Wednesday, April 2, 2014

ത്രിപുരയില്‍ ചര്‍ച്ച ഭൂരിപക്ഷത്തെക്കുറിച്ചു മാത്രം

അഗര്‍ത്തല: വടക്കുകിഴക്കന്‍ മേഖലയിലെ ചുവപ്പുകോട്ടയില്‍ മണ്ഡലം രണ്ട്. തെരഞ്ഞെടുപ്പും രണ്ടുഘട്ടം, ത്രിപുര വെസ്റ്റില്‍ ഏപ്രില്‍ ഏഴിനും ഈസ്റ്റില്‍ പന്ത്രണ്ടിനും. സിപിഐ എമ്മിന്റെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും ഉറച്ച കോട്ടയായ ത്രിപുരയില്‍ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കുമ്പോള്‍ ചര്‍ച്ച ജയപരാജയത്തെക്കുറിച്ചല്ല, സിപിഐ എം സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം എത്ര ഉയരും എന്നതിനെക്കുറിച്ചുമാത്രം.

സിപിഐ എം എംപിമാരുടെ പ്രവര്‍ത്തനമികവും സംസ്ഥാനത്തെ ഇടതുപക്ഷ ഭരണത്തിലെ വികസന പദ്ധതികളുമാണ് വിഘടനവാദികളെയും അവരെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിനെയും ഓരോ തെരഞ്ഞെടുപ്പിലും പരാജയപ്പെടുത്താന്‍ ജനങ്ങള്‍ക്ക് പ്രേരകമാവുന്നത്. തുടര്‍ച്ചയായി ഏഴാം തവണ സിപിഐ എമ്മിനെ വിജയിപ്പിക്കാന്‍ ചുവപ്പണിഞ്ഞ് നില്‍ക്കുകയാണ് വെസ്റ്റ് മണ്ഡലം. 1

991ലെ കുപ്രസിദ്ധമായ ബൂത്തുപിടിത്തത്തിലൂടെ കോണ്‍ഗ്രസ് നേതാവ് സന്തോഷ് മോഹന്‍ദേവ് വിജയിച്ചതൊഴിച്ചാല്‍ ഈ മണ്ഡലം ഒരിക്കല്‍പോലും സിപിഐ എമ്മിനെ കൈവിട്ടിട്ടില്ല. 2009ല്‍ പോള്‍ ചെയ്ത വോട്ടിന്റെ 60.14 ശതമാനം നേടിയാണ് സിപിഐ എം സ്ഥാനാര്‍ഥി ഖഗന്‍ദാസ് ഈ സീറ്റ് നിലനിര്‍ത്തിയത്, ഭൂരിപക്ഷം 2,48,549. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തിലെ 30 നിയമസഭാ മണ്ഡലങ്ങളില്‍ 23ലും ഇടതുമുന്നണി വന്‍ വിജയം നേടി.

12,46,019 വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ ഇത്തവണ ജനവിധി തേടുന്നത് പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ ശങ്കര്‍ പ്രസാദ് ദത്ത. ത്രിപുര കേന്ദ്ര സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. അരുണോദയ് സാഹയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രത്തന്‍ ചക്രവര്‍ത്തി ഉള്‍പ്പെടെ ആകെ 13 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്. വിസി ആയിരുന്ന കാലത്തെ സാമ്പത്തിക ക്രമക്കേടുകള്‍കൊണ്ടും അമേരിക്കന്‍ ഉദ്യോഗസ്ഥരുമായുള്ള വഴിവിട്ട ബന്ധംകൊണ്ടും കുപ്രസിദ്ധനാണ് ഡോ. സാഹ.

മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ അടക്കമുള്ള സിപിഐ എം നേതാക്കള്‍ നേരിട്ട് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ത്രിപുര ഈസ്റ്റില്‍ 30 നിയമസഭാ മണ്ഡലങ്ങളിലായി 11,37,127 വോട്ടര്‍മാരാണുള്ളത്. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ബാജുബന്‍ റിയാങ് 1980 മുതല്‍ ഏഴു തവണ തുടര്‍ച്ചയായി ജയിച്ച മണ്ഡലം എംപിഫണ്ട് വിഹിതം ചെലവിടുന്നതില്‍ റെക്കോഡ് നേട്ടമാണ് കൈവരിച്ചത്.

2009ല്‍ മൊത്തം പോള്‍ചെയ്ത വോട്ടിന്റെ 63.47 ശതമാനവും ഇടതുമുന്നണി സ്ഥാനാര്‍ഥി നേടി, ഭൂരിപക്ഷം 2.95 ലക്ഷം. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 27 മണ്ഡലങ്ങളും ഇടതുമുന്നണിക്ക്.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ജിതേന്ദ്ര ചൗധരിയാണ് ഇത്തവണ സ്ഥാനാര്‍ഥി. മുന്‍ മന്ത്രിയും കിസാന്‍സഭാ നേതാവുമായ ചൗധരിയുടെ ഭൂരിപക്ഷം മൂന്നുലക്ഷത്തിനു മുകളിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇടതുമുന്നണി. ഗ്രാമവികസന മന്ത്രിയെന്ന നിലയ്ക്ക് മികച്ച പ്രകടനം കാഴ്ചവച്ച ചൗധരി മണ്ഡലത്തിലെങ്ങും സുപരിചിതന്‍. സചിത്ര ബര്‍മന്‍(കോണ്‍ഗ്രസ്), ഭൃഗുറാം റിയാങ്(തൃണമൂല്‍ കോണ്‍ഗ്രസ്), പരീക്ഷിത് ദേബ് ബര്‍മന്‍(ബിജെപി) എന്നിവരാണ് പ്രധാന എതിരാളികള്‍.

കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പങ്കെടുത്ത മാര്‍ച്ച് 25ന്റെ പൊതുയോഗം പരാജയപ്പെട്ടതോടെ കോണ്‍ഗ്രസിന് രണ്ടാംസ്ഥാനംപോലും ലഭിക്കുക പ്രയാസം. തിങ്കളാഴ്ച നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ഏഴുമണ്ഡലങ്ങളാണ് പോളിങ് ബൂത്തിലെത്തുക. ത്രിപുരവെസ്റ്റിനൊപ്പം അസമിലെ ആറു മണ്ഡലങ്ങള്‍കൂടിയാണ് ഇവ.

രാഹുല്‍ സിന്‍ഹ deshabhimani

No comments:

Post a Comment