Saturday, April 5, 2014

അപ്പന്‍ തമ്പുരാന്റെ മിശ്രണം; ബാബു പോളിന്റെ "പാക്കിങ് "

പാലായിലെ ഉഗ്രപ്രതാപിയായ അപ്പന്‍തമ്പുരാനെ "പാറവക്കീല്‍" എന്നു വിളിച്ച് കളിയാക്കിയവരുണ്ട്. എന്നാല്‍ അദ്ദേഹത്തിന് "ചീഫ് മിനിസ്റ്റര്‍ മെറ്റീരിയല്‍" ഉണ്ടെന്നു കണ്ടുപിടിച്ചിട്ടുണ്ട് മലയാള മനോരമ മുന്‍ മുഖ്യപത്രാധിപര്‍ കെ എം മാത്യു. കേരളകോണ്‍ഗ്രസ് ജന്മംകൊണ്ട തിരുനക്കര മൈതാനത്തു വച്ചായിരുന്നു പാലായിലെ"സാറി"നെക്കുറിച്ചുള്ള മാത്തുക്കുട്ടിച്ചായന്റെ പ്രഖ്യാപനം. എന്നാല്‍ ഒരു സഹൃദയന്‍ പറഞ്ഞത് അപ്പന്‍ തമ്പുരാന്‍ രാഷ്ട്രീയത്തില്‍ വരുമ്പോള്‍ "വെറും പി സി ജോര്‍ജ്" മാത്രമായിരുന്നെന്നും അദ്ദേഹം ആദ്യം നിയമസഭയില്‍ എത്തുമ്പോള്‍ നല്ല വക്കീലോ ധനതത്വ വിദഗ്ധനോ ഒന്നുമായിരുന്നില്ല എന്നുമാണ്. കൈ നയാതെ മീന്‍ പിടിക്കുന്നയാളാണ് അപ്പന്‍ തമ്പുരാന്‍. എവിടെയും വളയമില്ലാതെ ചാടും. അവിടെ നിന്ന് ഇന്നു കാണുന്ന "സാറി"ലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച ഡോ. ഡി ബാബുപോളിനെപ്പോലുള്ള ഐ എ എസ് ഉദ്യോഗസ്ഥരുടെ മിടുക്കുകൊണ്ടായിരുന്നത്രെ.

ഇതു സൂചിപ്പിച്ചതിന്റെ കാരണം മികച്ച അഞ്ച് എം പി മാരെ കണ്ടുപിടിക്കാന്‍ മനോരമ ന്യൂസ് ചാനല്‍ ഒരു പരിപാടി സംപ്രേഷണം ചെയ്തിരുന്നു. അപ്പന്‍ തമ്പുരാന്റെ പുത്രന് എന്തെങ്കിലും "മെറ്റീരിയല്‍" ഉള്ളതായി അതില്‍ ഇതുവരെ വെളിപ്പെടുത്തപ്പെട്ടില്ല. എന്നാല്‍ മികച്ച എം പിമാരെ കണ്ടുപിടിക്കാനുള്ള പാനലിലെ പ്രമുഖനായ ഡോ. ഡി ബാബു പോള്‍ മാര്‍ച്ച് 19ന് ഒരു പത്രത്തില്‍ എഴുതിയ ലേഖനത്തിലൂടെ ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞു. ഏറ്റവും മോശമെന്ന് താന്‍ വിലയിരുത്തിയത് ഇ അഹമ്മദ് എംപിയെയും കോട്ടയം എം പിയെയും ആയിരുന്നു വെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. തനിക്കുകിട്ടിയ പാരാമീറ്ററുകള്‍ ഹാജര്‍, പാര്‍ലമെണ്ടില്‍ ചോദിച്ച ചോദ്യങ്ങളുടെ എണ്ണം, എം പി ഫണ്ട്, മണ്ഡലം മറന്നു തുടങ്ങിയവ ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അപ്പന്‍ തമ്പുരാനെ "സാറാ"ക്കിയ ബാബുപോള്‍ പുത്രനെപ്പറ്റി പറയുമ്പോള്‍ അതിന് വിശ്വാസ്യത കൂടും.

പക്ഷെ ചാനലിന് ഒരു കാര്യത്തില്‍ തെറ്റുപറ്റിപ്പോയി. മണ്ഡലത്തില്‍ മൊത്തം വെച്ചിട്ടുള്ള ഫ്ളെക്സ് ബോര്‍ഡുകളുടെ എണ്ണം കൂടി പാരാമീറ്ററില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു. എംപിയെന്ന നിലയില്‍ പുത്രന്‍ തമ്പുരാന്‍ പരാജയത്തിന്റെ പടുകുഴിയിലാണെന്ന സ്വന്തം ചാനലിന്റെ കണ്ടുപിടുത്തമൊന്നും പക്ഷെ പത്രമുത്തശ്ശി പുറത്തു പറയാന്‍ ഇഷ്ടപ്പെടുന്നില്ല.

1965 മെയ് 29ന് ജനിച്ച പുത്രന്‍ തമ്പുരാന്റെ "ചെറുപ്പ"ത്തില്‍ മതിമറന്നു നില്‍ക്കുകയാണ മുത്തശ്ശി ഈ പ്രായത്തിലും. പുത്രന്റെ "വികസന ഇമേജി"നെപ്പറ്റി പത്രം ഊന്നിപ്പറയുന്നുമുണ്ട്. പുത്രന്‍ രാഷ്ട്രീയത്തിലെ "അടവും അഭ്യാസ"വും പയറ്റിത്തെളിഞ്ഞയാളാണെന്നു സമ്മതിക്കുന്നുണ്ട് പത്രം. അത് പഠിച്ചത് അപ്പന്‍ തമ്പുരാനില്‍നിന്നാണെന്ന് വ്യക്തമാക്കുന്നുമുണ്ട്. പിതാവിന്റെ വിശ്വാസത്തിനൊത്തു വളര്‍ന്ന മകന്‍. അത് മാലോകര്‍ക്കെല്ലാം അറിയാവുന്ന സത്യം. കാരണം റബ്ബറിെന്‍റ വില 243.50രൂപയില്‍ നിന്ന് 140ലേക്ക് കൂപ്പുകുത്തുമ്പോഴും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മൂലം ജനങ്ങള്‍ക്ക് കിടപ്പാടം പോലും നഷ്ടപ്പെടുമ്പോഴും ഒന്നും ചെയ്യാതെ ചാഞ്ഞും ചെരിഞ്ഞും നില്‍ക്കാനുള്ള മെയ്വഴക്കവും അടവും അഭ്യാസവുമൊക്കെ സ്വന്തം അപ്പനില്‍നിന്നല്ലാതെ ഏതെങ്കിലും സര്‍വകലാശാല തേടിപ്പോയി പഠിക്കേണ്ട ഗതികേട് മകനുണ്ടായിട്ടില്ല. സ്വന്തം കാര്യലാഭത്തിനുവേണ്ടി നിലപാടുമാറ്റാന്‍ ഒരു ഉളുപ്പുമില്ല "ഖദര്‍ ജൂബയിലിരുന്നു ഒന്നാന്തരം രാഷ്ട്രീയം കേരളത്തിനു കാണിച്ചുതന്" അപ്പന്‍ തമ്പുരാന്. 1980ലെ എല്‍ഡിഎഫ് മന്ത്രിസഭ മറിച്ചിടാന്‍ ആന്‍റണിയുമായി കൈകോര്‍ത്ത മാണിയെ അന്ന് മുഖ്യമന്ത്രിയായിരുന്ന നായനാര്‍ ഉപമിച്ചത് മുപ്പതു വെള്ളിക്കാശിനുവേണ്ടി യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിനോടായിരുന്നു. മകനെ മന്ത്രിയാക്കുകയെന്ന പൊതു മിനിമം പരിപാടിയേ അദ്ദേഹത്തിനുള്ളൂ. അതിനു മലയോര ജനത തടസമാണെങ്കില്‍ അവരോടുപോയി തുലയാന്‍ പറയും

Leny Joseph, Deshabhimani

No comments:

Post a Comment