Wednesday, April 9, 2014

മൂന്നേകാല്‍ ലക്ഷം പേര്‍ക്ക് ശമ്പളം മുടങ്ങി

സംസ്ഥാനത്തെ മൂന്നേകാല്‍ ലക്ഷത്തോളം ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഇനിയും ശമ്പളം ലഭിച്ചില്ല. രണ്ടു ലക്ഷത്തോളം പേര്‍ക്ക് പെന്‍ഷനും കിട്ടിയില്ല. പണമില്ലാതായതോടെ ചൊവ്വാഴ്ച സംസ്ഥാനത്തെ ട്രഷറികളൊന്നും പ്രവര്‍ത്തിച്ചില്ല. പെന്‍ഷനും ശമ്പളവും വാങ്ങാനെത്തിയ ആയിരങ്ങള്‍ നിരാശരായി മടങ്ങി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരടക്കം ബഹുഭൂരിപക്ഷം ജീവനക്കാര്‍ക്കും ഇനിയും ശമ്പളം ലഭിച്ചിട്ടില്ല. ഈ ആഴ്ചയില്‍ ഇനി ട്രഷറി പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ല. അടുത്ത ആഴ്ച ഏതാണ്ട് പൂര്‍ണമായും അവധിയാണ്. ഓണത്തിനും ക്രിസ്മസിനും പകുതി ശമ്പളം നല്‍കിയതിനുപിന്നാലെ വിഷുവിനും ഈസ്റ്ററിനും ശമ്പളം മുടങ്ങുന്നതും ആദ്യത്തെ സംഭവമാണ്.

ഓണ്‍ലൈന്‍ സംവിധാനം പ്രവര്‍ത്തിക്കുന്നില്ലെന്ന കാരണം പറഞ്ഞാണ് ചൊവ്വാഴ്ച ശമ്പളവും പെന്‍ഷനും മുടക്കിയത്. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ജീവനക്കാര്‍ക്കെല്ലാം തെരഞ്ഞടുപ്പിന്റെ ചുമതല ഉള്ളതിനാല്‍ ട്രഷറി പ്രവര്‍ത്തിക്കില്ല. ബാങ്ക് ജീവനക്കാരില്‍ ബഹുഭൂരിപക്ഷത്തിനും ഈ ദിവസങ്ങളില്‍തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ട്. ശനിയാഴ്ച ബാങ്ക് ഉണ്ടെങ്കിലും ട്രഷറിക്ക് അവധിയാണ്. അടുത്ത ആഴ്ചയില്‍ ബുധനാഴ്ചയും ശനിയാഴ്ചയും മാത്രമാണ് പ്രവൃത്തിദിനം. ഈ ദിവസങ്ങളിലും ട്രഷറി പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ല. ഇനി ശമ്പളവും പെന്‍ഷനും ലഭിക്കണമെങ്കില്‍ 21 വരെ കാത്തിരിക്കേണ്ടിവരും.

ട്രഷറിക്കു പുറമെ ചൊവ്വാഴ്ച ബാങ്കുകളിലെ സര്‍ക്കാര്‍ ഇടപാട് വിഭാഗവും പ്രവര്‍ത്തിച്ചില്ല. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ജീവനക്കാര്‍ അവധിയിലാണെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ഓണ്‍ലൈന്‍ സംവിധാനത്തിന്റെ തകരാറുപറഞ്ഞ് ട്രഷറിയില്‍ എത്തിയവരെയെല്ലാം മടക്കി. എന്നാല്‍, വൈകിട്ടോടെ തകരാറ് പരിഹരിച്ചുവെന്ന് ട്രഷറി വകുപ്പ് അവകാശപ്പെട്ടു. ഓണ്‍ലൈനില്‍ അല്ലാതെ ബില്‍ സമര്‍പ്പിക്കുന്ന ജില്ലകളിലും ഒട്ടേറെ പേര്‍ക്ക് ശമ്പളം നല്‍കിയില്ല. ബാങ്കില്‍നിന്ന് പണം ലഭിച്ചില്ലെന്നായിരുന്നു ട്രഷറി അധികൃതരുടെ മറുപടി. ശമ്പളത്തിനും പെന്‍ഷനും തടസ്സമില്ലെന്നും പിഎഫ് വായ്പയും ലീവ് സറണ്ടറും ചികിത്സാ സഹായവും യാത്രപ്പടിയുമടക്കമുള്ള ആനുകൂല്യങ്ങള്‍ പത്തു മുതല്‍ വിതരണംചെയ്യുമെന്നും ധനമന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ 10നകം ശമ്പളവും പെന്‍ഷനും ലഭിക്കാത്ത സ്ഥിതിയായി.

സാമ്പത്തിക പ്രതിസന്ധി ഓഫീസ് പ്രവര്‍ത്തനത്തെയും താറുമാറാക്കും. ബഹുഭൂരിപക്ഷം ഓഫീസുകളുടെയും വൈദ്യുതി ചാര്‍ജ്, ടെലിഫോണ്‍ ബില്‍, വെള്ളക്കരം തുടങ്ങിയവ അടച്ചിട്ടില്ല. എല്ലാം വര്‍ഷവും ഏപ്രില്‍ അഞ്ചിനകം ശമ്പളവും പെന്‍ഷനും പൂര്‍ണമായും വിതരണംചെയ്തിരുന്നു. ആദ്യ ദിനത്തില്‍ റവന്യൂ, വാണിജ്യ നികുതി, ട്രഷറി തുടങ്ങി വരുമാനദായക വകുപ്പുകള്‍ക്കും രണ്ടാം ദിനത്തില്‍ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി സേവന മേഖലയിലെ വകുപ്പുകള്‍ക്കും, മൂന്നാം ദിനത്തില്‍ കൃഷി, മൃഗസംരക്ഷണം, സഹകരണം തുടങ്ങിയ മറ്റു വകുപ്പുകള്‍ക്കുമാണ് ശമ്പളവിതരണം. ഓണം, ക്രിസ്മസ് തുടങ്ങി ശമ്പളം നേരത്തെ നല്‍കുന്ന അവസരത്തില്‍മാത്രമാണ് ഈ ക്രമം തെറ്റിയത്. ഇത്തവണ പതിവ് ക്രമീകരണങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടു. ബുധനാഴ്ച കേരളത്തിന്റെ 1000 കോടി രൂപയുടെ കടപ്പത്രം റിസര്‍വ് ബാങ്ക് ലേലം ചെയ്യും. ഈ തുകയിലാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ പ്രതീക്ഷ.

ജി രാജേഷ്കുമാര്‍

സോഫ്റ്റ്വെയര്‍ മനഃപൂര്‍വം കേടാക്കി: ഐസക്

ആലപ്പുഴ: ട്രഷറിയില്‍ ശമ്പളം നല്‍കാന്‍ പണമില്ലാത്തതിനാല്‍ സ്പാര്‍ക്ക് സോഫ്റ്റ്വെയര്‍ മനഃപൂര്‍വം കേടാക്കുകയായിരുന്നുവെന്ന് മുന്‍ ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. ബാങ്കുകളിലെ പണമിടപാട് സമയം കഴിഞ്ഞാണ് സംവിധാനം ശരിയായതായി അറിയിച്ചത്. കടം വാങ്ങാന്‍ അനുവദിച്ച 1000 കോടി 12-ാം തീയതിയോടെ മാത്രമേ ഖജനാവില്‍ എത്തൂ. തെരഞ്ഞെടുപ്പായതിനാല്‍ അടുത്ത രണ്ടുദിവസം ഇടപാടുകള്‍ നടക്കില്ല. അധ്യാപകരുടെ ബില്ലുകള്‍ മുഴുവന്‍ പാസാക്കാന്‍ ഖജനാവില്‍ പണം ഉണ്ടായിരുന്നില്ലെന്ന് അറിയുന്നു. ഇത് മുന്നില്‍ക്കണ്ട് സ്പാര്‍ക്ക് മന:പൂര്‍വം കേടാക്കുകയായിരുന്നുവെന്നും തോമസ് ഐസക് പറഞ്ഞു.

deshabhimani

No comments:

Post a Comment