Wednesday, April 2, 2014

സ്വതന്ത്രപത്രങ്ങളുടെ മുഖംമൂടി അഴിഞ്ഞുവീഴുന്നു

 യുഡിഎഫ് സ്ഥാനാര്‍ഥിയെക്കുറിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശത്തില്‍ ഒരു വരിപോലും സ്വതന്ത്രപത്രം എന്ന് പറയുന്ന "മാതൃഭൂമി" കൊടുക്കാന്‍ തയ്യാറായില്ല. പാലക്കാട് പ്രസ്ക്ലബ് തിങ്കളാഴ്ച സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ഥിയെക്കുറിച്ച് പിണറായി പരാമര്‍ശിച്ചത്. വീരേന്ദ്രകുമാര്‍ സ്വന്തം ഭുതകാലത്തോടാണ് മത്സരിക്കുന്നതെന്നും മുമ്പ് സ്വീകരിച്ചിരുന്ന നിലപാടാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ശത്രുക്കള്‍ എന്നുമായിരുന്നു പിണറായി പറഞ്ഞത്. വീരേന്ദ്രകുമാറിന്റെ നിലപാട് സംബന്ധിച്ച് കൂടുതല്‍ പറയണോ എന്ന് ചോദിച്ചപ്പോള്‍ വേണം എന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോഴാണ് വിശദീകരണം നല്‍കിയത്. മാതൃഭൂമിയിലെ മുതിര്‍ന്ന മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇക്കാര്യത്തില്‍ മലയാളമനോരമയും പച്ചയായ രാഷ്ട്രീയപക്ഷപാതിത്വമാണ് സ്വീകരിച്ചത്. യുഡിഎഫിനോടുള്ള ഇരുപത്രങ്ങളുടെയും വിധേയത്വം എത്രമാത്രമുണ്ടെന്നതിന്റെറ തെളിവാണ് കണ്ടത്. അവരുടെ സ്വതന്ത്ര മുഖമൂടിയാണ് അവര്‍ തന്നെ വലിച്ചുകീറിയത്. എന്നാല്‍ അവരെത്ര മൂടിവച്ചാലും വീരേന്ദ്രകുമാറിന്റെ പഴയനിലപാടില്‍നിന്നു ജീര്‍ണിച്ച പുതിയനിലപാടിലേക്കുള്ള മാറ്റം മറച്ചുവയ്ക്കാനാവില്ല. പിണറായിവിജയന്‍ ഉന്നയിച്ച ചോദ്യങ്ങളില്‍ നിന്ന് ഒട്ടകപക്ഷിയെപോലെ തല മണ്ണില്‍ പൂഴ്ത്തിവച്ചൊന്നും പാലക്കാടന്‍മണ്ണില്‍നിന്ന് രക്ഷപ്പെടാനാവില്ല. അവ തടുക്കാനാവാത്ത ചോദ്യശരമായി ജനങ്ങളുടെ മുന്നിലുണ്ട്.

പ്രകൃതിയെകുറിച്ചും കര്‍ഷകരെകുറിച്ചും വാതോരാതെ സംസാരിച്ചിരുന്ന വീരേന്ദ്രകുമാര്‍ കര്‍ഷകരെ രാജ്യത്ത് നിന്ന് ഓടിക്കുന്നവരോടൊപ്പമാണ് ഇന്ന്. അദ്ദേഹം എഴുതിയ "ഗാട്ടും കാണാച്ചരടുകളും" എന്ന പുസ്തകത്തില്‍ പറഞ്ഞതൊക്കെ സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനൊപ്പം വീരേന്ദ്രകുമാറും ചേരുന്നു. കര്‍ഷകരുടെയും സാധാരണക്കാരുടെയും ശത്രുപക്ഷത്താണിപ്പോള്‍ വീരന്‍þ പിണറായി പറഞ്ഞു. പ്ലാച്ചിമട കമ്പനിയുടെ ജലചൂഷണത്തിനെതിരെ എല്‍ഡിഎഫ് ഭരണകാലത്ത് സമരം നടത്തിയയാള്‍ എല്‍ഡിഎഫ് വിട്ടശേഷം പ്ലാച്ചിമടയിലെ പാവങ്ങള്‍ക്ക് 216 കോടി രൂപ നഷ്ടപരിഹാരം ലഭിക്കുന്ന പ്ലാച്ചിമട നഷ്ടപരിഹാരട്രിബ്യൂണല്‍ ബില്‍ നിയമമാക്കാന്‍ എന്തുചെയ്തു. കേരള നിയമസഭ പാസാക്കിയ ബില്‍ രാഷ്ട്രപതിയുടെ മുന്നിലെത്തിക്കാന്‍ സര്‍ക്കാരിലോ യുഡിഎഫിലോ സമ്മര്‍ദം ചെലുത്താന്‍ എന്തുകൊണ്ട് തയ്യാറായില്ല. കൊക്കകോള എന്ന ബഹുരാഷ്ട്രകുത്തകയോട് പിന്നീട് സ്വീകരിച്ച നിലപാട് എന്താണ്. ആദിവാസികള്‍ക്ക് അവകാശപ്പെട്ട വയനാട് കൃഷ്ണഗിരിയിലെ 14.45 ഏക്കര്‍ ഭൂമി അവര്‍ക്ക് നല്‍കാതെ ഇത്സംബന്ധിച്ച് കക്ഷിചേരാന്‍ ആദിവാസികളെ വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത് എന്തിനായിരുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും കഴിയുമെങ്കില്‍ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തന്നെ നടപ്പാക്കണമെന്നും വാദിച്ച വീരേന്ദ്രകുമാറിന്റെ നിലപാടില്‍ എന്തെങ്കിലും മാറ്റമുണ്ടോ. പരിസ്ഥിതിലോലപ്രദേശത്ത് സ്ഥിതിചെയ്യുന്ന മലബാര്‍ സിമന്റ്സ് പൂട്ടേണ്ടിവരില്ലേ. റപ്പോര്‍ട്ട് നടപ്പായാല്‍ ദുരിതത്തിലാവുന്ന കുടുംബങ്ങളോട് എന്താണ് പറയാനുള്ളത്.

അദ്ദേഹം നയിക്കുന്ന മാധ്യമസ്ഥാപനത്തിലെ ജീവനക്കാരോട് സോഷ്യലിസ്റ്റ് എന്ന വിശേഷണത്തിന് യോജിക്കാത്ത നിലപാട് എന്തുകൊണ്ടാണ്. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ ഏകസംഘടനയായ കെയുഡബ്ല്യുജെയുടെ ആഹ്വാനപ്രകാരം ശമ്പളവര്‍ധന ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചതിനെല്ലേ ഈ നടപടി. അധികാരം തലയ്ക്ക്പിടിച്ച മുതലാളിയായി തൊഴിലാളിയോട് ഇടപെടുന്നയാള്‍ വിജയിച്ചു വന്നാല്‍ ജനങ്ങളോടുള്ള സമീപനം എന്തായിരിക്കും. മോഡിയെ പ്രധാനമന്ത്രിയായി അവതരിപ്പിക്കാനുള്ള വീരേന്ദ്രകുമാറിന്റെ നീക്കം ബിജപിയെ പ്രീണിപ്പിച്ചു വോട്ട് നേടാനുള്ള ശ്രമമല്ലേ. ഈ ചോദ്യങ്ങളും പരാമര്‍ശങ്ങളുമാണ് സ്വതന്ത്രപത്രങ്ങള്‍ നിഷ്കരുണം നിരാകരിച്ചുകൊണ്ട് സ്വതന്ത്രപത്രമെന്ന സ്വന്തം മുഖത്ത് കരിവാരിതേച്ചത്.

deshabhimani

No comments:

Post a Comment