Sunday, April 13, 2014

കരീമിനൊപ്പം ഉല്ലാസയാത്ര നടത്തിയില്ല: ജ. ഹാറൂണ്‍

കൊച്ചി: മുന്‍മന്ത്രി എളമരം കരീമിനൊപ്പം തേക്കടിയില്‍ ഉല്ലാസയാത്ര നടത്തിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹതമാണെന്ന് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന്റെ ഓഫീസ്. തേക്കടിയില്‍ കെടിഡിസിയുടെ "ലേക്ക് പാലസ്" ഹോട്ടലില്‍ 2008ല്‍ കുടുംബസമേതം താമസിച്ചിരുന്നു. അന്ന് മന്ത്രിയായിരുന്ന എളമരവും കുടുംബവും ഇതേ ഹോട്ടലില്‍ താമസിച്ചിരുന്നു. ഹോട്ടലില്‍നിന്ന് ജലമാര്‍ഗമെ കരയ്ക്കെത്താനാവൂ. മടക്കയാത്രയില്‍ കെടിഡിസി അധികൃതര്‍ ഏര്‍പ്പെടുത്തിയ ബോട്ടിലാണ് തേക്കടി ലാന്‍ഡിങ് സ്പേസില്‍ തിരിച്ചെത്തിയത്. മന്ത്രിക്കും തനിക്കും ഒരു ബോട്ടാണ് ഏര്‍പ്പെടുത്തിയിരുന്നത്. സത്യാവസ്ഥ ഇതായിരിക്കെ മന്ത്രിക്കൊപ്പം ഉല്ലാസയാത്ര നടത്തിയെന്ന മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ജഡ്ജിയുടെ ഓഫീസ് വ്യക്തമാക്കി.

അനുകൂല വിധിയില്ലെങ്കില്‍ ജഡ്ജിയെ ആക്ഷേപിക്കുന്നത് ആപല്‍ക്കരം: അഭിഭാഷകര്‍

കൊച്ചി: ഇഷ്ടപ്പെടാത്ത കോടതിവിധികളെ വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ ചോദ്യംചെയ്യാതെ ന്യായാധിപനെ വ്യക്തിപരമായി ആക്ഷേപിക്കുന്ന പ്രവണത ആപല്‍ക്കരമാണെന്ന് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. നീതിനിര്‍വഹണ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്ന ഇത്തരം പ്രവണതയെ ജനാധിപത്യ വിശ്വാസികള്‍ ഒരുമിച്ച് എതിര്‍ക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം വെള്ളിയാഴ്ച അസോസിയേഷന്റെ പൊതുയോഗം പാസാക്കി. നീതിനിര്‍വഹണ സ്ഥാപനങ്ങള സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തി വിധിന്യായം പുറപ്പെടുവിച്ച ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിനെതിരായ മാധ്യമ വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് അഭിഭാഷക അസോസിയേഷന്‍ അടിയന്തര യോഗം ചേര്‍ന്നത്. അസോസിയേഷന്‍ പ്രസിഡന്റ് ഷാജി പി ചാലി അധ്യക്ഷനായി.

deshabhimani

No comments:

Post a Comment