Saturday, April 5, 2014

ആന്റോ ആന്റണി കള്ളം പ്രചരിപ്പിക്കുന്നു: എല്‍ഡിഎഫ്

സുസ്ഥിര വികസനത്തിന്റെ അഞ്ചുവര്‍ഷങ്ങള്‍ എന്ന പേരില്‍ കൈപ്പുസ്തകം പ്രസിദ്ധീകരിച്ച് ആന്റോ ആന്റണി എംപി മണ്ഡലത്തില്‍ കള്ളപ്രചാരണം നടത്തുകയാണെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ അലക്സ് കണ്ണമല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. തന്റെ പ്രവര്‍ത്തന ഫലമായി കേന്ദ്രഫണ്ട് ഉപയോഗച്ച് 686 കോടി രൂപയുടെ വികസനങ്ങള്‍ നടന്നതായി എംപി അവകാശപ്പെടുമ്പോള്‍ അതില്‍ 220.03 കോടി തൊഴിലുറപ്പുപദ്ധതിക്കാണ്. തൊഴിലുറപ്പു പദ്ധതിയുടെ നടത്തിപ്പിന് പത്തനംതിട്ടയില്‍ ഒരു എംപിയുടെ ആവശ്യം ഇല്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മതി. 76.5 കോടി രൂപ പ്രധാനമന്ത്രിയുടെ ഗ്രാമീണ സഡ്കയോജന പദ്ധതിക്ക് എംപിയുടെ ഗ്രമഫലമായി പണം അനുവദിച്ചെന്ന് പറഞ്ഞു നടക്കുന്നത് അല്‍പത്തമാണ്. എംപിയും പ്രദേശത്തുള്ള എംഎല്‍എയ്ക്കും തദ്ദേശ സ്ഥാപനങ്ങള്‍ സഡ്കയോജനയ്ക്ക് നിര്‍ദ്ദേശിച്ച റോഡുകള്‍ അഭിപ്രായങ്ങള്‍ നിര്‍ദ്ദേശിക്കാനുള്ള അവകാശം മാത്രമേയുള്ളു. മനിസ്ട്രി ഓഫ് റൂറല്‍ ഡെവലപ്മെന്റ് 1985ല്‍ ജവഹര്‍ റോഡ്ഗാര്‍ യോജനയുടെ ഭാഗമായി ആരംഭിച്ച് 1996 മുതല്‍ സ്വതന്ത്ര പദ്ധതിയായി നടപ്പിലാക്കി വരുന്നതാണ് ഇന്ദിരാ ആവാസ് യോജനാ അഥവ ഐഎവൈ കേന്ദ്ര വിഹിതമായി ഗുണഭോക്താവിന് 75000മായി രൂപയും കുടാതെ തദ്ദേശസ്ഥാപനങ്ങള്‍ നല്‍കുന്ന 1.25 ലക്ഷം രൂപയും ചേര്‍ത്ത് രണ്ട് ലക്ഷം രൂപ നല്‍കുന്നപദ്ധതിയും എംപി ഏറ്റെടുത്തു. മൂന്ന് ദശാബ്ദമായി തദ്ദേശസ്ഥാപനങ്ങള്‍ നടത്തുന്ന പദ്ധതികള്‍ അല്ലാതെ സ്വന്തം നിലയില്‍ നടത്തിയ പദ്ധതികള്‍ എംപി വിശദീകരിക്കണം. ഇത്തരം വികസനമാണ് എംപി നടത്തുന്നതെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയ തുകയും എംപിയുടെ വികസനമായി ഉള്‍പ്പെടുത്തേണ്ടതായിവരും.

കേന്ദ്ര ഫണ്ടില്‍നിന്ന് അനുവദിച്ചതായി പറയുന്ന പൂഞ്ഞാര്‍-എരുമേലി-മുണ്ടക്കയം റോഡ്, കാഞ്ഞിരപ്പള്ളി-എലിക്കുളം റോഡ്, മല്ലപ്പള്ളി-ചെറുകോല്‍പ്പുഴ-കോഴഞ്ചേരി റോഡ്, മണിമല-വെണ്ണിക്കുളം റോഡും ഇലക്ഷന്‍ പ്രഖ്യാപിച്ചതിന് ശേഷം ഫ്്ളക്സ് ബോര്‍ഡുകളിലൂടെയുള്ള എംപി വക വികസനമാണ്. പത്തനംതിട്ടയില്‍ ഉണ്ടായിരുന്ന പാസ്പോര്‍ട്ട് സെല്‍ നിര്‍ത്തലാക്കി. പകരം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള പത്തനംതിട്ടയില്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രം ആരംഭിക്കാന്‍ കഴിഞ്ഞില്ല. ഇലക്ഷനു മുമ്പായി ഫെബ്രുവരി 28ന് ജനങ്ങളുടെ കണ്ണില്‍ മണ്ണിടാന്‍ പാസ്പോര്‍ട്ട് സേവാക്യാമ്പ് മാത്രം നടത്തി. വിദേശകാര്യ മന്ത്രാലയം വിവരാവകാശ നിയമപ്രകാരം പാസ്പോര്‍ട്ട് സേവാകേന്ദ്രം ആരംഭിക്കാന്‍ എന്‍ഐഎസ്ജി ഇപ്പോഴും പഠനം നടത്തുകയാണ് എന്ന മറുപടിയാണ് നല്‍കിയത്. പാസ്പോര്‍ട്ട് സേവാ ക്യാമ്പ് നടത്തിയത് പാസ്പോര്‍ട്ട് സേവാകേന്ദ്രം ആരംഭിക്കാനാണെന്ന തരത്തില്‍ എംപി അസത്യം പ്രചരിപ്പിക്കുന്നു. ഇതു സംബന്ധിച്ച് പാര്‍ലമെന്റില്‍ ഒരു ചോദ്യം പോലും ഉന്നയിക്കാന്‍ ഇതുവരെ എംപി തയാറായില്ല. ജില്ലയിലെ ഏകറെയില്‍വേ സ്റ്റേഷനായ തിരുവല്ലയിലെ വികസനത്തിനായി ഒന്നും ചെയ്തില്ല. ജനശദാബദി ഉള്‍പ്പെടെ 12ട്രെയിനുകള്‍ തിരുവല്ലയില്‍ നിര്‍ത്താത്തതിന്റെ കാരണം എംപി വ്യക്തമാക്കണം.

ആധാര്‍ ജില്ലയില്‍ ലിങ്ക് ചെയ്തതുവഴി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ മാത്രം ജില്ലയിലെ ഉപഭോക്താക്കളുടെ 2.5 കോടി രൂപയാണ് തട്ടിയെടുത്തത്. മറ്റ് എണ്ണക്കമ്പനികള്‍ നേടിയെടുത്ത കോടികള്‍ വേറെ. ആധാര്‍ ലിങ്കുചെയ്ത് ജനവഞ്ചന നടത്തിയ യുപിഎ സര്‍ക്കാരിനുവേണ്ടി ജില്ലയിലെ ഗുണഭോക്താക്കളെ പരീക്ഷണ വസ്തുവാക്കാന്‍ നേതൃത്വം നടത്തിയ എംപിക്ക് എതിരായ ജനവിധി ആയിരിക്കും ഈ തെരഞ്ഞെടുപ്പ്. സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പന്തളം ടൗണ്‍ഷിപ്പ്, തിരുവല്ല ബൈപാസ് എന്നിവ സ്വന്തം പേരിലാക്കാന്‍ നോക്കുന്നു. മാധ്യമങ്ങളിലൂടെ പ്രസ്താവനകള്‍ നടത്തി അതും വികസനമാണെന്ന് പ്രചരിപ്പിക്കുന്ന അല്‍പത്തരാഷ്ട്രീയം എംപി കളിക്കുന്നു. തദ്ദേശ സഥാപനങ്ങളില്‍ 2.36 ലക്ഷം രൂപയ്ക്ക് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചപ്പോള്‍ 10,000 മണിക്കൂര്‍ മെയിന്റനന്‍സ് ഏഗ്രിമെന്റ് ഉണ്ട്. എംപിയുടെ ഹൈമാസ്റ്റിന് 4.5 ലക്ഷം രൂപയും മെയിന്റനന്‍സും ഇല്ല. രണ്ടു ലക്ഷം രൂപ കൂടുതല്‍ ഒരു ഹൈമാസ്റ്റിന് ചെലവാക്കി 38 ഹൈമാസ്റ്റ് വിളക്കുകള്‍ 76 ലക്ഷം രൂപ ദുര്‍വിനിയോഗം ചെയ്തതും എംപി വിശദീകരിക്കണം. കെജിഎസ് ഗ്രൂപ്പിന്റെ പാദസേവകനും ബ്രോക്കറുമായി പ്രവര്‍ത്തിച്ച സമയം എംപി ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഈ ഗതികേട് വരില്ലായിരുന്നു. അസത്യ പുസ്തകം പിന്‍വലിച്ച് എംപി പത്തനംതിട്ട മണ്ഡലത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും കണ്ണമല ആവശ്യപ്പെട്ടു. സുമേഷ് പത്തനംതിട്ടയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment