനംവരെ വാഹനത്തിന്റെ വിലയ്ക്കനുസൃതമായി വാര്‍ഷികനികുതി ഒടുക്കണമെന്നാണ് പുതിയ തീരുമാനം.
1500 സിസിയും അതിനുമുകളിലും ക്യുബിക് കപ്പാസിറ്റിയുള്ള മോട്ടോര്‍ ക്യാബുകളെയും ഓള് ഇന്ത്യാ പെര്‍മിറ്റുള്ള മോട്ടോര്‍ ടൂറിസ്റ്റ് ക്യാബുകളെയും ലക്ഷ്വറി ടാക്സ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ഇന്നോവ ഉള്‍പ്പെടെ ഏഴ് സീറ്റുകളുടെ വാഹനങ്ങള്‍ക്ക് 1040 രൂപയില്‍നിന്ന് 12,000 രൂപയായാണ് ഉയര്‍ത്തിയത്. ഏഴില്‍ കൂടുതല്‍ പുഷ്ബാക്ക് സീറ്റുള്ള വാഹനങ്ങള്‍ക്ക് സീറ്റൊന്നിന് 310 രൂപയില്‍നിന്ന് 1000 രൂപയായി ഉയര്‍ത്തി. ഏതെങ്കിലും ഒരു സീറ്റ് പുഷ്ബാക്കാണെങ്കില് ബാക്കിയുള്ളവയെയും പുഷ്ബാക്ക് സീറ്റുകളായി കണക്കാക്കി നികുതി ഈടാക്കുന്ന വിചിത്രരീതിയും ഉത്തരവിലുണ്ട്. കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങളില്‍ ഏതെങ്കിലും സീറ്റ് സ്ലീപ്പര്‍ ബര്ത്താണെങ്കില്പ്പോലും അവയെ സ്ലീപ്പര്‍ ബര്‍ത്തുള്ള വാഹനമായി കണക്കാക്കി അധികനികുതി ഈടാക്കും. 12 സീറ്റുള്ള ട്രാവലറിന് 3720ല്‍നിന്ന് 12,000 രൂപയായും 17 സീറ്റുള്ളതിന് 9010ല്‍നിന്ന് 17,000 രൂപയായും വര്‍ധിപ്പിച്ചു. പ്രത്യേക സ്ലാബ് സമ്പ്രദായവും ഏര്‍പ്പെടുത്തി.
ഗുഡ്സ് വാഹന തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്
കൊച്ചി: ഏപ്രില്‍ ഒന്നുമുതല്‍ വര്‍ധിപ്പിച്ച തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയവും വാഹനികുതിയും പിന്‍വലിക്കണമെന്ന് കേരള സ്റ്റേറ്റ് ഗുഡ്സ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന് (സിഐടിയു) ആവശ്യപ്പെട്ടു. 2011 ഏപ്രിലില്‍ 6290 രൂപയുണ്ടായിരുന്ന ടെമ്പോവാനിന്റെ പ്രീമിയം 16,310 രൂപയും ടോറസ് ലോറിയുടേത് 7098 രൂപയില്‍നിന്ന് 18,700 രൂപയായുമാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. 250 ശതമാനം വര്‍ധനയാണ് മൂന്നുകൊല്ലംകൊണ്ട് ഉണ്ടായത്. സ്വകാര്യവല്‍ക്കരണം ഇന്‍ഷുറന്‍സ്മേഖലയില്‍ നടപ്പാക്കിയതിന്റെ ദുരന്തമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. വാഹനികുതി 200 ശതമാനംമുതല്‍ 300 ശതമാനംവരെയാണ് വര്‍ധിപ്പിച്ചത്. മൂന്നു ടണ്‍വരെയുള്ള ചരക്കുവാഹനങ്ങള്‍, ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷ എന്നിവയുടെ അഞ്ചുവര്‍ഷത്തെ നികുതി മുന്‍കൂറായി ഒന്നിച്ച് അടയ്ക്കണമെന്നും ഉത്തരവിറക്കിയിട്ടുണ്ട്. അടിക്കടിയുള്ള ഇന്ധനവില വര്‍ധനവിനു പുറമെ ഇന്‍ഷുറന്‍സ് പ്രീമിയവും വാഹനികുതിയും ഒരു നിയന്ത്രണവും ഇല്ലാതെ വര്‍ധിപ്പിച്ചത് മോട്ടോര്മേഖലയെ വന്‍ പ്രതിസന്ധിയിലാക്കും. തൊഴിലാളികളുടെ തൊഴിലും വരുമാനവും കുറയാനും നഷ്ടപ്പെടാനും ഇടവരുത്തും. യാത്രാചെലവും ചരക്കുകടത്തുകൂലിയും ഗണ്യമായി വര്‍ധിക്കും, വിലക്കയറ്റം രൂക്ഷമാകും. വ്യവസായവിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ ഈ നയങ്ങള്‍ക്കെതിരെ യോജിച്ച പ്രക്ഷോഭത്തിന് മുഴുവന്‍ തൊഴിലാളികളും വാഹന ഉടമകളും തയ്യാറാകണമെന്ന് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ടി കെ രാജന്, ജനറല്‍ സെക്രട്ടറി എം ഇബ്രാഹിംകുട്ടി എന്നിവര്‍ അഭ്യര്‍ഥിച്ചു.
deshabhimani
No comments:
Post a Comment