Wednesday, April 9, 2014

തുറന്നുപറഞ്ഞാല്‍ കോണ്‍ഗ്രസിന് ബുദ്ധിമുട്ടാകും: പത്മജ

തൃശൂര്‍: മുഖ്യമന്ത്രിയായിരിക്കെ കെ കരുണാകരന്‍ രാജിവച്ചത് ചാരക്കേസിനെ തുടര്‍ന്ന് തന്നെയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍ പറഞ്ഞു. കരുണാകരന്റെ രാജി ചാരക്കേസുമായി ബന്ധപ്പെട്ടല്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയോട് തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു പത്മജ.

ഉമ്മന്‍ചാണ്ടി അങ്ങിനെ പറഞ്ഞത് എന്ത് മനസില്‍ വച്ചാണെന്ന് അറിയില്ല. കരുണാകരനെ എല്ലാവരും ചേര്‍ന്നാണ് ആക്രമിച്ചത്. ചാരക്കേസിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസിലെ ആഭ്യന്തര വഴക്കുകള്‍ ശക്തമായത്. ഇതാണ് കരുണാകരന്റെ രാജിക്ക് ഇടയാക്കിയത്. അല്ലെന്ന് ഞാന്‍ പറഞ്ഞാല്‍ അത് കള്ളമാകും. ആ രാജിയുമായി ബന്ധപ്പെട്ട് വ്യക്തിപരമായി വേദനയുണ്ട്. അതു മുഴുവന്‍ പറയണമെങ്കില്‍ ഒരു പുസ്തകമെഴുതണം. തെരഞ്ഞെടുപ്പ് സമയമായതിനാല്‍ മറ്റൊന്നും പറയുന്നില്ല. വേദനകള്‍ തുറന്നു പറഞ്ഞാല്‍ കോണ്‍ഗ്രസിനു തന്നെ ബുദ്ധിമുട്ടാകുമെന്നും പത്മജ പറഞ്ഞു. ഇപ്പോള്‍ കോടതി പരാമര്‍ശത്തിന്റെ പേരില്‍ രാജിവയ്ക്കണോ എന്നത് മുഖ്യമന്ത്രി വ്യക്തിപരമായി തീരുമാനിക്കേണ്ടതാണ്. കാലങ്ങള്‍ മാറുമ്പോള്‍ ചിലപ്പോള്‍ തീരുമാനങ്ങളും മാറിയേക്കാം. കരുണാകരന്റെ രാജിയാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി പണ്ട് പറഞ്ഞ കാര്യങ്ങളെക്കുറിച്ച് തെരഞ്ഞെടുപ്പ് സമയത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല. മകളെന്ന നിലയില്‍ വിഷമമുണ്ട്. ധനപാലനെ ഐ വിഭാഗം കാലുവാരും എന്ന സംശയത്താലല്ല, കരുണാകരന് നഗരവുമായുള്ള അടുത്തബന്ധം പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നതിനാലാണ് തനിക്ക് തൃശൂരിന്റെ പ്രചാരണച്ചുമതല നല്‍കിയതെന്നും പത്മജ പറഞ്ഞു.

deshabhimani

No comments:

Post a Comment