Saturday, April 5, 2014

കൂടിക്കാഴ്ച വേണമെങ്കില്‍ സിബിഐ അന്വേഷിക്കട്ടെ: ജ. ഹാരൂണ്‍ അല്‍ റഷീദ്

കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയതിനെപ്പറ്റി ഏതന്വേഷണവും നേരിടാമെന്ന വെല്ലുവിളിയുമായി ഹൈക്കോടതി ജഡ്ജി ജ. ഹാരൂണ്‍ അല്‍ റഷീദ് രംഗത്ത്. ""പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനുമായി നടന്നത് സൗഹൃദ സംഭാഷണമാണ്. ഈ കൂടിക്കാഴ്ചയെക്കുറിച്ച് സിബിഐയ്ക്ക് അന്വേഷിക്കാം. ഏത് തരത്തിലുള്ള അന്വേഷണവുമായും സഹകരിയ്ക്കാന്‍ ഞാന്‍ തയ്യാറാണ്""- അദ്ദേഹം പറഞ്ഞു

ഓരോദിവസവും ജുഡീഷ്യറി കടന്നാക്രമിക്കപ്പെടുകയാണെന്നും വിധി പറയുന്നതിന്റെ പേരില്‍ ന്യായാധിപന്‍മാരെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മീഡിയേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ അഭിഭാഷകര്‍ക്കും നിയമവിദ്യാര്‍ഥികള്‍ക്കുമായി നടത്തിയ പരിശീലനപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സത്യത്തിനും നീതിക്കുവേണ്ടി നിലകൊളുന്ന ഒരാളെന്ന നിലയില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചാല്‍ പൂര്‍ണ്ണമായും സഹകരിക്കും. സ്ഥാനത്തുനിന്ന് മാറി നിന്ന് അന്വേഷണം നേരിടാനും ഇംപീച്ച്മെന്റ് നടപടികള്‍ നേരിടാനും തയ്യാറാണ്. കോടിയേരിയില്‍ നിന്ന് കൈപ്പറിയതായി പറയപ്പെടുന്ന കോടികളെക്കുറിച്ചും അന്വേഷണം നടത്തണം. എന്നാല്‍ നിരപരാധിത്വം ബോധ്യപ്പെട്ടാല്‍ തനിക്കുണ്ടായ മാനഹാനിക്ക് നഷ്ടപരിഹാരം നല്‍കാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.

കുടുംബസമേതം ഡല്‍ഹിയിലെത്തിയപ്പോള്‍ കേരള ഹൗസിലാണ് താമസിച്ചത്. സിപിഐ എമ്മിന്റെ കേന്ദ്രകമ്മിറ്റിയോഗം നടക്കുന്നതിനാല്‍ കോടിയേരിയും മറ്റൊരു മുറിയില്‍ താമസിച്ചിരുന്നു. കോടിയേരി ഉണ്ടെന്നറിഞ്ഞ് പരിചയക്കാരനെന്ന നിലയിലാണ് അദ്ദേഹത്തെ വിളിച്ചത്. തിരക്കായതിനാല്‍ അദ്ദേഹം പിന്നീട് തന്റെ മുറിയില്‍ വന്ന് സംസാരിക്കുകയും മകളുടെ വിവാഹക്കാര്യവും സൂചിപ്പിക്കുകയും ചെയ്തു. സലീംരാജിന്റെ കേസിനെക്കുറിച്ച് ഒരക്ഷരംപോലും സംസാരിച്ചിട്ടില്ല. തനിക്ക് പരിചയമുള്ള മൂന്നോ നാലോ രാഷ്ട്രീയക്കാരില്‍ ഒരാളാണ് കോടിയേരി. അദ്ദേഹത്തെക്കൂടാതെ രമേശ് ചെന്നിത്തല, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ എന്നിവരെ മാത്രമാണ് പരിചയമുള്ളത്.

കളമശ്ശേരി, കടകംപള്ളി ഭൂമിതട്ടിപ്പുകേസുകളില്‍ വിധി വന്നതിനുശേഷം കേരളം മുഴുവന്‍ തനിക്ക് ശത്രുക്കളായി. ചീത്തപറഞ്ഞ് നിരവധി കത്തുകളാണ് ദിവസവും വരുന്നത്. മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ ജഡ്ജിമാരുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയും കോലം കത്തിക്കുകയും ചെയ്തു. ജുഡീഷ്യറിയെ കരിവാരിത്തേക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. താന്‍ ബലിയാടായതായും അദ്ദേഹം പറഞ്ഞു.

deshabhimani

No comments:

Post a Comment