Friday, April 4, 2014

കുറുപ്പിന്റെ വെളിപ്പെടുത്തല്‍ കച്ചവടരാഷ്ട്രീയം തുറന്നുകാട്ടി: ബേബി

കൊല്ലം: ആര്‍എസ്പി എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേക്കേറുന്ന വിവരം നേരത്തെ തീരുമാനിച്ചതാണെന്ന കോണ്‍ഗ്രസ് നേതാവ് എന്‍ പീതാംബരക്കുറുപ്പിന്റെ വെളിപ്പെടുത്തല്‍ കച്ചവട രാഷ്ട്രീയം തുറന്നുകാട്ടുന്നതാണെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ എം എ ബേബി. പ്രേമചന്ദ്രനെതിരായ കോണ്‍ഗ്രസ് വികാരമാണ് കുറുപ്പ് തുറന്നടിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കസേര ഉറപ്പാക്കാന്‍ ഐ ഗ്രൂപ്പിന്റെ സീറ്റ് ബലികൊടുത്തിരിക്കുകയാണ്. ആര്‍എസ്പിയുടെ വഞ്ചനയ്ക്ക് ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ മറുപടി പറയുമെന്നും ബേബി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തന്റെ പ്രസംഗം തെറ്റായ രീതിയില്‍ ചിലര്‍ ഉപയോഗിക്കുകയായിരുന്നെന്നും ആര്‍എസ് പി യുഡിഎഫിലേക്ക് വന്ന സാഹചര്യത്തെക്കുറിച്ച് താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും പീതാംബരക്കുറുപ്പ് പറഞ്ഞു. കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഴവന്‍ ശ്രമിക്കുമെന്ന് പറഞ്ഞ കുറുപ്പ് മറ്റ് ചോദ്യങ്ങളോട് പ്രതികരിക്കാതെ മടങ്ങി. പ്രസംഗം വിവാദമായ സാഹചര്യത്തില്‍ കെപിസിസി പ്രസിഡന്റ് ഇന്തിരാഭവനിലേക്ക് കുറുപ്പിനെ വിളിപ്പിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞദിവസം പീതാംബരക്കുറുപ്പ് നടത്തിയ വെളിപ്പെടുത്തലോടെ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ആര്‍എസ്പി എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് പോയത് ഗൂഢാലോചനയുടെ ഭാഗമായാണെന്ന് തെളിഞ്ഞു. എല്‍ഡിഎഫ് സീറ്റ് നിഷേധിച്ചു വഞ്ചിച്ചതാണ് മുന്നണിവിടാന്‍ കാരണമെന്ന ആര്‍എസ്പിയുടെ വാദം പച്ചക്കള്ളമാണെന്നും വ്യക്തമായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്ത യുഡിഎഫ് തെരഞ്ഞെടുപ്പു യോഗത്തിലായിരുന്നു കുറുപ്പിന്റെ വെളിപ്പെടുത്തല്‍. കുറുപ്പിന്റെ ആമുഖ പ്രസംഗത്തിനുശേഷമാണ് മുഖ്യമന്ത്രി എത്തിയത്.

ആര്‍എസ്പി എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചതിന്റെ മൂന്നാഴ്ച മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും തന്നോട് ചര്‍ച്ച നടത്തിയിരുന്നുവെന്ന് പീതാംബരക്കുറുപ്പ് പറഞ്ഞു. കൊല്ലം സീറ്റ് എല്‍ഡിഎഫില്‍നിന്നു വരുന്ന ഒരു കക്ഷിക്ക് നല്‍കേണ്ടിവരുമെന്നാണ് സൂചിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ രഹസ്യചര്‍ച്ചകളും നടന്നിരുന്നു. താന്‍ കൊല്ലത്തായിരിക്കെ ഒരു ദിവസം തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ആഭ്യന്തരമന്ത്രിയും ആമുഖമായി ചില കാര്യങ്ങള്‍ പറഞ്ഞപ്പോള്‍തന്നെ തനിക്ക് കുഴപ്പം തോന്നിയിരുന്നു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ മൂന്ന് എംഎല്‍എമാര്‍ യുഡിഎഫ് വിടാന്‍ സാധ്യതയുണ്ടെന്നും ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ആവശ്യമുണ്ടെന്നുമാണ് അവര്‍ പറഞ്ഞത്. അപ്പോള്‍ സര്‍ക്കാരിന് ആര്‍എസ്പിയുടെ രണ്ട് എംഎല്‍എമാരെ കിട്ടുന്നത് നിസ്സാര കാര്യമല്ല. ഒമ്പതു വയസ്സുമുതല്‍ കോണ്‍ഗ്രസിനുവേണ്ടി പ്രസംഗിച്ചുനടന്ന എളിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ താന്‍ അവരുടെ നിര്‍ദേശം അംഗീകരിക്കുകയായിരുന്നുവെന്നും പീതാംബരക്കുറുപ്പ് പറഞ്ഞു. മന്ത്രി ഷിബു ബേബിജോണും യോഗത്തില്‍ പങ്കെടുത്തിരുന്നു.

deshabhimani

No comments:

Post a Comment